മലയാളിയുടെ ഹൃദയത്തിന്റെ ജാലകത്തിലേക്ക് പറന്നുവന്നിരുന്ന കൊച്ചുവാനമ്പാടിയാണ് ശ്രേയ ജയദീപ്. 12 വയസ്സിനിടെ അറുപതോളം ഗാനങ്ങൾ റെക്കോർഡ് ചെയ്യുക...മലയാളത്തിലെ മുൻനിര സംഗീതസംവിധായകരുടെ മുൻപിൽ പാടുക. ആ പാട്ടുകൾ എല്ലാം ഹിറ്റ് ആക്കുക. സാക്ഷാൽ എ ആർ റഹ്മാനെയും, ശ്രേയ ഘോഷാലിനെപ്പോലും വിസ്മയപ്പെടുത്തുക. ശ്രേയ എന്ന കൊച്ചുവാനമ്പാടി ഒരു അദ്‌ഭുതമാണ്.
അമർ അക്ബർ അന്തോണിയിലെ ‘എന്നോ ഞാനെന്റെ’ എന്ന ഗാനമാണ് ശ്രേയയെ സുപരിചിതയാക്കിയത്. ഒപ്പം എന്ന സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന പാട്ടും ഹിറ്റ്ചാർട്ടുകളിൽ ഇടംപിടിച്ചതോടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തിൽ ശ്രേയ എന്ന വാനമ്പാടി കൂടുകൂട്ടി. അടുത്തിടെ ഇറങ്ങിയ 'പുള്ളിക്കാരൻ സ്റ്റാറാ'യിലെ ടപ്പ് ടപ്പ് എന്ന കുട്ടിപ്പാട്ട്, സദൃശ്യവാക്യം 24:29 എന്ന ചിത്രത്തിലെ 'ചുന്ദരി വാവേ' എന്ന പാട്ട്, മറ്റ് ഡിവോഷണൽ സോങ്‌സ് എല്ലാം ശ്രേയയ്ക്ക് അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. സ്‌കൂൾകുട്ടികൾ ഈ പാട്ടുകൾ പ്രാർത്ഥനാഗാനം പോലെ പാടിനടക്കാൻ തുടങ്ങി.
കോഴിക്കോട് മാവൂർ റോഡിലുള്ള ശ്രേയയുടെ പുതിയ വീട് ഓണസമ്മാനമാണ്. വളരെ ചെറിയ ഒരു പ്ലോട്ടിൽ എങ്ങനെ ഇത്തരമൊരു വീട് പണിതു എന്ന് ആദ്യകാഴ്ചയിൽ തന്നെ അദ്ഭുതപ്പെട്ടുപോകും.
തുഞ്ചന്റെ പൈങ്കിളീ, പഞ്ചവർണ പൈങ്കിളീ
കൊഞ്ചും മണിച്ചുണ്ടുമായി തഞ്ചി വാ വാ
അക്ഷരങ്ങൾ കോർത്തൊരു മുത്തുമാല തന്നിടാം
എന്റെ മനോരമ്യമാം അങ്കണത്തിൽ വാ....
മലയാളം പുതുവർഷത്തിനു മലയാള മനോരമയ്ക്കായി പാടിയ പാട്ട് മൂളിക്കൊണ്ടാണ് ശ്രേയ വീട്ടിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തത്. തുഞ്ചന്റെ പൈങ്കിളി എന്ന ഈ പാട്ട് ശ്രേയയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. പക്ഷേ കക്ഷിക്ക് സെലിബ്രിറ്റിയായതിന്റെ ഗമയൊന്നും ഇല്ല. ഒരു കൊച്ചു പൂമ്പാറ്റയെപ്പോലെ വീട്ടിലാകെ പാറിപ്പറന്നു നടക്കുകയാണ് ശ്രേയക്കുട്ടി. ഇതിനിടയ്ക്ക് അനുജനുമായി ഇടി കൂടുന്നു, സമീപത്തെ വീട്ടിലുള്ള കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കുന്നു...
അമേരിക്കയിൽ ഷോ കഴിഞ്ഞു എത്തിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. കുറെ ക്‌ളാസുകൾ മിസ് ആയതുകൊണ്ട് ഏഴാം ക്‌ളാസുകാരിക്ക് കൊട്ടക്കണക്കിനു പഠിക്കാനുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ സ്‌പെഷൽ ക്‌ളാസ് കഴിഞ്ഞു എത്തിയതേയുള്ളൂ ശ്രേയ. നാളെ പരീക്ഷയുണ്ട്. പക്ഷേ അതിന്റെ ടെൻഷനൊന്നും ലവലേശമില്ലാതെ, കൂട്ടുകാർ വീട്ടിലെത്തിയാലെന്ന പോലെ ശ്രേയ വീടിനെ പരിചയപ്പെടുത്താൻ ഞങ്ങളോടൊപ്പം കൂടി.
