സുഗതകുമാരിയുടെ തറവാട് ഇനി സംരക്ഷിതകേന്ദ്രം

അറയും നിരയുമുള്ള ഏകശാലയും അടുക്കളയും മുന്നിൽ രണ്ടുമുറിയുള്ള മറ്റൊരു കെട്ടിടവുമാണ് 65 സെന്റ് വസ്തുവിനുള്ളിൽ ഉള്ളത്.

കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയുടെ ആറന്മുള കിഴക്കേനടയിലെ രണ്ടര നൂറ്റാണ്ടിലേറെപ്പഴക്കമുള്ള വാഴുവേലിൽ തറവാട് ഇപ്പോഴുള്ള തനത് രീതിയിൽത്തന്നെ സംരക്ഷിതകേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് സന്ദർശിച്ചതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗതകുമാരിയും കുടുംബാംഗങ്ങളുമായും ചർച്ച നടത്തി അവരുടെകൂടെ അഭിപ്രായങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചായിരിക്കും പുരാവസ്തു വകുപ്പ് നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുഗതകുമാരിയുടെ അഭ്യർഥനപ്രകാരമാണ് വസ്തുവും 250ൽ അധികം വർഷം പഴക്കമുള്ള കെട്ടിടവും ഏറ്റെടുക്കാനാവശ്യമായ നടപടികൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

അറയും നിരയുമുള്ള ഏകശാലയും അടുക്കളയും മുന്നിൽ രണ്ടുമുറിയുള്ള മറ്റൊരു കെട്ടിടവുമാണ് 65 സെന്റ് വസ്തുവിനുള്ളിൽ ഉള്ളത്. തിരുവിതാംകൂറിൽ സ്ത്രീകളിൽ ആദ്യ സംസ്‌കൃതം എംഎ ബിരുദധാരിയായ കാർത്ത്യായനിയമ്മ, ഭർത്താവ് ബോധേശ്വരൻ, വിദ്യാഭ്യാസ വിദഗ്ധയായ ഡോ. ഹൃദയകുമാരി, കവയിത്രി സുഗതകുമാരി, കവയിത്രിയും യാത്രാവിവരണ കൃതികളുടെ കർത്താവുമായ ഡോ. സുജാതാദേവി തുടങ്ങിയ സാഹിത്യ പ്രതിഭകൾ താമസിച്ച ഈ തറവാട് കേരളത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തെയും സാഹിത്യ സാംസ്‌കാരിക രംഗങ്ങളെയും സ്വാധീനിച്ച ഇടമാണ്. അതുകൊണ്ടുതന്നെയാണ് പുരാവസ്തു വകുപ്പ് പ്രാചീനമായ ഈ തറവാട് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

Read more- Celebrity House ഓർമയിലെ വീട്