Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഷുറൻസ്- വീട്ടിലെ എന്തിനൊക്കെ പരിരക്ഷ ലഭിക്കും?

home-insurance പലരും വീടുകൾക്ക് ഇൻഷുറൻസ് എടുക്കാത്തത് പ്രളയംമൂലമുണ്ടായ നാശനഷ്ടത്തിന്റെ ആക്കം കൂട്ടി. ഇൻഷുറൻസ് പരിരക്ഷയുള്ള വീട്ടിൽ വെള്ളം കയറിയാൽ അതു വൃത്തിയാക്കാൻ പോലും നഷ്ടപരിഹാരം കിട്ടും. ചെറിയ പ്രീമിയത്തിൽ മികച്ച കവറേജ് നൽകുന്ന വീട് പോളിസികളും ചെറുകിട കടകൾക്കുള്ള പോളിസികളും വിപണിയിൽ ലഭ്യമാണ്.

ഇത്രകാലം സമ്പാദിച്ചതെല്ലാം വെള്ളം കയറി നശിച്ചുപോയപ്പോഴാണ്, വീടിനും ഉപകരണങ്ങൾക്കും ഒരു ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിലെന്ന് നമ്മൾ ആലോചിച്ചത്. വ്യക്തികൾക്ക് ഇൻഷുറൻസ് എടുക്കാറുണ്ടെങ്കിലും വീട് ഇൻഷുർ ചെയ്യുന്നത് ഇപ്പോഴും കേരളത്തിന്റെ ശീലമല്ല. ലോൺ എടുത്ത് വയ്ക്കുന്നതോ വാങ്ങുന്നതോ ആയ വീടുകളാണ് മിക്കവാറും കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉള്ളതിലധികവും. അതും ബാങ്കുകാർ നിർബന്ധിച്ചു ചെയ്യിക്കുന്നതുകൊണ്ട് മാത്രം. പ്രളയം നൽകിയ തിരിച്ചറിവിന്റെ വെളിച്ചത്തിൽ വീടുകളും ചെറുകിട കടകളും ഇനിയും ഇൻഷുർ ചെയ്യാൻ വൈകരുത്. 

എത്ര പഴക്കമുള്ള വീടാണെങ്കിലും ഇപ്പോഴുള്ള അതിന്റെ വിപണിവില അടിസ്ഥാനമാക്കി ഇൻഷുർ ചെയ്യാവുന്നതാണ്.  കെട്ടിടനമ്പർ അല്ലെങ്കിൽ സർവേ നമ്പർ ഉണ്ടാവണമെന്നു മാത്രം. കെട്ടിടത്തിനാണ് ഇൻഷുറൻസ് ലഭിക്കുക, ഭൂമിക്കല്ല. അതുകൊണ്ട് കെട്ടിടത്തിന്റെ വില വേണം കണക്കാക്കാൻ. ഉരുൾപൊട്ടലിലോ മറ്റോ ഭൂമി ഒലിച്ചുപോയാൽ ആ ഭൂമിയിലെ തകരാർ സംഭവിച്ച വീടിനു മാത്രമാണ് പരിരക്ഷയ്ക്ക് അർഹത. ഭൂമി ഇൻഷുർ ചെയ്യാൻ സാധിക്കില്ല എന്നതാണു കാരണം.

10ലക്ഷം രൂപ മതിപ്പുള്ള വീട് ഇൻഷുർ ചെയ്യാൻ പ്രതിവർഷം ഏകദേശം 400– 500 രൂപ മാത്രമാണ് ചെലവ്. തീ, പ്രകൃതി ദുരന്തം അടക്കമുള്ള ഏതു കേടുപാടിനും പൂർണ കവറേജാണ് ഇതിലൂടെ ലഭിക്കുക. വീട് വൃത്തിയാക്കൽ അടക്കം, ചുറ്റുമതിൽ, കിണർ, വയറിങ്ങ്, പ്ലമിങ് എന്നിവയ്ക്ക് പരിരക്ഷ ലഭിക്കും. കൂടുതൽ തുക പ്രീമിയത്തോട് ഒപ്പം നൽകിയാൽ(ആഡ് ഓൺ) ഗൃഹോപകരണങ്ങൾക്കും അണിയുന്ന സ്വർണാഭരണത്തിനും വരെ കവറേജ് സുരക്ഷിതത്വം ലഭിക്കുന്നതാണ്.