"വീട് വയ്ക്കാൻ നേരം അച്ഛനോട് എനിക്ക് ഒരു ഡിമാൻഡ് ഉണ്ടായിരുന്നു. അത് ഞാൻ ആഗ്രഹിച്ച പോലെ തന്നെ ഉണ്ടാക്കി നൽകിയിട്ടുണ്ട്. അതെന്താണെന്നു വഴിയേ പറയാം".
ശ്രേയക്കുട്ടി ആദ്യമേ സർപ്രൈസ് നൽകി.
മിനിമലിസ്റ്റിക് ശൈലിയിലാണ് വീടിന്റെ എക്സ്റ്റീരിയർ. പുറംഭിത്തിയിൽ ക്ലാഡിങ് ടൈലുകൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. വീടിന്റെ വാതിൽ തുറന്നു ശ്രേയ അകത്തേക്ക് കയറി, കൂടെ ഞങ്ങളും...ആദ്യം ചെറിയ ലിവിങ് റൂം. പച്ച നിറത്തിലുള്ള ലെതർ ഫാബ്രിക് സോഫകൾ ഇവിടം അലങ്കരിക്കുന്നു.
ലളിതവും മനോഹരവുമായാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയത്. ചെറിയ ഇടങ്ങൾക്കെല്ലാം പരമാവധി ഉപയുക്തത നൽകിയിരിക്കുന്നു.
"ആ ഫോട്ടോ അവിടെ വയ്ക്കണമെന്നു ഞാൻ അച്ഛനോട് ഒരുപാട് വാശിപിടിച്ചു"
ശ്രേയ ലിവിങ്ങിലെ വാതിലിനു സമീപമുള്ള ഭിത്തിയിലേക്ക് കൈ ചൂണ്ടി. മുഖ്യമന്ത്രിയിൽ നിന്നും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങുന്ന ചിത്രം ഭിത്തി അലങ്കരിക്കുന്നു.
ലിവിങ്ങിനു സമീപം സ്‌റ്റെയറിന്റെ താഴെയായി ഗ്ലാസ് ഫ്ലോറിങ് നൽകി. ഇതിൽ പെബിളുകൾ വിരിച്ച് എൽഇഡി ലൈറ്റുകൾ നൽകി. വൈകുന്നേരങ്ങളിൽ ഇത് ഓൺ ആക്കുമ്പോൾ ലിവിങ് മുഴുവൻ പ്രകാശം നിറയും.
സ്ഥലപരിമിതിക്കുള്ളിലും എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചുവെന്ന് ശ്രേയയുടെ അച്ഛൻ ജയദീപ് പറയുന്നു. സുഹൃത്തും ഡിസൈനറുമായ സന്ദീപാണ് നിർമാണത്തിന് ചുക്കാൻ പിടിച്ചത്. ഇന്റീരിയറിൽ ഓപ്പൻ ശൈലി നടപ്പാക്കിയത് സ്ഥലപരിമിതി ഏറെക്കുറെ മറികടക്കാൻ സഹായകമായി.
ശ്രേയ ആവേശത്തോടെ ഊണുമുറിയിലേക്ക് ഓടി. നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ചെറിയ ഊണുമേശ. ഇതിനു പിറകിലായി ടിവി യൂണിറ്റ്. വീടിന്റെ നിറത്തിലും വലുപ്പത്തിനുമനുസരിച്ച് പ്രത്യേകം ഡിസൈൻ ചെയ്തതാണ് ഫർണിച്ചർ. ഊണുമുറിയിൽ നിന്നും വീടിനു പുറകിലേക്കിറങ്ങാൻ വാതിൽ നൽകി. ഗോവണിയുടെ സമീപം വാഷ് ഏരിയ. ഇതിൽ മൾട്ടിവുഡ് കൊണ്ട് ജാളി ഡിസൈനുകൾ നൽകിയിട്ടുണ്ട്.
