രണ്ടാം തവണയാണ് മിലിന്ദ കേരളത്തിലെത്തുന്നത്. തിരക്ക് അൽപമൊന്നു കുറഞ്ഞപ്പോൾ മിലിന്ദയുടെ ഉൽസാഹം കൂടി.
‘നമുക്ക് കൊച്ചിയിലൂടെ ഒന്ന് ചുറ്റിയടിച്ചാലോ...?’
കെട്ടിടങ്ങളും കാഴ്ചകളും കണ്ടുള്ള യാത്രയ്ക്ക് പിന്നെ അധികസമയം കാക്കേണ്ടി വന്നില്ല. നമ്മുടെ കണ്ണ് തുറപ്പിക്കുന്ന കാര്യങ്ങളാണ് യാത്രയിൽ മിലിന്ദ പറഞ്ഞതിലേറെയും.
In conversation with Dr. Milinda Pathiraja
മെൽബൺ സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബിരുദവും ഡോക്ടറേറ്റും നേടി. കൊളംബോ ആസ്ഥാനമായ റോബസ്റ്റ് ആർക്കിടെക്ചർ വർക്‌ഷോപ്പിന്റെ സ്ഥാപകനും ഡയറക്ടറും. ശ്രീലങ്കയിലെ മൊറാത്തുവ സർവകലാശാലയിലെ ആർക്കിടെക്ചർ വിഭാഗം സീനിയർ ലക്ചറർ, മെൽബൺ സർവകലാശാലയിലെ വിസിറ്റിങ് പ്രഫസർ എന്നീനിലകളിൽ പ്രവർത്തിക്കുന്നു. ഗ്ലോബൽ ഹോൽസിം അവാർഡ് അടക്കം നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി.
ശ്രീലങ്കയിലെയും കേരളത്തിലെയും കെട്ടിടങ്ങളെ താരതമ്യപ്പെടുത്താമോ?
എത്ര സങ്കീർണമാണ് കേരളത്തിലെ പുതിയ കെട്ടിടങ്ങൾ! സ്ഥലവിനിയോഗം, ഡിസൈൻ, നിർമാണവസ്തുക്കൾ എന്നിവയിലെല്ലാം പ്രകടമാകുന്ന സങ്കീർണത എന്നെ അതിശയിപ്പിക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ലളിതമാണ് ശ്രീലങ്കയിലെ കെട്ടിടങ്ങൾ. ഇരു സമൂഹങ്ങളുടെയും ചിന്തയിലും കാഴ്ചപ്പാടിലുമുള്ള വ്യത്യാസമായിരിക്കാം ഇതിന് കാരണം.
ശ്രീലങ്കയിലെ ആർക്കിടെക്ടുമാർ ഭാഗ്യം ചെയ്തവരാണ്. ദ്വീപിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങിയ നിർമാണശൈലി രൂപപ്പെടുത്തി വഴികാട്ടാൻ കുറേപ്പേർ അവിടെയുണ്ടായിരുന്നു. ജെഫ്രി ബാവയെപ്പോലെ...
ശരിയാണ്. ട്രോപ്പിക്കൽ മേഖലയിലെ നിർമിതികൾ എങ്ങനെയാകണം എന്ന് പറഞ്ഞുതരുന്ന ഒരു പാഠപുസ്തകമാണ് ബാവ. പുതുതലമുറയിലെ ആർക്കിടെക്ടുമാരിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പക്ഷേ, ഇതിൽ ഒരു അപകടം പതിയിരിപ്പുണ്ട്. ബാവയുടെ വൈഭവത്തെ ഒരു ശൈലി എന്ന നിലയിലേക്ക് ചുരുക്കി അത് അതേപടി പിന്തുടരുന്നത് ദോഷം ചെയ്യും. ബാവ ഉയർത്തിക്കാട്ടിയ ആശയങ്ങൾ തിരിച്ചറിയുക. വർത്തമാനകാലത്തിന്റെ സാധ്യതകൾക്കും പരിമിതികൾക്കുമനുസരിച്ച് അവയെ വിമർശനാത്മകമായി സമീപിക്കുക. അതാണ് വേണ്ടത്.
