ഭാവിയിലെ കെട്ടിട നിർമ്മാണ സങ്കൽപ്പങ്ങളിലേക്കുള്ള വഴികാട്ടിയാവുന്ന കെട്ടിടം "അർബൻ മൈനിങ് ആൻഡ് റീസൈക്കിളിങ്ങിന്റെ - നെസ്റ്റ് " സൂറിക്കിലെ ഡ്യുബെൻഡോർഫിൽ തുറന്നുകൊടുത്തു. ഈ കെട്ടിട ഭാഗങ്ങൾ പൂർണമായും പുനർനിർമ്മിതിക്ക് ഉതകുന്നതും, ഉപയോഗിച്ചിരിക്കുന്ന നിർമാണവസ്തുക്കളുടെ ഭൂരിഭാഗവും റീസൈക്കിളിംങിൽ നിന്നുള്ളതുമാണ്. പ്രീ ഫാബ്രിക്കേറ്റഡിൽ നിർമ്മിച്ച ഘടകങ്ങൾ എത്തിച്ചു, രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ഒറ്റ ദിവസംകൊണ്ടാണ് കെട്ടിടത്തിന്റെ സ്ട്രക്ച്ചർ നിർമ്മാണം പൂർത്തിയാക്കിയത്.
ഊരിയെടുക്കാവുന്നതോ, അഴിച്ചെടുക്കാവുന്നതോ, മടക്കിവെക്കാവുന്നതോ തരത്തിലുള്ള കൂട്ടിയോജിപ്പിക്കലുകളെ കെട്ടിടത്തിലുള്ളു. തല്ലിപൊട്ടിച്ചെടുക്കേണ്ടതായി ഒന്നുമില്ല എന്ന് ചുരുക്കം. കെട്ടിടം പൊളിക്കുമ്പോൾ വേസ്റ്റ് മാനേജ്‍മെന്റ് പൂജ്യം ലെവലിലായിരിക്കും. വീണ്ടും ഉപയോഗിക്കാനാവാത്ത ഭാഗങ്ങൾ പോലും റീസൈക്കിളിംഗിന് അനുയോജ്യപ്രദം. ഭാവിയിൽ കെട്ടിട നിർമ്മാണ ഉൽപ്പന്നങ്ങളുടെ ലഭ്യത പരിമിതമാകുമെന്നും, കെട്ടിടഭാഗങ്ങൾ വീണ്ടുമുള്ള പുനർനിർമ്മിതിക്ക് അനുയോജ്യമായ രീതിയിലായിരിക്കണമെന്നും, കെട്ടിടാവശിഷ്ടങ്ങൾ പരിസ്ഥിതിക്ക് യോജിച്ച രീതിയിൽ വേണം നിർമ്മാർജ്ജനം ചെയ്യേണ്ടതെന്ന തിരിച്ചറിവുമാണ് നെസ്റ്റിന്റെ നിർമ്മിതിക്ക് പിന്നിൽ.
മൂന്ന് ബെഡ്‌റൂം അപ്പാർട്മെന്റും, കോൺഫറൻസ് റൂമുകളും, മറ്റ് ഓഫീസ് മുറികളും ചേർന്നതാണ് കെട്ടിടം. ഇതിലെ അപ്പാർട്മെന്റിൽ താമസമാക്കുന്ന വിദ്യാർഥികൾ അവരുടെ കെട്ടിടത്തിലെ ദൈനംദിന അനുഭവങ്ങൾ ഗവേഷകരുമായി പങ്കുവെക്കണം. കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളും വേറൊരു കെട്ടിടത്തിന്റെയും ഭാഗമാക്കാവുന്ന രീതിയിലാണ്. ഉദാഹരണത്തിന്, ബെഡ്‌റൂമോ, ഓഫിസ് മുറിയോ, കോൺഫറൻസ് ഹാളോ, കാർ പാർക്കിങ്ങോ ഒക്കെയായി മാറ്റാം. റീ സൈക്കിളിംഗിലൂടെ പ്ളാസ്റ്റിക് കുപ്പികൾ, ജീൻസ് തുണികൾ, തടികൾ തുടങ്ങിയവ നിർമ്മാണ ഘടകങ്ങളായി. കെട്ടിടത്തിലെ ഗ്ലാസ് ഭാഗങ്ങൾ പൂർണമായും റീസൈക്കിളിംഗിലൂടെ പുതുരൂപം കൊണ്ടതാണ്. പഴയ കെട്ടിടങ്ങളുടെ ലോഹ ഭാഗങ്ങൾ സ്ട്രക്ച്ചർ വർക്കിന് നന്നായി പ്രയോജനപ്പെടുത്തി.
അഞ്ചു വർഷമെടുതാണു ഈ സ്വിസ്സ്, ജർമ്മൻ, ഓസ്ട്രിയ സംയുക്ത സംരംഭം പൂർത്തീകരിച്ചത്. സ്വിസ്സ് ഫെഡറൽ ലബോറട്ടറീസ് ഫോർ മെറ്റിരിയൽസ് ടെസ്റ്റിംഗ് ആൻഡ് റിസർച്ചിന്റെ ഡ്യുബെൻഡോർഫിലെ 'എംപാ' ക്യാംപസിലാണ് കെട്ടിടം.
കൺസപ്റ്റ്, ഡിസൈൻ, പ്രോജക്റ്റ് പ്ലാനിങ് നിർവഹിച്ചത് സ്റ്റുട്ട്ഗാർട്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും, എഞ്ചിനീയറുമാരുമായ വെർണർ സോബെക്, ഡിർക് ഇ. ഹെബൽ, ഫെലിക്സ് ഹൈസൽ എന്നിവർ ചേർന്ന്. സ്ട്രക്ചറൽ ഡിസൈനും, നിർമ്മാണവും ഓസ്ട്രിയയിലെ റോയ്‌തെയിലെ കൗഫ് മാൻ ഗ്രൂപ്പും. കെട്ടിടത്തിന്റെ ആദ്യ പ്രദർശനമാണ് സൂറിക്കിലേത്. 'നെസ്റ്റ്' അതേപടിയോ, ഡിസൈൻ മാറ്റിയോ മറ്റ് യൂറോപ്യൻ നഗരങ്ങളിലും പ്രദർശനത്തിനെത്തും.