മാജിക്കിന്റെ വിസ്മയം തീർത്ത വീട്!

മാന്ത്രിക ലോകത്തിലേക്കുള്ള വാതിൽ തുറന്നുതന്ന നാടും വീടും ഗോപിനാഥ് മുതുകാടിന്റെ ഓർമയിലിന്നും ഭദ്രം.

നിലമ്പൂരിലെ എന്റെ ജന്മഗൃഹം ഓര്‍മകൾ അടുക്കി വച്ചൊരു മാന്ത്രികച്ചെപ്പാണ്. അതിൽ ഇന്നുമുണ്ട് മനസ്സ് എന്നും കൊതിക്കുന്ന അനുഭവങ്ങൾ. അതാ, ഒന്നാമത്തെ അറ തുറക്കുമ്പോൾ കാണാം, ചെമ്മണ്ണ് തേച്ച്, വൈക്കോലും ഓടും മേഞ്ഞ, തറയിൽ ചാണകം മെഴുകി മിനുപ്പിച്ച ദേവകിനിലയം എന്ന വീട്.

ഗെയ്റ്റിനോട് ചേർന്ന് തെച്ചിപ്പൂക്കളുടെ കൂട്ടം. പറമ്പിൽ തലയുയർത്തി നിൽക്കുന്നൊരു മൂവാണ്ടൻമാവ്. അമ്മയും അച്ഛനും നാല് സഹോദരങ്ങളും അടങ്ങുന്ന സാധാരണ കർഷകകുടുംബം. മുറ്റത്ത് നിന്നാൽ പറമ്പിൽ കന്നു പൂട്ടുന്ന അച്ഛനെ കാണാം. ഞങ്ങളുടെ പല നാളിലെ സമ്പാദ്യം സ്വരുക്കൂട്ടിയാണ് അമ്മ ആ വീട് മെനഞ്ഞെടുത്തത്. ഒരു ചുവര്, മച്ച്, ചായ്പ് എന്നിങ്ങനെ പല കാലങ്ങളിലായി പല അടരുകൾ ചേർന്നൊരു ഭവനം. നെല്ലിന്റെ മണമായിരുന്നു വീടിനും. കറ്റ മെതിക്കുന്നതും നെല്ല് പാറ്റുന്നതുമെല്ലാം വീട്ടുകാർ ചേർന്നാണ്. രാത്രി വൈകിയും പെട്രോമാക്സ് വിളക്കൊക്കെ കത്തിച്ച് വച്ച് പണി തുടരുന്ന അമ്മയുടെ ചിത്രം ഇന്നും മനസ്സിലുണ്ട്.

ഏറ്റവും ഇളയതായതു കൊണ്ട് ലാളനയ്ക്കൊരു കുറവുമുണ്ടായിട്ടില്ല. ഞങ്ങളുടെ പ്രധാന കളിസ്ഥലങ്ങളിലൊന്നായിരുന്നു മച്ച്. ഒരു ദിവസം ഒളിച്ചുകളിക്കാന്‍ അവിടെ കയറി. അവിടെക്കിടന്നൊരു ചാക്കിൽ കയറിയാണ് ഞാൻ ഒളിച്ചത്. ചേട്ടനതിന്റെ വായ മൂടിക്കെട്ടിയിട്ടു. കളി കാര്യമായത് പിന്നീടാണ്. ആരോ വിളിച്ചപ്പോൾ ചേട്ടനതുവഴിയങ്ങ് പോയി. ഞാൻ ചാക്കിൽ പെട്ടുപോയി. എന്തോ ആവശ്യത്തിന് മച്ചിൽ കയറിവന്ന അമ്മ കാണുന്നത് ചാടിക്കളിക്കുന്ന ചാക്കുകെട്ടാണ്. അന്ന് കിട്ടിയ അടിയായിരുന്നു അടി!

