വയനാട്ടിലെ 'രാമന്റെ ഏദൻതോട്ടം' കാണാം!

പ്രകൃതിരമണീയമായ വയനാട്ടിലെ വൈത്തിരിയിലാണ് ജിറാസോൾ സർവീസ്ഡ് വില്ല സ്ഥിതി ചെയ്യുന്നത്. ജിറാസോൾ എന്നാൽ പോർട്ടുഗീസ് ഭാഷയിൽ സൂര്യകാന്തി എന്നർത്ഥം.

കോടമഞ്ഞിന്റെ കമ്പളം പുതച്ചു മയങ്ങുന്ന മലനിരകൾ, ദൂരെ പച്ചപ്പട്ടണിഞ്ഞ ചേമ്പ്ര കൊടുമുടിയിൽ ചന്ദ്രൻ നിലാവ് പൊഴിച്ച് മന്ദഹാസം തൂകി നിൽക്കുന്നു. പ്രകൃതിയുടെ മനോഹരമായ ഒരു പോർട്രെയിറ്റ് പോലെയുള്ള അന്തരീക്ഷം...

തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? രാമന്റെ ഏദൻതോട്ടം എന്ന സിനിമയിലെ പോലെ പതിവുജീവിതത്തിന്റെ വിരസതകളിൽനിന്നും ഒരു ഒളിച്ചോട്ടം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? പ്രകൃതിയിലേക്ക് മടങ്ങുകയാണ് അതിനുള്ള ഏറ്റവും നല്ല മാർഗം. പ്രകൃതിരമണീയമായ വയനാട്ടിലെ വൈത്തിരിയിലാണ് ജിറാസോൾ സർവീസ്ഡ് വില്ല സ്ഥിതി ചെയ്യുന്നത്. ജിറാസോൾ എന്നാൽ പോർട്ടുഗീസ് ഭാഷയിൽ സൂര്യകാന്തി എന്നർത്ഥം.

ആഫ്രിക്കയിലെ പോർട്ടുഗീസ് കോളനിയായിരുന്ന അംഗോളയിൽ 20 കൊല്ലം ജോലി ചെയ്തതിനു ശേഷമാണ് അൻവർ നാട്ടിൽ ബിസിനസ് മേഖലയിലേക്ക് കാലെടുത്തുവച്ചത്. വൈത്തിരിയിൽ പ്രകൃതിരമണീയമായ ഈ സ്ഥലം മേടിക്കുമ്പോൾ പണി പൂർത്തിയാകാതെ കിടന്ന ഒരു കെട്ടിടമായിരുന്നു ഇവിടെയുണ്ടായിരുന്നത്. വീട് പുതുക്കിയെടുക്കാൻ പദ്ധതിയിട്ടപ്പോഴാണ് എന്തുകൊണ്ട് കെട്ടിടം ഒരു സർവീസ്ഡ് വില്ലയാക്കി മാറ്റിക്കൂടാ എന്ന ആശയം തലയിൽ ഉദിച്ചത്. അങ്ങനെയാണ് ജിറാസോൾ സർവീസ്ഡ് വില്ലയുടെ ജനനം.

50 സെന്റ് പ്ലോട്ടിൽ 4500 ചതുരശ്രയടിയിൽ  മൂന്നുനിലകളിലായാണ് ജിറാസോൾ തലയുയർത്തി നിൽക്കുന്നത്. ദീർഘനാളുകൾ ജോലി ചെയ്ത നാടിനോടുള്ള ഇഷ്ടം കൊണ്ടാകാം ആദ്യസംരംഭത്തിന്റെ കെട്ടിലും മട്ടിലും പേരിലുമെല്ലാം ആ പോർട്ടുഗീസ് സ്വാധീനം കാണാം. 

കുന്നുപോലെയുള്ള പ്ലോട്ടിന്റെ സ്വാഭാവികപ്രകൃതി നിലനിർത്തിയാണ് വീട് പുതുക്കിപ്പണിതത്. മൂന്നാം നില ട്രസിട്ട് മേച്ചിൽ ഓട് പാകിയിരിക്കുന്നു. ചുവരുകളിൽ കലാപരമായി ഗ്രാഫിറ്റിയും ചിത്രങ്ങളും നിറയുന്നു. മൺനിറത്തിലുള്ള ടൈലുകളാണ് പ്രധാന ഇടങ്ങളിൽ നിലം അലങ്കരിക്കുന്നത്. 

ആറു ലക്ഷ്വറി കിടപ്പുമുറികൾ, റൂഫ് ടോപ് റസ്റ്ററന്റ്, ബാർബിക്യൂ ഏരിയ, കിഡ്സ് ഏരിയ, മനോഹരമായ പ്രകൃതിയിലേക്ക് മിഴിതുറക്കുന്ന ട്രീ സിറ്റിങ് ഏരിയ, പർഗോള പാർട്ടി ഏരിയ,സ്വിമ്മിങ് പൂൾ എന്നിവയാണ് വില്ലയുടെ സവിശേഷതകൾ. താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികൾ, ഒന്നാം നിലയിൽ മൂന്ന് കിടപ്പുമുറികൾ, മുകൾനിലയിൽ ഒരു കിടപ്പുമുറി എന്നിങ്ങനെയാണ് ക്രമീകരണം. 

എസി സൗകര്യമുള്ള കിടപ്പുമുറികളിൽ പക്ഷേ എസി ഓൺ ആകേണ്ട കാര്യമില്ല. ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിങ്ങും അകമ്പടിയായി വാം ടോൺ ലൈറ്റിങ്ങും കിടപ്പുമുറികൾക്ക് ചാരുത പകരുന്നു.

റൂഫ്‌ടോപ് റസ്റ്ററന്റിന്റെ ചുവരുകളിൽ വീണ്ടും ഗ്രാഫിറ്റി ഹാജർ വച്ചിട്ടുണ്ട്. പുറത്ത് മരത്തിന്റെ മുകളിലായി ട്രീ സിറ്റിങ് ഏരിയ. ഇവിടേക്ക് ജിഐ ഫ്രയിമുകൾ കൊണ്ട് ഗോവണി നൽകി. പോർട്ടുഗീസ് ശൈലിയിലുള്ള പർഗോള സിറ്റിങ് ഏരിയയാണ് മറ്റൊരു സവിശേഷത. ജിഐ ഫ്രയിമുകളുളള മേൽക്കൂരയിൽ വള്ളിച്ചെടികൾ പടർന്നുകയറി പൂവിട്ടു തുടങ്ങിയിരിക്കുന്നു.

പച്ചപ്പിന്റെയും മലനിരകളുടെയും കാഴ്ച ആസ്വദിച്ചു കൊണ്ട് സ്വിമ്മിങ് പൂളിൽ നീന്തിത്തുടിക്കാം. തിരിച്ചു വയനാടൻ ചുരമിറങ്ങുമ്പോഴും മനസ്സിൽ പച്ചപ്പിന്റെ കാഴ്ചകൾ നിറഞ്ഞുനിൽക്കും... 

ചിത്രങ്ങൾ- അജീബ് കൊമാച്ചി   

Project Facts

Location- Old Vaithiri, Wayanad

Area- 4500 SFT

Plot- 50 cents

Owner- Anwar

Mob- 9495426861

Design- Sketch Interior, Calicut

Completion year- 2016

Read more on Serviced Villa Kerala Malayalam Celebrity Homes