Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ക്ഷമിക്കാനാകാത്ത തെറ്റ്: ജി ശങ്കർ

G Shankar

ഹൈക്കോടതി മന്ദിരത്തെക്കുറിച്ചുള്ള വാർത്തകൾ ഭയാശങ്കയോടെ തന്നെയാണു ഞാനും ശ്രവിക്കുന്നത്. ഒരു വാസ്തുശിൽപിയുടെ വേവലാതികളോടെ ഈ കെട്ടിടം കാണുവാനിടയായി. ശരിയാണ്, തൂണുകൾക്കു ബലക്ഷയമുണ്ടെന്നു സംശയിക്കുന്ന രീതിയിൽ വിള്ളലുകൾ, അടർന്നു വീഴുന്ന പ്ലാസ്റ്ററിങ്, തുരുമ്പിക്കുന്ന കമ്പികൾ ഇതൊക്കെ ചില രോഗലക്ഷണങ്ങളാണ്. അവ പരിശോധിച്ചു തക്ക നടപടികളിലേക്കു നീങ്ങണം. ഇല്ലെങ്കിൽ പ്രശ്നങ്ങൾ ഇനി ഗുരുതരമായേക്കാം. പ്രത്യക്ഷത്തിൽ കെട്ടിടത്തിന്റെ ആയുസ്സിനെക്കുറിച്ചോ ബലത്തെക്കുറിച്ചോ ആശങ്കകൾക്കു വകയില്ല.

highcourt-of-kerala-14

പക്ഷേ, ഒരു വ്യവസ്ഥയുടെ ധാർമികത നഷ്ടപ്പെടുത്തുന്നത് എന്നെ വേദനിപ്പിക്കുന്നു. 2006ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഒരു ബഹുനില മന്ദിരത്തിന് അഞ്ചാറു വർഷങ്ങൾക്കകം കേടുപാടുകൾ സംഭവിക്കുന്നതും അതു ശ്രദ്ധിക്കാതെ പോയതും അക്ഷന്തവ്യമായ തെറ്റുകളായി നിലനിൽക്കുന്നു. 2015ൽ ഒരു വിദഗ്ധ പരിശോധനാ റിപ്പോർട്ട് തയാറാക്കിയതും അതിൻമേൽ നടപടികൾ സ്വീകരിക്കാതെ പോയതും എന്തുകൊണ്ടെന്നറിയില്ല.

കെട്ടിടനിർമാണത്തെ സംബന്ധിച്ചിടത്തോളം കൊച്ചി നഗരം ആവശ്യപ്പെടുന്ന അവശ്യം ചില പരിരക്ഷകളുണ്ട്. ഒന്ന്: ബഹുനില മന്ദിരങ്ങളുടെ അസ്തിവാരത്തിന്റെ രൂപകൽപന സൂക്ഷ്മ പരിശോധന ആവശ്യപ്പെടുന്നു. വളരെ ദുർബലമായ ഭൂമിയിലാണ് നാം ഇവ കെട്ടിപ്പൊക്കുന്നത്. ഈ ദൗർബല്യത്തെ മറികടക്കാനാവശ്യമായ സാങ്കേതിക സംവിധാനങ്ങളുണ്ട്. അതു ജാഗ്രതയോടെ നടപ്പിലാക്കണം. രണ്ട്: കൊച്ചി ഒരു കടൽത്തീര നഗരമാണ്. അന്തരീക്ഷത്തിലെ ലവണാംശം വലിയ ഉപദ്രവകാരികളായേക്കാം. ഇവ പല രീതിയിലും അവതരിച്ചേക്കാം; മണലിൽ പതിയിരിക്കുന്ന ഉപ്പായും കമ്പികളെ വലയം ചെയ്യുന്ന അന്തകനായും. ഇവയെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

മൂന്നാമത്തെയും നാലാമത്തെയും സത്യങ്ങൾ ഞാൻ പറയുന്നില്ല‌; സൂചിപ്പിക്കുക മാത്രം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ, സമുദ്രനിരപ്പുയർന്നാൽ ഭീഷണി നേരിടാവുന്ന ലോകനഗരങ്ങളിൽ ഒന്ന് നമ്മുടെ കൊച്ചിയാണ്. വൻ ഭൂകമ്പ സാധ്യതയുള്ള ഒരു പ്രദേശമാണെന്നും മറക്കരുത്. ശാസ്ത്രം കൈവരുതിയിലാക്കിയ മികവുറ്റ സിവിൽ എൻജിനീയറിങ് തന്ത്രങ്ങൾ കൊണ്ടു സുരക്ഷാ കവചങ്ങൾ നിർമിക്കാനാകും. പക്ഷേ, തെറ്റുകൾക്കു പരിഹാരമില്ല. ചെറിയ നോട്ടക്കുറവ് വൻ ദുരന്തങ്ങൾക്കു വഴിയൊരുക്കാം.