മോഷണവും നാശനഷ്ടവും ഉൾപ്പെടെയാണിത്. ആഡ് ഓണുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് 20–25 ശതമാനം വരെ പ്രീമിയത്തിൽ ഇളവും പല കമ്പനികളും നൽകുന്നുണ്ട്. കൂടാതെ 10 വർഷത്തിനുമേലുള്ള ലോങ്ടേം ഇൻഷുറൻസുകൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടും ലഭ്യം. എന്നാൽ കടകൾക്ക് ഒരു വർഷത്തേക്കുള്ള പോളിസി മാത്രമേ ലഭിക്കുകയുള്ളു. കട ഇൻഷുർ ചെയ്യുമ്പോൾ കെട്ടിടത്തിന്റെയും സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങളുടെയും മൂല്യത്തിന് അനുസരിച്ചാണ് പ്രീമിയം തുക കണക്കാക്കുക.  

വീട്ടിലെ എന്തിനൊക്കെ പരിരക്ഷ ലഭിക്കും

destroyed-house

1. കെട്ടിടത്തിന്.

2. ഇലക്ട്രിക്കൽ, പ്ലമിങ്ങ്, ചുറ്റുമതിൽ, കിണർ.

3. ഫർണിച്ചർ, ടിവി, എസി, ഫ്രിജ്, മിക്സി, അവൻ തുടങ്ങിയ ഗൃഹോപകരണങ്ങൾ.

4. വിലപിടിപ്പുള്ള ആഭരണങ്ങൾ, വാച്ചുകൾ. ( ഇവ അണിഞ്ഞ് പുറത്തുപോയി നഷ്ടം വന്നാലും പരിരക്ഷ ലഭിക്കും).

5. കുടുംബനാഥന് അപകട കവറേജ്.

6. ബാഗേജ്.

7. സൈക്കിൾ. (ലക്ഷങ്ങൾ വിലയുള്ള സൈക്കിൾ പലരും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്)

8. വീട്ടിൽ ജോലിക്കു വരുന്നവർക്കുള്ള കവറേജ്. 

9. വീട്ടിലെ പ്രവർത്തികൊണ്ട് പുറത്തു മറ്റൊരാൾക്കു വരുന്ന നഷ്ടത്തിനുള്ള കവറേജ്.

കടയിലെ എന്തിനൊക്കെ പരിരക്ഷ ലഭിക്കും

destroyed-house

1. കെട്ടിടത്തിന്.

2. ഇലക്ട്രിക്കൽ, പ്ലമിങ്ങ്.

3. കടയിലെ സ്റ്റോക്ക്. 

4. ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ, 

5. കടയിലെത്തുന്ന ഉപഭോക്താവിന്.

6. സ്ഥാപന ഉടമയ്ക്ക്.

7. ജീവനക്കാരൻ തട്ടിപ്പു കാണിക്കുന്നതിലൂടെ സംഭവിക്കുന്ന നഷ്ടം.

8. കടയ്ക്കു പുറത്ത്, ബാങ്കിലേക്കോ മറ്റോ കൊണ്ടുപോകുമ്പോൾ നഷ്ടമാകുന്ന പണം. 

9. തൊഴിലാളികൾക്കുണ്ടാകുന്ന അപകടം.

എന്തൊക്കെ ശ്രദ്ധിക്കണം

flood-destroyed-house

∙ ഇൻഷുറൻസ് എടുക്കുമ്പോൾ പ്രപ്പോസൽ ഫോമിൽ കെട്ടിടനമ്പർ/സർവേ നമ്പർ, ലൊക്കേഷൻ എന്നിവ കൃത്യമായി രേഖപ്പെടുത്തുക.

∙ ലോൺ എടുത്തു നിർമിക്കുന്ന വീടുകളുടെ ഇൻഷുറൻസ് ‘ബിൽഡിങ് അണ്ടർ കൺസ്ട്രക്ഷൻ’ ആയിട്ടാകും ഇഷ്യു ചെയ്യുന്നത്. നിർമാണം പൂർത്തിയായാൽ അത് ‘റസിഡൻഷ്യൽ പോളിസി’യാക്കി മാറ്റാൻ മറക്കരുത്.

∙ വാടകക്കെട്ടിടത്തിലാണ് കടകൾ പ്രവർത്തിക്കുന്നതെങ്കിൽ വാടകക്കരാറിൽ ഇൻഷുറൻസ് ബാധ്യത വ്യക്തമാക്കാൻ ഉടമ ശ്രദ്ധിക്കുക. കെട്ടിടത്തിന്റെ ഇൻഷുറൻസ് കെട്ടിട ഉടമ ഉറപ്പാക്കണം. സാധനസാമഗ്രികൾ ഇൻഷുർ ചെയ്യേണ്ട ഉത്തരവാദിത്തം കട നടത്തുന്നയാൾക്കാണ്. 

∙ ഓൾ റിസ്ക് കവറേജ് ഇൻഷുറൻസുകൾക്ക് പ്രീമിയം അൽപം ഉയർന്നതായിരിക്കും. പാക്കേജിൽ സ്വർണത്തിന്റെ കവറേജ് ഉൾപ്പെടുത്താൻ താരതമ്യേന ഉയർന്ന നിരക്കാണ്.