രാമേശ്വരം എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക, നെടുകെ ചീകിയ അലസമായ മുടിയിഴകളും, നിറഞ്ഞ പുഞ്ചിരിയുമായി അതിവേഗം നടന്നുനീങ്ങിയിരുന്ന ഒരു മുഖമാണ്.
ഈ മുക്കുവ ദ്വീപിൽ ജനിച്ച് ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തിയ ശാസ്ത്രപ്രതിഭയും, രാജ്യത്തിനാകമാനം പ്രചോദനമേകിയ പ്രഥമപൗരനുമായിരുന്ന- ഡോ. എ പി ജെ അബ്ദുൽ കലാം... കലാം കാലയവനികയിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഈ നാടിന്റെ ഓരോ കോണിലും ജ്വലിച്ചു നിൽക്കുന്നു.
രാമേശ്വരം റെയിൽവേ സ്‌റ്റേഷനിൽ നിന്നും അരകിലോമീറ്റർ ദൂരമേയുള്ളൂ കലാമിന്റെ വീട്ടിലേക്ക്. പ്രധാന റോഡിൽ 'കലാമിന്റെ വീട്ടിലേക്ക്..' എന്നെഴുതിയ ദിശാഫലകം കാണാം. ഇടുങ്ങിയ നിരത്തിലൂടെ പലയിടത്തോട്ടായി വഴിപിരിയുന്ന പാതകൾ പിന്നിട്ട് ഒരു നാലുംകൂടിയ മൂലയിൽ എത്തുമ്പോൾ, പരസ്പരം തൊട്ടുരുമ്മിയിരിക്കുന്ന വീടുകളുള്ള കോളനിയിലെ, ഒരു വീടിന്റെ നെറ്റിയിൽ 'ഹൗസ് ഓഫ് കലാം' എന്നെഴുതിയ ബോർഡ് കാണാം.
കലാം തന്റെ ബാല്യം ചെലവഴിച്ച കൂരയുടെ സ്ഥാനത്ത് ഇപ്പോൾ ലളിതമായ ഒരു മൂന്നുനില വീട് ഉയർന്നുനിൽക്കുന്നു. പലവിധ വർണങ്ങളുള്ള പാനലുകൾ കൊണ്ട് ലളിതമായി അലങ്കരിച്ചിരിക്കുന്ന മുൻഭാഗം.
വീട്ടിലേക്ക് കയറാൻ ഒരു ചെറിയ നീല ഗെയ്റ്റ്. പ്രധാന കവാടത്തിനു വശത്തായി ഒരു ഇടുങ്ങിയ കോണിപ്പടി. ഇതിലൂടെ വേണം മുകൾനിലകളിലേക്കെത്താൻ. താഴത്തെ നിലയിൽ കലാമിന്റെ ജ്യേഷ്ഠനും കുടുംബവും താമസിക്കുന്നു. നീല ഗ്രില്ലുകളിട്ട സിറ്റ്ഔട്ട്. പോർച്ചിലെ ചുവരിൽ കലാം ഒരു വൃക്ഷവുമായി പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം.
രണ്ടാം നിലയിലാണ് 'മിഷൻ ഓഫ് ലൈഫ് ഗാലറി' എന്ന മ്യൂസിയം. കലാമിന്റെ തൊഴിൽ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളും നേട്ടങ്ങളും, കലാം ഉപയോഗിച്ചിരുന്ന സാധനസാമഗ്രികളുമെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഡി ആർ ഡി ഒ (Defense Research & Development Organization) യ്ക്കാണ് ഇതിന്റെ സംരക്ഷണച്ചുമതല. ദേശീയ പ്രാധാന്യമുള്ള പ്രതിരോധ സംവിധാനങ്ങളുടെ മാർഗരേഖകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ സന്ദർശകർക്ക് ഫൊട്ടോഗ്രഫി അനുവദനീയമല്ല.
മൂന്നാം നിലയിൽ ഒരു ക്യൂരിയോ ഷോപ്പാണ് പ്രവർത്തിക്കുന്നത്. കലാമിന്റെ ചിത്രങ്ങളും പ്രതിമകളും, ഹാളിന്റെ ഭിത്തിയും ചുവരുകളും അലങ്കരിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ നിലനിർത്തുന്ന സുവനീറുകളും ഇവിടെ നിന്നുവാങ്ങാം.
രാമേശ്വരത്ത് എത്തി കലാം വളർന്ന ജീവിതസാഹചര്യങ്ങൾ നേരിൽകാണുമ്പോഴാണ് അദ്ദേഹത്തോടുള്ള ബഹുമാനം വർധിക്കുന്നത്. ഇന്നും വികസനം വലുതായി എത്തി നോക്കിയിട്ടില്ലാത്ത ഒരു മുക്കുവഗ്രാമം.
നല്ല സ്‌കൂളുകളോ ആശുപത്രികളോ കെട്ടിടങ്ങളോ, മറ്റ് അടിസ്ഥാനസൗകര്യങ്ങളോ വിരളം. വൃത്തിരഹിതമായ തെരുവോരങ്ങൾ. നല്ലൊരു ഹോട്ടൽ പോലും വിരളമാണ്. എങ്കിലും നിരവധി സഞ്ചാരികളാണ് കലാമിന്റെ ജന്മഗൃഹം സന്ദർശിക്കാനായി ഇവിടേക്കെത്തുന്നത്.