ഉണ്ണി മുകുന്ദന്റെ വീട്; ഓർമകൾ

ഗുജറാത്തിലെ ഒറ്റമുറി ഫ്ലാറ്റിൽ സിനിമ സ്വപ്നം കണ്ടുകിടന്ന നാളുകൾ ഓർത്തെടുക്കുകയാണ് ഉണ്ണി മുകുന്ദൻ.

ഇതുവരെയുള്ള ജീവിതത്തിന്റെ നല്ലൊരു ഭാഗം ഞാൻ ചെലവിട്ടത് ഗുജറാത്തിലാണ്. അഹമ്മദാബാദിലെ ധീരജ് ഹൗസിങ് കോളനിയിലെ ചെറിയൊരു ഫ്ലാറ്റിലായിരുന്നു ഞാനും അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്. ഒരു ബെഡ്‌റൂമും ഹാളും അടുക്കളയും ബാത്റൂമും. 21–ാം വയസ്സുവരെ ഇതായിരുന്നു എന്റെ ലോകം. വീട്ടിൽ നിന്ന് താഴേക്കിറങ്ങിയാൽ ക്രിക്കറ്റ് ഗ്രൗണ്ടാണ്. കളിയൊക്കെ കഴിഞ്ഞുവന്നാൽ ഹാളിലെ ടിവിയുടെ മുന്നിലേക്ക്. ഇഷ്ടപ്പെട്ട മലയാളസിനിമയുണ്ടെങ്കിൽ കഴിയുന്നതുവരെ അവിടെ തപസ്സിരിക്കും. ഇന്നതേ ചെയ്യാവൂ എന്ന് അച്ഛൻ ഒരിക്കലും നിർദേശിച്ചിട്ടില്ല. അമ്മയായിരുന്നു കുറേകൂടി കർക്കശക്കാരി. കഴിഞ്ഞ വർഷം ആ വീട് വിറ്റു.

ഉണ്ണി മുകുന്ദൻ വിവിധ കാലഘട്ടങ്ങളിൽ

സിനിമാമോഹം സാക്ഷാത്കരിക്കാനായി ഇടയ്ക്കിടെ കേരളത്തിൽ വരുമായിരുന്നു. അന്നൊക്കെ താമസിച്ചിരുന്നത് ഗുരുവായൂരിലും ഷൊർണ്ണൂരിലുമുള്ള അമ്മാവന്മാരുടെ വീടുകളിലാണ്. സിനിമയിൽ സജീവമായി തുടങ്ങിയ സമയത്ത് എറണാകുളത്ത് താമസമാക്കേണ്ടി വന്നു.

ഉറ്റസുഹൃത്ത് അനൂപ് ആണ് തേവരയിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു തന്നത്. ഈ സമയത്ത് അത്യാവശ്യം പാചകമൊക്കെ പഠിക്കേണ്ടിവന്നു. പക്ഷേ ഇത്രനാളായിട്ടും ഓംലറ്റിനും നൂഡിൽസിനും അപ്പുറം പുരോഗമിച്ചിട്ടില്ല. 

ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ പുലർത്തുന്നയാളാണ് ഞാൻ. എവിടെ താമസിച്ചാലും ചെറിയൊരു ജിം കൂടെക്കരുതാറുണ്ട്. ഇപ്പോഴും സിംപിളായി ജീവിക്കാൻ താൽപര്യപ്പെടുന്ന ആളാണ് ഞാൻ. വലിയ വീടുകൾ കാണുമ്പോൾ സന്തോഷം തോന്നും. പക്ഷേ അത്തരം വീടുകളിൽ താമസിച്ചാൽ ആ സന്തോഷം പോയിക്കിട്ടും. കുറെ മരങ്ങളും മുറ്റവുമൊക്കെയായി കേരളീയശൈലിയിലുള്ള വീടാണ് എന്റെ സങ്കല്പത്തിലുള്ളത്. ഒറ്റപ്പാലത്ത് അങ്ങനെയൊരു വീടിന്റെ പണിപ്പുരയിലാണ് ഞങ്ങൾ.

Read more- Celebrity Home House Plan Kerala