പെയിന്റടി ‘പെയിൻ’ ആകാതിരിക്കാൻ

അഴകിനൊപ്പം ചുവരുകൾക്കു സംരക്ഷണം നൽകുന്നതിലും പെയിന്റിന്റെ പങ്ക് വലുതാണ്.

വീടിനു ജീവൻ നൽകുന്നതു പെയിന്റാണ്. കട്ടയും സിമന്റും കൊണ്ടു നിർമിച്ചെടുക്കുന്ന കെട്ടിടം, പെയിന്റിങ് പൂർത്തിയാകുന്നതോടെയാണ് നമ്മുടെ സങ്കല്‍പത്തിലെ വീടായി മാറുന്നത്.

അഴകിനൊപ്പം ചുവരുകൾക്കു സംരക്ഷണം നൽകുന്നതിലും പെയിന്റിന്റെ പങ്ക് വലുതാണ്. എന്നാൽ, വീടു നിർമാണത്തിന്റെ അവസാന ഘട്ടത്തിലെ ജോലിയായതിനാൽ പെയിന്റിങ്ങിൽ വേണ്ടത്ര ശ്രദ്ധയും ഗൗരവവും കൊടുക്കാൻ പലർക്കും കഴിയാറില്ല. മറ്റു ജോലികളൊക്കെ ബജറ്റിന്റെ വേലിചാടിയാൽ മൊത്തം ചെലവിനു മൂക്കുകയറിടാൻ നമ്മൾ കോംപ്രമൈസ് ചെയ്യുന്നതും പെയിന്റിങ്ങിലാണ്.

വീടിനു പുറത്തെ അധിക നിർമിതികളും മതിലുമൊക്കെ പ്രത്യേകമായി കണക്കുകൂട്ടിയെടുക്കണം.

വീടു നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽതന്നെ പെയിന്റിങ്ങിനെക്കുറിച്ചും പ്ലാൻ ചെയ്താൽ ഇത്തരം പാകപ്പിഴകൾ ഒഴിവാക്കാം. വീടിന്റെ ആയുസിനെയും അഴകിനെയും ബാധിക്കുമെന്നതിനാൽ പെയിന്റിങ്ങിനായി മാറ്റിവയ്ക്കുന്ന തുക മറ്റ് ആവശ്യങ്ങൾക്കുവേണ്ടി വകമാറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കണക്കുകൂട്ടലുകൾ തെറ്റാതിരിക്കാൻ

പെയിന്റിങ് ആരെ ഏൽപിക്കണം എന്നു തീരുമാനിക്കുന്നതുപോലും അവസാനഘട്ടത്തിലാണ്. പിന്നെ എങ്ങനെ എസ്റ്റിമേറ്റ് അറിയും എന്നു പലരും ചോദിച്ചു കേട്ടിട്ടുണ്ട്. വീടിന്റെ ഫൈനൽ പ്ലാൻ ആയിക്കഴിയുമ്പോൾതന്നെ പെയിന്റിങ് ചെലവ് സ്വയം കണക്കുകൂട്ടിയെടുക്കാം. പ്ലിന്ത് ഏരിയയുടെ ഏകദേശം മൂന്നര ഇരട്ടിയാകും വീടിന്റെ വാൾ ഏരിയ. ഇതിനാവശ്യമായ പുട്ടി, പ്രൈമർ, ടോപ് കോട്ട് എന്നിവയുടെ വിലയും പണിക്കൂലിയും ചോദിച്ച് മനസിലാക്കി വയ്ക്കാം.

വെള്ളത്തിന്റെ അംശമുള്ള എമൽഷൻ പെയിന്റുകൾക്ക് ഒന്നാംകോട്ട് അടിച്ച് കുറഞ്ഞത് ഒരു ദിവസത്തിനു ശേഷമേ ടോപ് കോട്ട് അടിക്കാവൂ.

വീടിനു പുറത്തെ അധിക നിർമിതികളും മതിലുമൊക്കെ പ്രത്യേകമായി കണക്കുകൂട്ടിയെടുക്കണം. പ്രമുഖ പെയിന്റ് ബ്രാൻഡുകളുടെ വെബ്സൈറ്റിൽ ലഭ്യമായ പെയിന്റ് കാൽക്കുലേറ്ററുകളും ഇതിന് ഉപയോഗിക്കാം. വീടിന്റെ അളവ് രേഖപ്പെടുത്തിയാൽ എത്ര ലീറ്റർ പെയിന്റ് വേണമെന്നും അതിന് എന്തു വിലവരുമെന്നും ഇത്തരം ആപ്ലിക്കേഷനുകൾ പറഞ്ഞുതരും. കൂടാതെ വീടിന്റെ ചിത്രം അയച്ചുകൊടുത്താൽ ഇഷ്ടനിറത്തിലുള്ള പെയിന്റിൽ വീട് എങ്ങനെയിരിക്കും എന്നു കാട്ടിത്തരുന്ന സംവിധാനവും വെബ്സൈറ്റുകളിൽ ലഭ്യമാണ്.

