സ്വപ്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിരുന്നെങ്കിലോ?

സ്വപ്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയിരുന്നെങ്കിൽ ജയരാജ് വാരിയർ പെട്ടുപോയേനേ. അദ്ദേഹത്തിന്റെ ഭവനസങ്കല്പങ്ങളിലൂടെ...

ഓർമകളിൽ ഒരു മർഫി റേഡിയോ മുഴങ്ങുകയാണ്. കൗമാരത്തിന് മുൻപുള്ള കാലഘട്ടത്തിൽ ആ റേഡിയോ ആയിരുന്നു എന്റെ ഉറ്റ ചങ്ങാതി. അലമാരയുടെ മുകളിലിരുന്നതങ്ങിനെ പാടും. ദാസേട്ടന്റെയും സുശീലാമ്മയുടേയുമൊക്കെ പാട്ട് കേട്ട് പഠിച്ചത് ആ റേഡിയോയിലൂടെയാണ്. അത് വച്ചിരുന്ന മുറിയായിരുന്നു ആ വീട്ടിലെനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം.

ഒന്നാമൻ സിറ്റ്ഔട്ട്

തൃശൂർ ജില്ലയിലെ പനമുക്ക് എന്ന സ്ഥലത്താണ് ഞാൻ ജനിച്ചു വളർന്നത്. അച്ഛൻ സഹകരണ ബാങ്കിലെ ജനറൽ മാനേജരായിരുന്നു. അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് വാടക വീടുകൾ പലതവണ മാറിയിട്ടുണ്ട്. പക്ഷേ അവയൊന്നും എന്റെ ഇഷ്ടത്തിനൊത്തവ ആയിരുന്നില്ല. പനമുക്കിലെ വീടിനു മുന്നിൽ വട്ടപ്പിന്നി ഭഗവതി ക്ഷേത്രമാണ്. അവിടുത്തെ ആൽത്തറയിലങ്ങനെ മലർന്നു കിടക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സമാധാനമാണ്. അവിടുത്തെ കാഞ്ഞിരത്തറയിലാണ് എന്റെ ഓട്ടൻതുള്ളല്‍ അരങ്ങേറ്റം നടന്നത്. വീടിന്റെ പറമ്പിൽ മുഴുവൻ മാവും പ്ലാവും. നല്ല ശുദ്ധമായ വെള്ളം തരുന്ന കിണറ്. അങ്ങനെ ബാല്യത്തിലെ സുഖമുള്ള ഓർമകളെല്ലാം ആ വീട്ടിൽ ഭദ്രമാണ്.

ഇപ്പോൾ കുടുംബസമേതം താമസിക്കുന്നത് തൃശൂരിൽ തന്നെ പെരിങ്ങാവ് എന്ന സ്ഥലത്താണ്. ഒരു ദിവസം യാദൃച്ഛികമായി ഇതുവഴി പോയപ്പോഴാണ് ഈ വീട് കാണാനിടയായത്. എന്തോ ഒരിഷ്ടം തോന്നി വാങ്ങി. പുതുക്കിയെടുത്താണ് ഇന്നത്തെ രൂപത്തിലാക്കിയത്. വാസ്തുപരമായ ഉപദേശങ്ങൾ തന്നത് എടപ്പാൾ ശൂലപാണി വാരിയരാണ്. വീട്ടിൽ ഏറ്റവും പ്രാധാന്യമുള്ള ഇടം സിറ്റ്ഔട്ട് ആണെന്നാണ് എന്റെ പക്ഷം. അതുകൊണ്ട് സിറ്റ്ഔട്ട് വിശാലമാക്കി. കണ്ടുപഴകിയ സംഭവമായതിനാൽ ചാരുപടി വേണ്ടെന്നു വച്ചു. സിറ്റൗട്ടാണ് പുറംലോകത്തേക്ക് നമ്മുടെ വീടിനെ ബന്ധിപ്പിക്കുന്നത്. എത്രനേരം വേണമെങ്കിലും ഇവിടെ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കാം. നിലാവുള്ള രാത്രിയില്‍ മാനം നോക്കി കിടക്കാം, ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാം, ഉച്ചയൂണ് കഴിഞ്ഞ് ചാരുകസേരയിലിരുന്നൊരു മയക്കവുമാകാം.

സിറ്റ്ഔട്ട് കഴിഞ്ഞാൽ പ്രധാനഭാഗം അടുക്കളയാണ്. പണ്ടൊക്കെ അടുക്കളയിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ഡൈനിങ് ഹാൾ എന്ന പരിഷ്കാരമൊക്കെ അടുക്കളയുടെ പ്രാധാന്യം കുറച്ചു. പക്ഷേ ബാത്റൂമിന്റെ കാര്യം തിരിച്ചാണ്. പുറത്തായിരുന്ന ബാത്റൂമിന് ഇപ്പോൾ ഉള്ളിൽ പ്രമുഖ സ്ഥാനം നൽകിയിട്ടുണ്ട്.