ഈ വാർത്ത ഉയർത്തുന്ന പ്രശ്നങ്ങളിലേക്കു തിരികെയെത്താം. 2015ലെ വിദഗ്ധ പരിശോധനാ റിപ്പോർട്ട് പല അപാകതകളും ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ കൂടെ ഒട്ടേറെ പരിഹാര മാർഗങ്ങളും. ഈ റിപ്പോർട്ട് എന്തുകൊണ്ടു നടപടികളിലേക്കു നീങ്ങിയില്ല എന്നത് ഒരു പൗരനെന്ന രീതിയിൽ എന്നെ രോഷാകുലനാക്കുന്നു.

പരിശോധനാ റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും ഗൗരവചർച്ച ആവശ്യപ്പെടുന്നു. ഒന്ന്: നിർമാണവസ്തുക്കളുടെ ഗുണമേന്മ ചോദ്യം ചെയ്യപ്പെടുന്നു. നിർമാണ വസ്തുക്കളുടെയെല്ലാം സമഗ്രമായ ഗുണമേന്മ ഉറപ്പാക്കുന്ന പലതരം പരീക്ഷണങ്ങളുണ്ട്. ഈ പരീക്ഷണ ഫലങ്ങൾ പരിശോധിച്ചു വേണം നിർമാണ പുരോഗതി വിലയിരുത്തേണ്ടത്, കോൺട്രാക്ടർക്കു തുക അനുവദിക്കേണ്ടത്. ഇപ്പോൾ ഫയലിൽ ഒന്നുമില്ലത്രെ! ഇതു കൃത്യവിലോപമാണ്. ഇവിടെയാണ് അഴിമതി ആരോപിക്കാവുന്നത്. പിന്നാമ്പുറങ്ങളിൽ നടക്കുന്ന ഇത്രയും നാറിയ കഥകൾ കേട്ടു മലയാളി മനസ്സു മടുത്തിരിക്കുന്നു. നീതിന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളിയാണിത്. ഇതു ഭരണകൂടവും കോടതിയും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കണം.

highcourt-of-kerala-15

കേരളത്തിലെ പൊതുമരാമത്തു വകുപ്പ് ഏറെ നാളുകളായി പഴി മാത്രം കേൾക്കുന്ന വകുപ്പാണ്. പക്ഷേ, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ വകുപ്പിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ മികച്ച പാരമ്പര്യമാണു നമുക്കുള്ളത്. ഈയിടെയായി ഏറെ കാലാനുസൃത പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നുമുണ്ട്. മിടുക്കരായ എൻജിനീയർമാരും ആർക്കിടെക്ടുമാരുമുണ്ട്. പക്ഷേ, എവിടെയോ, പിഴച്ച ഒരു നിഴ‍ൽ വീഴുന്നു.

ലോകത്തിലെ മിക്ക മറൈൻ ഡ്രൈവുകളുടെയും റോഡിന് ഇപ്പുറത്താണു കെട്ടിടനിർമിതികൾ. കൊച്ചിയിൽ മാത്രമാണു കടൽക്കാഴ്ചയെ മറയ്ക്കുന്ന രീതിയിൽ ഏറെ ബഹുനില മന്ദിരങ്ങളുള്ളത്. ഹൈക്കോടതി മന്ദിരത്തിനു പറ്റിയ എത്രയോ പ്രദേശങ്ങൾ കൊച്ചിയുടെ പ്രാന്തപ്രദേശത്തുണ്ട്. എല്ലാവർക്കും നഗരമധ്യത്തിൽ തന്നെ എല്ലാം വേണം. വീടും ഓഫിസും ചന്തകളും എല്ലാം. ഓരോ ദുരന്തവും അപൂർവമായ അവസരങ്ങൾ ബാക്കി വയ്ക്കുന്നു. അത്തരം പാഠമാകട്ടെ, ഹൈക്കോടതി മന്ദിരത്തിന്റെ അപനിർമിതി.

(പ്രമുഖ വാസ്തുശിൽപിയാണ് ലേഖകൻ)

Read more- Architect Construction Plan Kerala