ഭാവി നിറമുള്ളതാക്കാൻ ധൃതി ഒഴിവാക്കാം

പതിനാറു മാസത്തെ കാലാവധിക്ക് ക്വട്ടേഷൻ നൽകിയ വീടുപണി 19 മാസമായിട്ടും തീർന്നിട്ടില്ല. ഇനി പെയിന്റിങ്ങിന് 15 ദിവസം കൂടി വേണമെന്നു കോൺട്രാക്ടർ പറയുന്നു. എന്തുവന്നാലും വേണ്ടില്ല പത്തുദിവസത്തിനുള്ളില്‍ പണി തീർത്തുതരണമെന്നു ശഠിക്കുമ്പോൾ ഓർക്കുക, നമ്മുടെ വീടിന്റെ ഭാവിയുടെ നിറംകെടുത്തുന്ന തീരുമാനമാണത്. അനാവശ്യമായ സമ്മർദം ചെലുത്തി പെയിന്റിങ് ജോലികൾ വേഗത്തിൽ തീർക്കാതിരിക്കുന്നതാണ് നല്ലത്. മുൻപ് പുതിയ വീടുകൾ മാസങ്ങളോളം വെള്ള പൂശിയിട്ട ശേഷമായിരുന്നു മറ്റു പെയിന്റുകൾ അടിച്ചിരുന്നത്. ഇന്ന് അതു സാധ്യമല്ലെങ്കിലും ഓരോ പെയിന്റിനും നിഷ്കർഷിക്കുന്ന സമയക്രമം അനുസരിച്ചുവേണം പെയിന്റിങ് നടത്താൻ. വെള്ളത്തിന്റെ അംശമുള്ള എമൽഷൻ പെയിന്റുകൾക്ക് ഒന്നാംകോട്ട് അടിച്ച് കുറഞ്ഞത് ഒരു ദിവസത്തിനു ശേഷമേ ടോപ് കോട്ട് അടിക്കാവൂ. പെയിന്റിലെ വെള്ളം വലിയാൻ ഇത് അത്യാവശ്യമാണ്.

പെയിന്റിന്റെ ആയുസിനു കോട്ടംവരുത്തുന്ന ബാഹ്യസാഹചര്യങ്ങളും ഒഴിവാക്കണം. പതിവായി വെള്ളം വീഴുന്ന തരത്തിൽ വീടിനു മുകളിലേക്കു ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളുണ്ടെങ്കിൽ പായലിനെ പ്രതിരോധിക്കുന്ന എത്ര വിലകൂടിയ പെയിന്റും ചിലപ്പോൾ തോൽവി സമ്മതിച്ചെന്നുവരാം. ടെറസിലും പാരപ്പറ്റിലും കെട്ടിക്കിടക്കുന്ന വെള്ളമാണ് മറ്റൊരു വില്ലൻ. വെള്ളം ഒഴുകിപ്പോകാനുള്ള കൃത്യമായ സംവിധാനമൊരുക്കേണ്ടത് പെയിന്റിന്റെ ദീർഘായുസ്സിനും ആവശ്യമാണ്.

ഏതു വേണം, എങ്ങനെ ചെയ്യണം

പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകം ഗുണമേന്മയാണ്. ലോകത്തിലെ പ്രമുഖ പെയിന്റ് ബ്രാൻഡുകളിൽ ഭൂരിഭാഗവും ഇന്ന് കേരളത്തില്‍ ലഭ്യമാണ്. ഒപ്പം ലോക്കല്‍ ബ്രാൻഡുകളും. മുന്തിയ ബ്രാൻഡുകൾ അവരുടെ പെയിന്റിന് ഏഴു വർഷം വരെ വാറന്റി നൽകുന്നുണ്ട്. മഴയും വെയിലും മാറിമാറിവരുന്ന കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസൃതമായി, വെള്ളത്തെ പ്രതിരോധിക്കുന്നതിനൊപ്പം വീടിനുള്ളിലെ ചൂടു കുറയ്ക്കുക കൂടി ചെയ്യുന്ന പെയിന്റുകൾ വിപണിയിൽ സുലഭമാണ്. ഭിത്തിയിൽ ചെളിയും പൂപ്പലും ബാധിക്കാതിരിക്കാനും പ്രത്യേകം പെയിന്റ് കിട്ടും.

പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകം ഗുണമേന്മയാണ്.

നല്ല പെയിന്റിനൊപ്പം അതു വൃത്തിയായി പൂശുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പരിചയ സമ്പന്നരായ തൊഴിലാളികളും അത്യാധുനിക സംവിധാനങ്ങളുടെ ഉപയോഗവും ഇതിൽ പ്രധാനമാണ്. സ്പ്രേയിങ് മെഷീനും ഓട്ടമാറ്റിക് റോളറും മറ്റുമാണ് ഈ രംഗത്തെ താരങ്ങൾ. ഫിനിഷിങ് കൂടുതലാണെങ്കിലും സ്പ്രേയിങ് മെഷീനിൽ പെയിന്റ് നഷ്ടം കൂടുതലാണ്.

ചെറിയ വീടുകൾക്ക് ഓട്ടമാറ്റിക് റോളറുകളാണ് കൂടുതൽ അഭികാമ്യമെന്ന് വിദഗ്ധർ പറയുന്നു. ഇടയ്ക്കിടെ പെയിന്റിൽ മുക്കാതെ, റോളറിൽ തനിയെ പെയിന്റ് എത്തുന്ന ഓട്ടമാറ്റിക് റോളറിൽ പെയിന്റ് നഷ്ടമുണ്ടാകില്ല. പെയിന്റിങ് ജോലികൾ പെയിന്റ് കമ്പനികൾ വഴി ചെയ്തു നൽകുന്ന രീതിയും കേരളത്തിൽ പ്രചാരം നേടിവരികയാണ്.