വെള്ളപ്പൊക്കം, ഭൂമി കുലുക്കം, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ മാത്രമല്ല തീപിടിത്തം, ഭവന ഭേദനം എന്നിങ്ങനെ ആപത്തുകൾ സംഭവിക്കുമ്പോഴും വീടിനും വീട്ടിനുള്ളിലുള്ള സാധന സാമഗ്രികൾക്കും പരിരക്ഷ നൽകുന്ന ഭവന ഇൻഷുറൻസ് പോളിസിക്കു പ്രസക്തിയുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാന ആസ്തിയായ ഭവനത്തിനും ജീവിത സൗകര്യങ്ങൾ സുഗമമാക്കുന്ന വീട്ടുസാമഗ്രികൾക്കും സംഭവിക്കാവുന്ന കഷ്ടനഷ്ടങ്ങളിൽ നിന്നു സംരക്ഷണം നൽകുന്ന ഭവന ഇൻഷുറൻസ് പോളിസികളെ സംബന്ധിച്ചു വിശദാംശങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
പരിരക്ഷകൾ എന്തെല്ലാം
ഭവന ഇൻഷുറൻസ് പ്രധാനമായും രണ്ടുരീതിയിലുള്ള പരിരക്ഷകളാണു നൽകുന്നത്. തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം എന്നിങ്ങനെയുള്ള പത്തോളം വിപത്തുകളിൽ നിന്നു കെട്ടിടത്തിനു സംഭവിക്കാവുന്ന കേടുപാടുകൾക്കെതിരെ നഷ്ടപരിഹാരം നൽകുന്നതാണ് അടിസ്ഥാനപരമായി ഭവന ഇൻഷുറൻസ്. കെട്ടിടത്തോടൊപ്പമോ അല്ലാതയോ വീടിനുള്ളിലുള്ള ഉപകരണങ്ങൾക്കും വീട്ടുസാധനങ്ങൾക്കും സംഭവിക്കുന്ന കഷ്ടനഷ്ടങ്ങൾക്കും ഹോം ഇൻഷുറൻസ് പരിഹാരം നൽകും. പ്രകൃതിക്ഷോഭങ്ങളോടൊപ്പം തീപിടിത്തം, ഭവനഭേദനം, മോഷണം എന്നിവ മൂലം ഇലട്രിക്കൽ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, വിലപിടിച്ച ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചർ തുടങ്ങിയവയ്ക്കുണ്ടാകുന്ന നഷ്ടങ്ങളും ഭവന ഇൻഷുറൻസ് ഉണ്ടെങ്കിൽ നഷ്ടപരിഹാരം തേടാം.
സ്വന്തമായോ വാടകയ്‌ക്കോ
സ്വന്തം വീടുകളിൽ താമസിക്കുന്നവർക്ക് എല്ലാ പരിരക്ഷകളും ചേർത്തു സമഗ്ര പോളിസിയായി ഭവന ഇൻഷുറൻസ് എടുക്കാം. വാടക വീടുകളിൽ താമസിക്കുന്നവർ വീട്ടുസാധനങ്ങളും ഉപകരണങ്ങളും മാത്രം ഉൾപ്പെടുത്തിയുള്ള പോളിസികളാണ് എടുക്കേണ്ടത്. വാടകയ്ക്ക് താമസിക്കുന്നവർ വ്യക്തമായ മേൽവിലാസം രേഖപ്പെടുത്താൻ ശ്രദ്ധിക്കുന്നതോടൊപ്പം, വീടു മാറുമ്പോൾ പോളിസിയിൽ മേൽവിലാസം മാറ്റാനായി ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. വീടായാലും ഫ്ലാറ്റായാലും പ്രത്യേക വീടുകളിലോ ഭവന സമുച്ചയങ്ങളിലോ ഫ്ലാറ്റുകളിലോ താമസിക്കുന്നവർക്കെല്ലാം ഭവന ഇൻഷുറൻസ് പ്രയോജനപ്പെടുത്താം.
കെട്ടിട സമുച്ചയങ്ങളിൽ ഒരൊറ്റ ഫ്ലാറ്റിനു മാത്രമായി കെട്ടിടത്തിനുണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് എടുക്കുക പ്രായോഗികമല്ല. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ കെട്ടിട സമുച്ചയം മൊത്തത്തിൽ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ മുഖാന്തരം ഇൻഷുർ ചെയ്യേണ്ടതാണ്.