വീട്ടിലൊരു ആകാശവാണി പ്രക്ഷേപണനിലയം ഉണ്ടായിരുന്നു. ഞങ്ങൾ പിള്ളേര് സെറ്റ് തന്നെയാണ് അവതാരകരും അനൗൺസേഴ്സുമെല്ലാം. കുറച്ചു കസേര കൂട്ടിയിട്ട് അതിന്മേൽ തുണി വിരിച്ച് ചില സംഗീത ഉപകരണങ്ങളൊക്കെ വയ്ക്കും. ചേട്ടന്റെ അനൗൺസ്മെന്റോടു കൂടിയാണ് പരിപാടി തുടങ്ങുക. “ആകാശവാണി കവളമുക്കട്ട നിലയത്തിൽനിന്നുള്ള പ്രത്യേക പരിപാടി” പിന്നങ്ങോട്ട് പാട്ടും കൂത്തുമായി മേളമാണ്.

അച്ഛൻ കുഞ്ഞുണ്ണി നായർക്ക് വലിയ വിദ്യാഭ്യാസമില്ലായിരുന്നു. പക്ഷേ വായനയിലൂടെയല്ലാതെ കിട്ടിയ അറിവുകളുടെ നിറകുടമായിരുന്നു അച്ഛൻ. പാടത്തെ പണി കഴിഞ്ഞു വന്നാൽ കുഴമ്പു തേച്ചൊരു കുളിയുണ്ട്. കുഴമ്പു തേച്ച് പിടിപ്പിക്കുന്ന സമയത്ത് മക്കളെല്ലാം ചുറ്റും കൂടും. അച്ഛൻ കഥകളുടെ കെട്ടഴിക്കുകയായി. മഹാമാന്ത്രികൻ വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരിയെക്കുറിച്ചുള്ള കഥകളൊക്കെ അത്ഭുതത്തോടെ കേട്ടിരിക്കും. അങ്ങനെയാണ് മാജിക് പഠിക്കണമെന്ന മോഹം ഉടലെടുക്കുന്നത്. ചെറിയമ്മയുടെ മകൻ വിജയേട്ടന് ചില്ലറ മാജിക് വിദ്യകൾ അറിയാം. ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ ചില മാജിക്കൊക്കെ കാണിക്കും. ഞാനാണ് പ്രധാന സഹായി. പത്താം വയസ്സിലായിരുന്നു ആദ്യ പ്രകടനം. വീട്ടുകാരും അയൽക്കാരുമാണ് കാണികൾ. പനമ്പ് കെട്ടിമറച്ച കളപ്പുരയായിരുന്നു സ്റ്റേജ്. ആദ്യ പ്രകടനം വിജയിച്ചതോടെ ഞാനുമൊരു കൊച്ചു മജീഷ്യനായി.

അച്ഛനെപ്പോലൊരു കഥ പറച്ചിലുകാരനായിരുന്നു കിടക്കശീല ശങ്കരൻ നായർ. വീടുവീടാന്തരം കയറിയിറങ്ങി കിടക്ക ഉണ്ടാക്കുകയാണ് അദ്ദേഹത്തിന്റെ ജോലി. വീട്ടിൽ ഉന്നം (പഞ്ഞി) കരുതി വച്ചിരിക്കും. ശങ്കരൻ നായർ മുറ്റത്തിരുന്ന് തുണിശീലയ്ക്കകത്തേക്ക് ഉന്നം നിറയ്ക്കും. വൈകുന്നേരമാകുമ്പോഴേക്കും കിടക്ക റെഡി. ജോലിക്കിടയിൽ പല നാട്ടിൽ നിന്ന് കേട്ട് കഥകളൊക്കെ പറയും. ഞങ്ങള്‍ കാതു കൂർപ്പിച്ചിരിക്കും. പലപ്പോഴും കുറച്ചു ദിവസം വീട്ടിൽ താമസിച്ചിട്ടാണ് അദ്ദേഹം മടങ്ങുക. വെള്ളിയാഴ്ചകളിൽ മുടങ്ങാതെ എത്തുന്നൊരു അവലുകാരത്തി ഉമ്മ ഉണ്ടായിരുന്നു. ഇടിച്ചു പൊടിച്ച അവലിന്റെ സ്വാദ് ഇന്നും നാവിലുണ്ട്. പെങ്ങൾക്ക് വളയും കൺമഷിയുമായി വന്നിരുന്ന വളച്ചെട്ടിച്ചി, പുള്ളുവൻ പാട്ടുകാർ എന്നിങ്ങനെ ഗ്രാമത്തിന്റെ പല കാഴ്ചകളും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്.