"ഇതാണ് ഞങ്ങളുടെ തട്ടുകട, അച്ഛനും അമ്മയും നല്ലതുപോലെ കുക്ക് ചെയ്യും. അപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ അടുക്കളയിൽ കയറുമോ എന്ന്? ഞാനും കയറും കേട്ടോ...വൈകിട്ട് അച്ഛൻ വരുമ്പോൾ ഞാൻ ചായയിട്ട് കൊടുക്കും, അനിയന് ചോക്കലേറ്റ് ഷെയ്ക്ക് ഉണ്ടാക്കി കൊടുക്കും. ഇത്രയുമാണ് എന്റെ പാചകം."
നാലംഗ കുടുംബത്തിന് ചേരുന്ന ഒതുക്കമുള്ള അടുക്കള, ഭംഗിയുടെ കാര്യത്തിൽ ഒന്നിനും പിന്നിലല്ല. പച്ച ലാമിനേറ്റ് ഫിനിഷിലാണ് കബോർഡുകൾ തീർത്തിരിക്കുന്നത്. കൊറിയൻ ടോപ്പ് ആണ് പാതകത്തിനു നൽകിയത്. സമീപം ഒരു വർക്ക് ഏരിയയും നൽകിയിട്ടുണ്ട്. ഊണുമുറിയെയും അടുക്കളയേയും വേർതിരിക്കാൻ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ നൽകിയിട്ടുണ്ട്. ശ്രേയയുടെ അരുമയായ ഫൈറ്റർ മൽസ്യം നീന്തിത്തുടിക്കുന്ന അക്വേറിയം ഇവിടെ നൽകി.
"വേഗം വാ, നമുക്ക് മുകളിലോട്ട് പോകാം..സർപ്രൈസ് കാണണ്ടേ"...
ശ്രേയ സർപ്രൈസ് കാണിക്കാൻ തിടുക്കത്തിൽ മുകളിലേക്ക് ഓടി. കൂടെ ഞങ്ങളും.
കോണിപ്പടിയുടെ ഡിസൈനും ആധുനിക ശൈലിയോടിണങ്ങുന്നതാണ്. സ്റ്റീൽ, ഗ്ലാസ് എന്നിവകൊണ്ടാണ് കൈവരിയുടെ നിർമാണം. മുകളിലേക്ക് കയറുമ്പോൾ ഭിത്തിയിൽ ശ്രേയ അനുജനെ ഉമ്മ വയ്ക്കുന്ന ചിത്രം കാണാം. ചേച്ചിക്ക് അനുജനോട് പ്രത്യേക വാത്സല്യമാണ്. ഇടയ്ക്ക് വഴക്കടിക്കുമെങ്കിലും അനുജന് ചേച്ചിയെന്നു വച്ചാൽ ജീവനാണ്.
ഗോവണി കയറിച്ചെല്ലുമ്പോൾ കൊച്ചു പാട്ടുകാരിക്ക് ലഭിച്ച ട്രോഫികൾ വച്ച സ്റ്റാൻഡ് കാണാം. ശ്രേയ ഓരോന്നും ഞങ്ങളോട് വിവരിച്ചു. പല ട്രോഫികൾക്കും ശ്രേയയെക്കാൾ പൊക്കമുണ്ട്. കിട്ടിയ സമ്മാനങ്ങൾ എല്ലാം വയ്ക്കാൻ സ്ഥലം തികയുന്നില്ല എന്നതാണ് കക്ഷിയുടെ ഒരു വിഷമം.
താഴത്തെ നിലയിൽ കിടപ്പുമുറികൾ ഒന്നുമില്ല. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ. മൂന്നാമത്തെ മുറി ശ്രേയയ്ക്ക് പ്രിയപ്പെട്ട മ്യൂസിക് ഏരിയയാക്കി മാറ്റിയിരിക്കുന്നു.
അടുത്തതായി ഞങ്ങളെ കൊണ്ടുപോയത് കുട്ടിപട്ടാളത്തിന്റെ കിടപ്പുമുറിയിലേക്കാണ്. ശ്രേയയുടെയും അനുജൻ സൗരവിന്റെയും കിഡ്സ്‌റൂമിൽ എല്ലാ നിറങ്ങളും ഹാജർ വച്ചിട്ടുണ്ട്. ജ്യാമിതീയ രൂപങ്ങൾ സമ്മേളിക്കുന്ന കൗതുകകരമായ ഒരു ക്യൂരിയോ ഷെൽഫ് ഇവിടെ നൽകിയിട്ടുണ്ട്. മറുവശത്തെ ഭിത്തിയിൽ വാഡ്രോബ്. ശ്രേയയുടെ പ്രിയപ്പെട്ട ബാർബി പാവക്കുട്ടികൾ ഓരോ നിരയായി ഇവിടെ വിശ്രമിക്കുന്നു. പിങ്ക് ബ്ലൈൻഡ് കർട്ടൻ മുറിക്ക് ഭംഗി പകരുന്നു.