പ്രത്യേക വീടുകളിലാകുമ്പോൾ സമഗ്ര പോളിസികളാണ് എടുക്കേണ്ടത്. കെട്ടിടങ്ങളുടെ ഗുണമേന്മ ഇല്ല എന്ന കാരണത്താൽ ക്ലെയിം ഉണ്ടാകുമ്പോൾ പരിരക്ഷ നിഷേധിക്കുക, വയറിങ്ങിലുള്ള തകരാറുകൾ കാരണം ഉപകരണങ്ങൾക്കു കേടുപാടുകൾ സംഭവിക്കുമ്പോൾ ക്ലെയിം നിഷേധിക്കുക എന്നിങ്ങനെ പരിരക്ഷ സംബന്ധിച്ച നിബന്ധനകൾ ആദ്യമേ വ്യക്തമാക്കിയ ശേഷം മാത്രം പോളിസികൾ വാങ്ങണം.
പകരം വാങ്ങാൻ
കെട്ടിടത്തിനു കാലപ്പഴക്കം വരുമ്പോൾ വില കുറയുന്ന രീതിയലല്ലാതെ, ഒരു അത്യാഹിതം സംഭവിച്ചാൽ ഇന്നത്തെ നിലയ്ക്കു കെട്ടിടം പുതുതായി പണിയുന്നതിനോ കേടുപാടുകൾ തീർത്തു പുതുക്കുന്നതിനോ ആവശ്യമായി വരുന്ന തുക എത്രയെന്നു കണക്കാക്കി വേണം കെട്ടിടത്തിനു മാത്രമായി എത്ര തുകയുടെ ഇൻഷുറൻസ് എടുക്കണമെന്നു തീരുമാനിക്കേണ്ടത്. കെട്ടിടം പണിതപ്പോൾ ചെലവാക്കിയ നിർമാണത്തുക അടിസ്ഥാനമാക്കി മാത്രം ഇൻഷുറൻസ് പരിരക്ഷ എടുത്താൽ പൂർണ പ്രയോജനം ലഭിക്കില്ല. കെട്ടിടം നിൽക്കുന്ന സ്ഥലത്തിന്റെ വില സം അഷ്വേർഡ് തുകയിൽ പ്രതിഫലിക്കേണ്ടതില്ല. മേശ, കസേര തുടങ്ങിയ വീട്ടുപകരണങ്ങൾ, ഫ്രിജ്, കംപ്യൂട്ടർ, ടിവി തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ നഷ്ടപ്പെട്ടാലും പുതിയവ ഇപ്പോഴത്തെ വിപണി നിരക്കിൽ വാങ്ങി പകരം ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ പരിരക്ഷ തുക നിശ്ചയിച്ച് ഇൻഷുർ ചെയ്യണം. വാഹന ഇൻഷുറൻസിനും മറ്റും, വാങ്ങിയ വിലയിൽ ഡിപ്രീസിയേഷൻ കുറവു ചെയ്തു സംഅഷ്വേർഡ് കണക്കാക്കുന്ന രീതി ഭവന ഇൻഷുറൻസിൽ ഗുണം ചെയ്യില്ല.
ഭവന വായ്പാ ഇൻഷുറൻസ് ഭവന ഇൻഷുറൻസ് അല്ല
ഭവന വായ്പ എടുക്കുമ്പോൾ ഇടപാടുകാരനു വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുന്ന അവസരങ്ങളിൽ വായ്പ തിരിച്ചടയ്ക്കാനുള്ള പരിരക്ഷ നൽകുന്ന ഭവന വായ്പ ഇൻഷുറൻസ് പലപ്പോഴും ഭവന ഇൻഷുറൻസായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അപകടങ്ങളും മാരകരോഗങ്ങളും മൂലം വായ്പ എടുത്തവർക്ക് സംഭവിക്കുന്ന മരണം, അംഗവൈകല്യം തുടങ്ങിയ കാരണങ്ങളാൽ വീടു വയ്ക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കാൻ പറ്റാതെ വരുന്ന സന്ദർഭങ്ങളിൽ വായ്പ തുകയ്ക്കനുസൃതമായ ഇൻഷുറൻസ് പരിരക്ഷ തുക നൽകുന്നവയാണു ഭവന വായ്പാ ഇൻഷുറൻസ്.