മോഹൻലാൽ വീണ്ടുമെത്തി, ജനിച്ച വീട്ടിലേക്ക്...

കുട്ടിക്കാല സ്മരണകളുറങ്ങുന്ന ഇലന്തൂരിലെ പുന്നക്കൽ തറവാട്ടിലേക്ക് മോഹൻലാൽ വീണ്ടുമെത്തി..

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന് കൊച്ചിയിലും, ഊട്ടിയിലും, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിലും വരെ സ്വന്തമായി വീടുകളുണ്ട്. പക്ഷേ ഇവയെക്കാളൊക്കെ ലാലിന്റെ മനസ്സിനോടുചേർന്നു നിൽക്കുന്ന ഒരു വീട് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരുണ്ട്. മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വീട്. പുന്നയ്ക്കല്‍ തറവാടെന്ന ഈ വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചത്. 

പരമ്പരാഗത ശൈലിയിൽ നിർമിച്ച ഓടിട്ട ഒരു ഒറ്റനില വീട്. റെഡ് ഓക്സൈഡ് പാകിയ നിലം. പഴയ ശൈലിയിലുള്ള നിരവധി ജനാലകൾ. കുട്ടികാലത്തും മറ്റും മോഹന്‍ലാല്‍ സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം എത്തുന്നത്. സംവിധായകനും ബന്ധുവുമായ ബി ഉണ്ണികൃഷ്ണനോടൊപ്പമായിരുന്നു മോഹൻലാൽ തറവാട് വീട് സന്ദർശിച്ചത്. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വില്ലന്‍’ന്റെ ചിത്രീകരണത്തിനിടയിലായിരുന്നു ഇരുവരും തറവാട്ടിലെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം വാഗമണ്ണില്‍ അവസാനിച്ചിരുന്നു. അടുത്ത ബന്ധുക്കളെ മാത്രം അറിയിച്ച ശേഷം അതിരാവിലെ ഇലന്തൂരിലെത്തിയ മോഹന്‍ലാല്‍ ഒരു മണിക്കൂറോളം ബന്ധുക്കളോടൊപ്പം ചിലവഴിച്ചു.