സ്നോ വൈറ്റിന്റെ ചിത്രമുള്ള ഷീറ്റ് ആണ് ശ്രേയയുടെ കട്ടിലിനെ അടയാളപ്പെടുത്തുന്നത്. അനുജൻ സ്‌പൈഡർമാൻ ഫാൻ ആണ്. അതുകൊണ്ട് ഷീറ്റിൽ സ്പൈഡർമാന്റെ ചിത്രം.
മാസ്റ്റർ ബെഡ്റൂമിലെ സവിശേഷത ഭിത്തിയിൽ വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നത് പോലെ തോന്നിക്കുന്ന വോൾപേപ്പറാണ്. ഇരുമുറികളിലും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്.
അവസാനം ശ്രേയ സർപ്രൈസ് റൂമിലേക്കെത്തി. ലൈറ്റിട്ടു. ഭിത്തിയിലേക്ക് കൈചൂണ്ടി. ഇതാണ് ആ സർപ്രൈസ്.
ഭിത്തി മുഴുവൻ ഒരു ഫോട്ടോ വാൾ ആക്കി മാറ്റിയിരിക്കുന്നു!
മോഹൻലാൽ, കമലഹാസൻ, എ ആർ റഹ്മാൻ, യേശുദാസ്, എം ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ദുൽഖർ സൽമാൻ തുടങ്ങി ശ്രേയയുടെ പ്രിയ താരങ്ങളെല്ലാം ഇവിടെ ഒരുമിക്കുന്നു. വിവിധ അവാർഡ് വേദികളിൽ വച്ചെടുത്ത ഫോട്ടോകളാണ് ഇവയെല്ലാം. ഏതോ ഫിലിം അവാർഡ് വേദിയിൽ എത്തിയപോലെ!
എതിർവശത്ത് ശ്രേയയുടെ കീബോർഡ്. പാട്ടുകാരിയുടെ സംഗീതപരിശീലനവും ഇവിടെത്തന്നെ. വുഡൻ ഫ്ലോറിങ്ങെന്നു തോന്നിക്കുന്ന തരം ടൈലുകളാണ് ഇവിടെ പാകിയത്. വശത്ത് ചെറിയ ഗ്ലാസ് ജനാല. ഇതിനു ചുറ്റും എൽഇഡി സ്ട്രിപ്പുകൾ നൽകിയിട്ടുണ്ട്.
രാത്രിയിൽ പുറത്തുനിന്നും വീട് കാണുമ്പോൾ ശ്രേയ പാടിയ പാട്ടിലെ മിനുങ്ങും മിന്നാമിനുങ്ങിനെപ്പോലെ തോന്നും.
വീടിന്റെ കാഴ്ചകൾ എല്ലാം പകർത്തി മടങ്ങാൻ നേരം വിട്ടുപോയ ആ ചോദ്യം ചോദിച്ചു: "വീടിന്റെ പേരെന്താ?"
“അയ്യോ! വീടുണ്ടാക്കുന്ന തിരക്കിൽ ഞങ്ങള്‍ പേരിടാൻ മറന്നു".
"വീടിന്റെ പേര് ഞങ്ങൾ തീരുമാനിച്ചു."
പെട്ടെന്ന് അച്ഛൻ ജയദീപ് വാതിലിലൂടെ തല പുറത്തേക്കിട്ട് പറഞ്ഞു.
"ങ്ഹേ എന്താ അച്ഛാ പേര്?" ശ്രേയയുടെ കണ്ണുകളിൽ കൗതുകം...
വീടിന്റെ പേര് 'ശ്രേയം'.
പേര് ശ്രേയയോട് പറഞ്ഞു കൊടുത്തത് ഞങ്ങളാണ്. ശ്രേയയ്ക്കും വേണ്ടേ ഒരു സർപ്രൈസ്!....
ചിത്രങ്ങൾ- അജീബ് കൊമാച്ചി, ഹരികൃഷ്ണൻ
Designer- Sandeep Kollarkandi
Overaa architects consultancy
email- overaaarchitecture@gmail.com
Mob- 9447740622
Read more on Celebrity Home Home Decoration Magazine Malayalam