മിലിന്ദയെ ജെഫ്രി ബാവ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
മുമ്പ് പറഞ്ഞതുപോലെ ബാവയുടെ ആശയങ്ങളുടെ സ്വാധീനം എന്റെ സൃഷ്ടികളിലും കണ്ടേക്കാം. ബാവ മാത്രമല്ല, മിനെറ്റ് ഡിസിൽവ, വിജിത ബാസ്നായകെ എന്നിവരൊക്കെ ഞാൻ ഇഷ്ടപ്പെടുന്ന ആർക്കിടെക്ടുമാരാണ്. മിനെറ്റിനെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. ശ്രീലങ്കയിലെ ആദ്യ വനിതാ ആർക്കിടെക്ട് ആണ് മിനെറ്റ്. കെട്ടിടത്തിലൂടെ അതിന്റെ ആർക്കിടെക്ടിനെ വായിച്ചെടുക്കാനാവില്ല എന്നതാണ് അവരുടെ ഡിസൈനിന്റെ സവിശേഷത. മിനെറ്റ് രൂപകൽപന ചെയ്ത കെട്ടിടം കണ്ടാൽ അത് മിനെറ്റിന്റെ കെട്ടിടമാണ് എന്ന് നമുക്ക് തോന്നില്ല. ആ സ്ഥലം, കാലാവസ്ഥ, വീട്ടുകാർ ഇതൊക്കെയാണ് അവരുടെ ഡിസൈൻ രൂപപ്പെടുത്തുന്നത്. അല്ലാതെ മിനെറ്റ് എന്ന വ്യക്തിയോ അവരുടെ അഭിരുചികളോ അല്ല. യാതൊരുവിധ ഈഗോയും പ്രതിഫലിക്കാത്ത രീതിയിൽ കെട്ടിടമൊരുക്കാൻ ഒരു സ്ത്രീക്ക് മാത്രമേ കഴിയൂ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
ഞാൻ എന്ന ഭാവം ഒട്ടുമില്ലാത്ത കെട്ടിടങ്ങൾ. നല്ല ആശയം! ബുദ്ധമതത്തിന്റെ സംഭാവനയല്ലേ ഇത്തരം ചിന്താധാരകൾ?
ആയിരിക്കാം. ബിസി മൂന്നാം നൂറ്റാണ്ടുമുതൽ തന്നെ ശ്രീലങ്കയിൽ ബുദ്ധമതം സജീവമാണ്. ബുദ്ധമതത്തിന്റെ കടന്നുവരവോടെ നിർമാണകലയിലും ശിൽപവിദ്യയിലുമെല്ലാം പുത്തനുണർവും ചൈതന്യവുമുണ്ടായി. ആരാധനാലയങ്ങളുടെ മാത്രമല്ല, എല്ലാത്തരം കെട്ടിടനിർമിതിയെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. ഒതുക്കമുള്ളതും പരിപാകതയുള്ളതുമായ കെട്ടിടങ്ങൾ നിർമിക്കാനും, വിഭവങ്ങള്‍ ധൂർത്തടിക്കാതെ പരസ്പരം പങ്കുവയ്ക്കാനും, ഒന്നും സ്ഥായിയല്ല എന്ന് തിരിച്ചറിഞ്ഞ് പ്രകൃതിയുമായി മറയില്ലാതെ ഇടപഴകാനുമെല്ലാം ശീലിപ്പിച്ചത് ബുദ്ധമതമാണ്. കേവലം ആശയങ്ങളിൽ നിന്ന് രൂപപ്പെട്ടതല്ല ഇവയൊന്നും. ആഴമേറിയ ദർശനങ്ങളാണ് ഊർജസ്രോതസ്സ്. ശ്രീലങ്കൻ നിർമാണകലയ്ക്ക് അതിന്റേതായ തനിമയുണ്ടെങ്കിൽ അതിന്റെ കാരണവും മറ്റൊന്നല്ല.
വൈഭവമുള്ള തൊഴിലാളികള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്താണ് ശ്രീലങ്കയിലെ സ്ഥിതി?
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ നിർമാണ മേഖല ഭീമമായി വളർന്നു. അതേസമയം തൊഴിലാളികൾ, അവരുടെ വൈദഗ്ധ്യം, സാമ്പത്തിക സ്ഥിതി ഇതിലൊന്നും ഉന്നതി ഉണ്ടായതുമില്ല. രണ്ടും തമ്മിലുള്ള സംതുലനം നഷ്ടമായി. ലോകത്താകമാനം ഇതുതന്നെയാണ് സ്ഥിതി. യാതൊരു പരിശീലനവും ലഭിക്കാത്ത അവിദഗ്ധ തൊഴിലാളികളുടെ എണ്ണം ശ്രീലങ്കയിലും വളരെ കൂടുതലാണ്. നിർമാണകലയുടെ സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ അസ്തിത്വത്തെ ബാധിക്കുന്ന കാര്യമാണിത്.
തൊഴിലാളികൾക്ക് പരിശീലനം നൽകിക്കൊണ്ടുതന്നെ കെട്ടിടം നിർമിക്കുന്ന ശൈലിയാണ് മിലിന്ദയുടേത്. രാജ്യാന്തര പുരസ്കാരം നേടിയ കമ്യൂണിറ്റി ലൈബ്രറി കെട്ടിടത്തിന്റെ നിർമാണത്തിലടക്കം ഈ രീതിയല്ലേ പിന്തുടർന്നത്?
