Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് റാണിയുടെ വീട്!

kangana-ranaut-house-in-mumbai ഇതൊരു സിനിമാതാരത്തിന്റെ വീടുതന്നെയോ എന്ന് സംശയം തോന്നാം. കാരണം വെള്ളിത്തിരയിലെ ഗ്ലാമറൊന്നും വീടിനു കങ്കണ നൽകിയിട്ടില്ല.

ഹിമാചലിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന പെൺകുട്ടി, സിനിമയോടുള്ള അദമ്യമായ ആഗ്രഹം മൂലം വീട്ടിലെ എതിർപ്പുകൾ അവഗണിച്ച് മുംബൈയിലെത്തി. നിരവധി പ്രതിസന്ധികളിലൂടെയും അവഗണകളിലൂടെയും കടന്നുപോയി അവസാനം അവൾ ബോളിവുഡിന്റെ താരറാണിയായി. ഒരു സിനിമയുടെ വൺലൈനർ അല്ല ഇത്. കങ്കണ റണൗട്ടിന്റെ ജീവിതകഥയാണ്.

2008 ൽ ഫാഷൻ എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് കങ്കണയുടെ ശുക്രദശ ആരംഭിക്കുന്നത്. സിനിമകളിൽ നിന്ന് ധാരാളമായി ലഭിച്ച പണംകൊണ്ട് മുംബൈ സാൻട്രക്രൂസിൽ ഒരു ആഡംബര വില്ല അവർ വാങ്ങി. പക്ഷേ കുറച്ചുകാലത്തെ താമസം കൊണ്ടുതന്നെ ഒരു ഹോട്ടൽ പോലെയുള്ള ആ വീട് അവർക്ക് മടുത്തു. അങ്ങനെയാണ് മുംബൈയിലെ പ്രാന്തപ്രദേശമായ ഖാറിൽ മറ്റൊരു വീട് വാങ്ങിയത്.

kangana-ranaut-mumbai-house കണ്ണുമഞ്ഞളിക്കുന്ന നിറങ്ങളോ ആഡംബരങ്ങളോ ഈ വീട്ടിൽ കാണാനില്ല. ചില ഭിത്തികൾ പെയിന്റ് പോലും അടിച്ചിട്ടില്ല.

കഴിഞ്ഞ മൂന്നുവർഷമായി ഖാറിലെ അഞ്ചുമുറികളുള്ള ഈ വീട്ടിലാണ് കങ്കണ താമസിക്കുന്നത്. എന്നാൽ അടുത്തിടെ തന്റെ കരിയറിനൊപ്പം വീടിനും കങ്കണ ഒരു മേക് ഓവർ നൽകി. ഇന്റീരിയർ ഡിസൈനർ റിച്ച ബാൽ ആണ് വീടിനു പുതിയമുഖം നല്കാൻ കങ്കണയെ സഹായിച്ചത്. തന്റെ ഹിമാചലിൽ വീടിന്റെ ഓർമകൾ നിലനിർത്തുംവിധമാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് കങ്കണ പറയുന്നു. 

kangana-mumbai-house-dining മിനിമൽ തീമിലുള്ള ഊണുമുറി.

ഗ്രാമീണത പ്രതിഫലിപ്പിക്കുന്ന റസ്റ്റിക് ലുക്കുള്ള ഇന്റീരിയറാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. തടി കൊണ്ടുള്ള ബീമും സീലിങ്ങുകളും അകത്തളങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു.

kangana-mumbai-house-art വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ വാങ്ങിയ സുവനീറുകൾ ഭിത്തികൾ അലങ്കരിക്കുന്നു.

ജോലിസംബന്ധമായുള്ള യാത്രകളിൽ നിരന്തരം ഹോട്ടലുകളിലും മറ്റും താമസിക്കുന്ന തനിക്ക്  വീട്ടിലെങ്കിലും അലസമായ ഈ അന്തരീക്ഷമാണ് വേണ്ടിയിരുന്നത് എന്ന് കങ്കണ പറയുന്നു. നിറം മങ്ങിയ ചുവരുകളും തറകളും കണ്ട് ഒരിക്കൽ സന്ദർശനത്തിനെത്തിയ ഒരതിഥി വീട് വൃത്തിയാക്കാൻ സഹായം വാഗ്ദാനം ചെയ്‌തെന്നു കങ്കണ പറയുന്നു. 

kangana-mumbai-house-bedroom അലസമായ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന കിടപ്പുമുറി. കസ്റ്റംമെയ്ഡ് സോഫയും ഫർണിച്ചറും.

വീട്ടിൽ കങ്കണയുടെ പ്രിയ ഇടം കിടപ്പുമുറിയാണ്. പഴയ വീട്ടിലെ രണ്ടു കിടപ്പുമുറികളെ സംയോജിപ്പിച്ച് തന്റെ കിടപ്പുമുറിയും ഡ്രസിങ് റൂമുമാക്കി മാറ്റി. നേരത്തെയുണ്ടായിരുന്ന സ്വിമ്മിങ് പൂളിനെ ഒരുദ്യാനമാക്കി മാറ്റി. മുംബൈ പോലുള്ള ഒരു നഗരത്തിൽ വെള്ളം പാഴാക്കുന്നത് ശരിയല്ല എന്ന തോന്നലാണ് ഇതിനു താരത്തെ പ്രേരിപ്പിച്ചത്. ഇപ്പോൾ അതിഥിമുറിയിൽനിന്നും പുറത്തേക്കുനോക്കുമ്പോൾ പച്ചപ്പും പൂക്കളുടെ മനോഹാരിതയുമാണ് വിരുന്നൊരുക്കുന്നത്. അതിഥിമുറിയുടെ ഒരു മൂലയ്ക്ക് കങ്കണ തന്നെ ഒരു ചെറിയ പൂജാമുറി ഡിസൈൻ ചെയ്തിരിക്കുന്നു.

kangana-mumbai-house പൂജാമുറിയും സിറ്റിംഗ് ഏരിയയും

ചുരുക്കത്തിൽ ഈ വീട് കങ്കണയുടെ സ്വകാര്യ സാമ്രാജ്യമാണ്. അതിന്റെ സ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും അവർ റാണിയെപ്പോലെ ജീവിക്കുന്നു.