96–ൽ മാജിക് അക്കാദമി തുടങ്ങാനായി തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് വീടിന്റെ വില മനസ്സിലാക്കുന്നത്. ജീവിതത്തിലെ ഏറ്റവും ധീരവും അതുപോലെ ഏറ്റവും വിഷമം പിടിച്ചതുമായ തീരുമാനമായിരുന്നത്. ഇവിടേക്ക് എന്നെ കൊണ്ടുവന്നതിൽ സാഹിത്യകാരനായ മലയാറ്റൂർ സാറിനും വലിയൊരു പങ്കുണ്ട്.

അദ്ദേഹത്തിന്റെ നിസ്സീമമായ സഹായം കൊണ്ടാണ് പൂജപ്പുരയിൽ മാജിക് അക്കാദമി തുടങ്ങിയത്. അപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. വീട് ഭാഗം വച്ചപ്പോൾ കിട്ടിയ ഓഹരി കൊണ്ട് വലിയൊരു വീട് വാങ്ങി. പക്ഷേ മാനസികമായി ഒട്ടും സുഖം തരുന്നതായിരുന്നില്ല അവിടത്തെ താമസം. കുടുംബാംഗങ്ങൾ ഓരോ മുറികളിലേക്ക് ഒതുങ്ങിക്കൂടി. ബന്ധങ്ങൾക്ക് ഊഷ്മളത നഷ്ടമായ പോലെ. എന്തായാലും അധികനാൾ ആ വീട്ടിൽ താമസിക്കേണ്ടി വന്നില്ല. കഴക്കൂട്ടത്ത് മാജിക് പ്ലാനറ്റ് തുടങ്ങാറായപ്പോൾ ആ വീട് വിറ്റു. ഇപ്പോൾ ചെറിയൊരു ഫ്ലാറ്റിലാണ് താമസം. ചെറിയ സ്പേസുകൾ ശാരീരികമായും നമ്മെ കുടുംബാംഗങ്ങളോട് ഏറെ അടുപ്പിക്കും. അതുകൊണ്ട് ഇനി എത്ര പണം ഉണ്ടാക്കിയാലും ഒരു വലിയ വീട് ഞാന്‍ സ്വന്തമാക്കില്ല.

മാജിക് അക്കാദമിയുടേതായി 30 സെന്റ് സ്ഥലം ഉണ്ട്. അവിടെ ആർട്ടിസ്റ്റ് വില്ലേജ് എന്ന ആശയത്തിന്റെ പണിപ്പുരയിലാണ് ഞാനിപ്പോൾ. 21 വീടുകൾ ഉയർന്നു വരികയാണിവിടെ. തെരുവ് വേദിയാക്കുന്ന കലാകാരൻമാർക്ക് തണലേകാനാണീ വീടുകൾ. മാന്ത്രികർ, സര്‍ക്കസ് അഭ്യാസികൾ, ഗായകർ എന്നിങ്ങനെ പല വിഭാഗത്തിലുള്ള കലാകാരൻമാർ ഇവിടെ ഒന്നിക്കും. അവരുടെ മക്കൾക്ക് പഠിക്കാന്‍ ചെറിയൊരു വിദ്യാഭ്യാസ സ്ഥാപനവും ഉണ്ടാകും. പരസ്പരമുള്ള പങ്കുവയ്ക്കലിലൂടെ കലയും കലാകാരൻമാരും വളരും. അതിന് നാന്ദിയാകട്ടെ ഈ വീടുകൾ.

Read more- Ormayile Veedu Celebrity Corner