വീട് നിർമിക്കുമ്പോൾ അല്ലെങ്കിൽ പുതുക്കിപ്പണിയുമ്പോൾ പല സൗകര്യങ്ങളും നമ്മൾ ഉൾപ്പെടുത്താറുണ്ട്. നിലത്ത് വിലകൂടിയ മിനുസമുള്ള ടൈലുകൾ, കുട്ടികൾക്കായി പ്രത്യേക കിടപ്പുമുറി, കളിസ്ഥലം എന്നിങ്ങനെ പലതും. പലപ്പോഴും വിട്ടുപോകുന്നതോ പിന്നീടാകട്ടെ എന്നു കരുതുന്നതോ ആയ മേഖലയുണ്ട്; പ്രായമായ മാതാപിതാക്കൾക്കുവേണ്ടിയുള്ള ഇടങ്ങൾ. വയോജനങ്ങളെയും അംഗപരിമിതരെയും വീടിന്റെ ഭാഗമായിക്കണ്ട് വീടൊരുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കാം?
പല വിദേശ രാജ്യങ്ങളിലും വീടുകൾ വയോജന സൗഹൃദമായിരിക്കണം എന്നതു നിർബന്ധമാണ്. വയോജനങ്ങൾക്കു ഗുരുതര പരുക്കേൽക്കുകയോ മറ്റോ ചെയ്താൽ ചികിത്സാച്ചെലവ് വലുതും അതു സർക്കാർ വഹിക്കേണ്ടതുമായതിനാൽ അവിടെ നിബന്ധനകളും കൃത്യമായി പാലിക്കേണ്ടിവരും. എന്നാൽ, നമ്മുടെ നാട്ടിൽ ഇപ്പോഴും അത്തരം മാനദണ്ഡങ്ങളൊന്നും പാലിച്ചുവരുന്നില്ല. വയോജനങ്ങൾക്ക് വീടുകളിൽ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ചു പലരും ചിന്തിക്കാറുപോലുമില്ല.
അസുഖംമൂലം പിതാവ് സമീപഭാവിയിൽ വീൽചെയറിലാകും എന്നു മനസ്സിലാക്കിയ മക്കൾ, കോഴിക്കോട്ടു നിർമിക്കുന്ന ഒരു വീട്ടിൽ അതിനനുസരിച്ചുള്ള സൗകര്യങ്ങളും ഒരുക്കി. മുറ്റത്തെ പൂന്തോട്ടത്തിലേക്കു വീൽചെയറിൽ അദ്ദേഹത്തെ കൊണ്ടുപോകാനും കാറിൽ എത്തിച്ച്, തടസ്സങ്ങളില്ലാതെ വീട്ടിലേക്കു പ്രവേശിപ്പിക്കാനും വീട്ടിൽ തുറസ്സായ സ്ഥലങ്ങൾ നൽകാനുമൊക്കെ ശ്രദ്ധിക്കുന്നു.
എന്തെല്ലാം വേണം ?
പ്രായമായ മാതാപിതാക്കൾ താമസിക്കുന്ന വീടാണെങ്കിൽ പടികൾ മുതൽ ശ്രദ്ധിക്കണം. പലരും സുരക്ഷാ അലാം പോലുള്ള കാര്യങ്ങൾ സ്ഥാപിക്കാറുണ്ടെങ്കിലും മറ്റു കാര്യങ്ങളിലേക്ക് അത്ര ശ്രദ്ധിക്കാറില്ല. നിർമാണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ ഇത്തരം കാര്യങ്ങൾകൂടി പ്ലാനിൽ ഉൾപ്പെടുത്തണം. ഓരോരുത്തരുടെയും ആവശ്യങ്ങൾ വ്യത്യസ്തമാകും. അതു തിരിച്ചറിഞ്ഞുവേണം ഒരുക്കങ്ങൾ. വീൽചെയർ ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ വീതിയുള്ളതും നിരക്കിനീക്കാവുന്നതുമായ വാതിലുകൾ, റാംപ്, അകത്തളത്തിലെ ഓപ്പൺ സ്പേസ്, വീട്ടിലേക്കു വെളിച്ചംകിട്ടുന്ന മാർഗം തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം.
കണ്ണിനു പ്രശ്നമുള്ളവരെങ്കിൽ ചിലർക്കു നേരിട്ടുള്ള വെളിച്ചം പ്രശ്നമാകും. മറ്റു ചിലർക്കു വെളിച്ചം കൂടാതെ പറ്റില്ല. തപ്പിത്തടഞ്ഞു വീഴാതിരിക്കാൻ ആവശ്യത്തിനു വെളിച്ചം വേണം. ഓർമക്കുറവ് പ്രശ്നങ്ങൾ ഉള്ളവരുടെ ചില ശീലങ്ങൾ മാറ്റാൻ ബുദ്ധിമുട്ടാണ്. വയോധികർക്കായി മുറിയൊരുക്കുമ്പോൾ ഇക്കാര്യമെല്ലാം ശ്രദ്ധിക്കണം.