അതെ. ‘ഓൺസൈറ്റ് ട്രെയിനിങ്’ കൊണ്ട് ഒരുപാട് പ്രയോജനങ്ങളുണ്ടെന്നാണ് എന്റെ വിശ്വാസം. കെട്ടിടനിർമാണം തന്നെ അറിവ് പകരൽ പ്രക്രിയ ആയി മാറുന്നു എന്നതാണ് മുഖ്യം. തൊഴിലാളികൾക്ക് മാത്രമല്ല, സന്നദ്ധ സംഘടനകൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവര്‍ക്കൊക്കെ ഞങ്ങള്‍ പരിശീലനം നൽകാറുണ്ട്. ആംബേപുസയിലെ ലൈബ്രറി കെട്ടിടം നിർമിച്ചത് ചെറുപ്പക്കാരായ പട്ടാളക്കാരാണ്. തൊഴിലിനെയും സ്വയംപര്യാപ്തതയെയും കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടിന്റെ ഫലമാണിത്. ആർക്കിടെക്ടുമാർക്ക് ഇതിനുള്ള ധാർമിക ബാധ്യത ഉണ്ടെന്നാണ് എന്റെ അഭിപ്രായം.
പട്ടാളക്കാർ കെട്ടിടം പണിയുന്നു. അതും വേറിട്ട രീതിയിൽ. കൗതുകമുണർത്തുന്ന കാര്യമാണല്ലോ?
മുറിവുണക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ആഭ്യന്തരയുദ്ധം ശ്രീലങ്കൻ സമൂഹത്തിൽ സൃഷ്ടിച്ച അസ്വസ്ഥതകൾ പലതായിരുന്നു. കെടുതികൾ നേരിട്ടനുഭവിച്ച ഒരു ബറ്റാലിയനിലെ ചെറുപ്പക്കാരായ പട്ടാളക്കാരാണ് ലൈബ്രറി നിർമിച്ചത്. നാട്ടുകാരുടെ സഹായത്തോടെ. ഒറ്റനോട്ടത്തിൽ നമ്മൾ കാണുന്നതിനപ്പുറത്തുള്ള തലങ്ങൾ ആർക്കിടെക്ചറിനുണ്ടെന്നതാണ് യാഥാർഥ്യം. പലപ്പോഴും അത് തിരിച്ചറിയപ്പെടുന്നില്ലെന്നു മാത്രം.
ഇത്തരത്തിലുള്ള പരിശീലനപദ്ധതിക്കായി എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം?
തെറ്റുകൾ പ്രതീക്ഷിക്കണം. ആദ്യമായി ജോലി ചെയ്തുതുടങ്ങുന്ന ആൾ എല്ലാം കൃത്യമായി ചെയ്തുകൊള്ളണമെന്നില്ല. ഈ തെറ്റുകൾ കെട്ടിടത്തിന്റെ ഈടിനെയോ ഭംഗിയെയോ ഒന്നും ബാധിക്കാൻ പാടില്ല എന്നതാണ് പ്രധാനം. ആ രീതിയിലുള്ള പ്ലാനിങ് തുടക്കം മുതൽ വേണം; ഡിസൈൻ രൂപപ്പെടുന്ന ഘട്ടം മുതൽ തന്നെ. സ്റ്റീൽ വെൽഡിങ്, മൺഭിത്തി നിർമാണം, കട്ട കെട്ടൽ എന്നിങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക രീതിക്ക് പ്രാമുഖ്യം നൽകുന്ന രീതിയിൽ കെട്ടിടം ഡിസൈൻ ചെയ്യുകയാണ് ഞങ്ങള്‍ പിന്തുടരുന്ന നയം. ലളിതമായി തുടങ്ങി പടിപടിയായി സങ്കീർണമായ മേഖലകളിലേക്കെത്തും വിധമായിരിക്കും പരിശീലനം.
മിലിന്ദയെ സംബന്ധിച്ചിടത്തോളം എങ്ങനെയാണ് ഒരു കെട്ടിടത്തിന്റെ ഡിസൈൻ രൂപപ്പെടുക?
മറ്റ് പലരെയുംപോലെ എനിക്കും അതൊരു ഉത്തരം കണ്ടെത്തൽ പ്രക്രിയയാണ്. കെട്ടിടത്തിന്റെ രൂപപ്പെടലും വികാസവുമെല്ലാം അതിന്റെ പശ്ചാത്തലവുമായി ബന്ധപ്പെട്ടതായിരിക്കും. പശ്ചാത്തലം എന്ന് പറയുമ്പോൾ നമ്മൾ കണ്ണുകൊണ്ട് കാണുന്നതു മാത്രമല്ല പരിഗണിക്കേണ്ടത്. സാമൂഹികവും സാംസ്കാരികവും പാരിസ്ഥിതികവുമായ ഒരുപാട് കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഇവയെല്ലാം കൃത്യമായി വിലയിരുത്തപ്പെടുന്നതോടെയാണ് ഡിസൈൻ രൂപപ്പെട്ടു തുടങ്ങുക. പടിപടിയായി ഓരോ പശ്ചാത്തലത്തെയും അഭിസംബോധന ചെയ്യുന്ന ഉത്തരങ്ങൾ കൂടി സൃഷ്ടിക്കപ്പെടും. ഉത്തരങ്ങളെന്നപോലെ ഡിസൈനും ആ പശ്ചാത്തലത്തിന് മാത്രം ഇണങ്ങുന്നതായിരിക്കും.