വീടെന്നാൽ നമ്മുടെ മനസ്സ് തന്നെയാണ്. ചില വീടുകളിൽ ചെന്നാൽ പെട്ടെന്ന് സ്ഥലം വിടാൻ തോന്നും. വീട്ടുടമസ്ഥന്റെ മനസ്സ് അറിയാതെയാണ് പണിക്കാർ ആ വീട് നിർമിച്ചത്. മറ്റു ചില വീടുകൾ നമ്മെ പിടിച്ചിരുത്തും. ‘ജോർജേട്ടൻസ് പൂരം’ എന്ന സിനിമ ചിത്രീകരിച്ച ഇരിങ്ങാലക്കുടയിലെ വീട് അത്തരത്തിലൊന്നാണ്. ഒറ്റപ്പാലം ഭാഗത്തുള്ള ചില നാടൻ വീടുകളും മനസ്സിന് തൃപ്തിയേകുന്നവയാണ്. പടിപ്പുരയുള്ള, തുളസിത്തറയുള്ള വീടുകളും ഉള്ളിൽ സൂക്ഷിക്കാറുണ്ട്.

അതല്ലേ സോഷ്യലിസം?

സ്റ്റേജ് പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട് പല വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ചില സ്ഥലങ്ങളില്‍ വീടുകൾ ഒരുപോലെയിരിക്കും. അങ്ങനെ വേണമെന്നതാണ് അവിടത്തെ നിയമം. ഇതല്ലേ ശരിക്കും സോഷ്യലിസം എന്ന് ചിന്തിക്കാറുണ്ട്. ഗൾഫിലാണ് പരിപാടിയെങ്കിൽ സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ പാട്ടും മേളവുമായി നേരം വെളുപ്പിക്കും. ലേബർ ക്യാംപുകളിലും മറ്റും ജോലി ചെയ്യുന്നവരുണ്ടാകും. ഒരിക്കൽ ഞാനങ്ങിനെയൊരു കൂട്ടത്തിലിരുന്ന് പാട്ട് പാടി. അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലെ ‘ചന്ദനം മണക്കുന്ന പൂന്തോട്ടം..’ എന്ന പാട്ട് പാടിയപ്പോൾ സദസ്സ് മൂകമായി. പാടിത്തീർന്നപ്പോഴേക്കും പലരുടേയും കണ്ണ് നിറഞ്ഞു. വീട് എത്ര വലിയ നൊമ്പരമാണെന്ന് മനസ്സിലാക്കിയ നിമിഷങ്ങൾ. പാട്ടിൽ പറഞ്ഞതു പോലൊരു വീട് ചിലർക്ക് നഷ്ടസ്വപ്നമാണെങ്കിൽ മറ്റു ചിലർക്കത് ഓർമകളിലേക്കുള്ള മടങ്ങിപ്പോക്കാണ്.

പനമുക്കിലെ വീടിനു മുന്നിലാണ് വട്ടപ്പിന്നി ഭഗവതി ക്ഷേത്രം. അവിടുത്തെ ആൽത്തറയിലങ്ങനെ മലർന്നു കിടക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സമാധാനമാണ്.

ഇനി എന്റെ സങ്കൽപത്തിലെ വീടിനെക്കുറിച്ചു പറയാം. നാടൻ ശൈലിയിലുള്ള വീടുകളോട് ഇഷ്ടക്കൂടുതലുണ്ട്. വീടിനേക്കാളും ചുറ്റുപാടുകൾക്കാണ് ഞാൻ പ്രാധാന്യം നൽകുക. പിന്നിൽ കണ്ണെത്താ ദൂരത്തോളം വിശാലമായ പാടം വേണം. മുൻവശത്തും ധാരാളം സ്ഥലം വേണം. അവിടൊരു താമരപ്പൊയ്ക. അതിലെനിക്ക് മുങ്ങിക്കുളിക്കണം. വീടിനുള്ളിലൊരു ലൈബ്രറി. സംഗീതം ആസ്വദിക്കാനും അഭ്യസിക്കാനുമൊരു പാട്ടുപുരയും വേണം. കഴിഞ്ഞ 30 വർഷമായി വീട് തന്നെയാണ് സ്റ്റേജ്. 1500 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം കൂടി മനസ്സിലുണ്ട്. കലാപരിപാടികൾക്കു മാത്രമായി ഒരു വേദി. ഇതൊന്നും നടക്കുമോ എന്നറിയില്ല. അങ്ങനെ പണിതീരാത്ത ആശയങ്ങൾ പലതുണ്ട് മനസ്സിൽ.