Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാറി ബേക്കർ - ഒരു വിസ്മയത്തിന്റെ 100 വർഷങ്ങൾ

baker-life-contributions സസ്‌റ്റൈനബിൾ ആർക്കിടെക്ചർ- അതായിരുന്നു ബേക്കർ മാതൃക. ഒരു നൂറ്റാണ്ടു കഴിയുമ്പോഴും ബേക്കർ ശൈലിയുടെ പ്രസക്തി വർധിച്ചു കൊണ്ടേയിരിക്കുന്നു.

ബ്രിട്ടനിൽ ജനിച്ച് ഇന്ത്യയെ നിർമിക്കാൻ നിയോഗിക്കപ്പെട്ട ആർക്കിടെക്ട്- അതായിരുന്നു ലാറി ബേക്കർ. ചെലവുകുറഞ്ഞ, പരിസ്ഥിതി സൗഹൃദ മാതൃകയിലുള്ള നിർമിതികളുടെ പ്രവാചകനായിരുന്നു ബേക്കർ. ഇത് അദ്ദേഹത്തിന്റെ ജന്മശതാബ്ധി വർഷമാണ്. പുതുതലമുറ ആർക്കിടെക്ടുകൾ പോലും ഒരു പാഠപുസ്തകം പോലെ ആദരവോടെ കാണുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക്...

laurie-baker

1917 മാർച്ച് 2 ന് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലായിരുന്നു ബേക്കറിന്റെ ജനനം. ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബിരുദം നേടിയ ശേഷം, രണ്ടാം ലോകമഹായുദ്ധത്തിൽ കലുഷിതമായിരുന്ന പ്രദേശങ്ങളിൽ അദ്ദേഹം സന്നദ്ധസേവനത്തിറങ്ങി. കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനുളള  ഒരു പദ്ധതിയുടെ നിർമാണത്തിന്റെ ഭാഗമായാണ് 1945 ൽ ബേക്കർ ഇന്ത്യയിൽ എത്തുന്നത്.

പിന്നീട് അരനൂറ്റാണ്ടുകാലം ഇന്ത്യയായിരുന്നു (അതിൽത്തന്നെ ഏറിയ പങ്കും കേരളമായിരുന്നു) അദ്ദേഹത്തിന്റെ കർമമേഖല. ഇന്ത്യയിലുടനീളം നിരവധി കുഷ്ഠരോഗാശുപത്രികൾ, ലക്‌നൗവിലെ സാക്ഷരഗ്രാമം, വെല്ലൂർ സിഎംസി ചാപ്പൽ, മദ്രാസിലെ അണ്ണാ യൂണിവേഴ്സ്റ്റിറ്റി കെട്ടിടം, സൂറത്തിലെ സാമൂഹികപഠനകേന്ദ്രം...കേവലം വീടുനിർമാണത്തിൽ ഒതുങ്ങാതെ സാമൂഹികകെട്ടുപണിയാണ് ബേക്കർ നിർവഹിച്ചത്.

കേരളത്തിൽ മാത്രം രണ്ടായിരത്തിലേറെ വീടുകളും നിർമിതികളും അദ്ദേഹത്തിന്റെ കരസ്പർശത്താൽ ജനിച്ചു. അവസാനകാലങ്ങൾ തിരുവന്തപുരത്തായിരുന്നു അദ്ദേഹം ചെലവഴിച്ചത്. തലസ്ഥാനത്ത് ഇന്നും കാഴ്ചക്കാരെ ആകർഷിക്കുന്ന ഇന്ത്യൻ കോഫീ ഹൗസ്, ആർച്ബിഷപ്പ്സ് ഹൗസ്, പൂന്തുറയിലെ മത്സ്യഗ്രാമം, ആക്കുളത്തെ ചിത്രലേഖ ഫിലിം സ്റ്റുഡിയോ തുടങ്ങി നിരവധി നിർമിതകളുടെ ശില്പി ബേക്കറായിരുന്നു.

മലയോരമേഖലകളിലും പിന്നാക്കമേഖലയായ അട്ടപ്പാടിയിലും നിരവധി വീടുകളും അടിസ്ഥാനസൗകര്യങ്ങളും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നിർമിക്കപ്പെട്ടു. ഇവിടങ്ങളിൽ പ്രാദേശികമായി ലഭ്യമായ നിർമാണവസ്തുക്കൾ കൊണ്ട് പണിത വീടുകളും, സ്‌കൂളുകളും, ആശുപത്രികളും അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. നിർമാണസാഹചര്യമനുസരിച്ച് തനിക്ക് കരഗതമായ ബ്രിട്ടീഷ് സാങ്കേതികവിദ്യയെ, ഭാരതത്തിന്റെ തനതു നിർമാണശൈലികളുമായി ഇടകലർത്തിയുള്ള അദ്ദേഹം പരീക്ഷണാത്മകശൈലി ഏറെ പ്രശംസ നേടിക്കൊടുത്തു.

bekkar-construction

അവസാനകാലത്ത് ശാരീരിക അവശതകൾ അവഗണിച്ചുപോലും നിർമാണങ്ങളുടെ മേൽനോട്ടം നിർവഹിക്കാൻ അദ്ദേഹം എത്തിയിയിരുന്നു. വികസ്വര രാജ്യങ്ങളിലെ നിർമാണസേവങ്ങൾക്ക് ഹോണററി ഡോക്ടറേറ്റുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1990 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 2005 ൽ കേരളസർക്കാർ അദ്ദേഹത്തിന്റെ സംഭാവനകളെ പുരസ്‌കാരം നൽകി ആദരിച്ചു. 2007 ൽ തൊണ്ണൂറാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങുന്നത്.

സസ്‌റ്റൈനബിൾ ആർക്കിടെക്ചർ- അതായിരുന്നു ബേക്കർ മാതൃക. പ്രകൃതി അകത്തളങ്ങളിൽ പരിലസിക്കുന്ന രീതിയിലുള്ള ഡിസൈൻ, മഴവെള്ള സംഭരണം, പരിസ്ഥിതി സൗഹൃദ നിർമാണവസ്തുക്കൾ കൊണ്ടുള്ള ഭവനനിർമ്മാണം, ഭൂകമ്പത്തെയും സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങളെയും പ്രതിരോധിക്കുന്ന  നിർമ്മാണശൈലി തുടങ്ങിയ രീതികൾക്ക് കേരളത്തിൽ വലിയ രീതിയിൽ തുടക്കം കുറിച്ചത് ബേക്കറായിരുന്നു.

 

സാധാരണക്കാരന്റെ ആവശ്യങ്ങൾ അറിഞ്ഞുള്ള ഡിസൈനിങ്, സാമൂഹിക പാർപ്പിട നിർമാണ പദ്ധതികളിലെ പങ്കാളിത്തം, പരിസ്ഥിതി   സൗഹൃദമായ ചെലവുകുറഞ്ഞ നിർമ്മാണശൈലി...ഇതുകൊണ്ടൊക്കെ 'ആർക്കിടെക്ചർ മേഖലയിലെ ഗാന്ധി' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പുതുതലമുറ ആർക്കിടെക്ടുകൾക്കും സമൂഹത്തിനുതന്നെയും ഒരു പാഠപുസ്തകമാണ് ലാറി ബേക്കർ. ഒരു നൂറ്റാണ്ടു കഴിയുമ്പോഴും ബേക്കർ ശൈലിയുടെ പ്രസക്തി വർധിച്ചു കൊണ്ടേയിരിക്കുന്നു.