വയോജന സൗഹൃദശുചിമുറി
വയോധികരുള്ള വീട്ടിൽ ശുചിമുറി ഒരുക്കുന്നതിൽ അൽപം അധികശ്രദ്ധവേണം. ബജറ്റിൽ നിൽക്കുന്നതും അത്യാവശ്യം വേണ്ടതുമായ സൗകര്യങ്ങളാകാം. മിനുസമുള്ള ടൈലുകൾ ഒഴിവാക്കണം. തെന്നിവീഴുമോ എന്ന ഭയത്തോടെയാകും പലരും ശുചിമുറിയിൽ കയറുന്നത്. മിക്കവരും ഫ്ലഷ് ടാങ്കിലും വാഷ്ബേസിനിലും മറ്റും പിടിച്ചാകും ഇരിക്കുന്നതും എഴുന്നേൽക്കുന്നതും. ഇതെല്ലാം അപകടസാധ്യത കൂട്ടുന്ന കാര്യങ്ങളാണ്. ഗ്രാബ് ബാർ, കൈപ്പിടി എന്നിവ സ്ഥാപിച്ചാൽ അത്തരം ആശങ്കകൾ ഒരു പരിധിവരെ ഒഴിവാക്കാം. ഇതിനു ചെറിയ തുകയാകും ചെലവാകുന്നത്.
ഹാൻഡ് ഷവർ, ഇരുന്നു കുളിക്കാനുള്ള ഷവർ സീറ്റ് എന്നിവ സൗകര്യത്തിനു കുളിക്കാൻ ഉപകാരപ്പെടും. തള്ളിനീക്കാവുന്നതോ പകുതി ചില്ലിട്ടതോ ആയ വാതിലുകൾ, ആന്റിസ്‌ലിപ് ഫ്ലോറിങ്, വഴുക്കലുള്ള തറയിൽ വിരിക്കുന്ന മാറ്റ് എന്നിവ മുതൽ ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ടോയ്‌ലറ്റ് യൂണിറ്റുകൾ വരെ വിപണിയിലുണ്ട്. വീട്ടിൽവച്ചു ശാരീരിക ബുദ്ധുമുട്ടുകൾ തോന്നുമ്പോൾ ശുചിമുറിയിലേക്കാകും മിക്കവരും ആദ്യം പോകുന്നത്. അടിയന്തരഘട്ടത്തിലെ അവസ്ഥ പുറംലോകത്തെ അറിയിക്കാൻ സുരക്ഷാ അലാം സ്ഥാപിക്കാം. വാട്ടർ ഹീറ്ററിൽനിന്നുള്ള വെള്ളത്തിന്റെ ചൂട് നിയന്ത്രിക്കുന്ന ഉപകരണം, ഉയർത്തിവയ്ക്കാവുന്ന ടോയ്‌ലറ്റ് സീറ്റുകൾ, ഇരുട്ടിൽ ശുചിമുറിയിലേക്കുള്ള വഴി കാട്ടുന്നതും സൂചന നൽകുന്നതുമായ റിഫ്ലക്ടീവ് ടേപ്പുകൾ, സെൻസർ സംവിധാനമുള്ള ലൈറ്റുകൾ എന്നിവയും ഉപകാരപ്പെടും.
ഫർണിച്ചർ
വീട്ടിലെ എല്ലാത്തരം ഫർണിച്ചറും വയോജനങ്ങൾക്ക് ഉപയോഗിക്കാനായെന്നുവരില്ല. ഇവിടെയും അൽപം ശ്രദ്ധവേണം. വലിയ തുക മുടക്കാതെതന്നെ പല സൗകര്യങ്ങളും ഒരുക്കാം. നടുവേദന, പൈൽസ്, വെരിക്കോസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് ഉപയോഗിക്കാവുന്ന പ്രത്യേക കുഷനുകൾ, കിടപ്പിലുള്ളവർക്കു ഭക്ഷണവും മറ്റും നൽകാൻ ഉപയോഗിക്കുന്ന ഫോൾഡിങ് ബെഡ് ട്രേ, ആശുപത്രിയിലേതുപോലെ പ്രത്യേകം സജ്ജീകരിക്കാവുന്ന ബാക്ക് റെസ്റ്റ്, സോഫയിലും മറ്റും സ്ഥാപിക്കാവുന്ന അസിസ്റ്റ് എ ട്രേ, ഉയരം ക്രമീകരിക്കാവുന്ന കട്ടിലുകൾ എന്നിവയെല്ലാം വിപണിയിലുണ്ട്. റെഡിമെയ്ഡ് വീൽചെയർ റാംപും സ്റ്റെയർലിഫ്റ്റും ലിഫ്റ്റും വരെ ഉപയോഗിക്കുന്നവരുമുണ്ട്.