വൈഗക്കുട്ടിക്ക് വേഗം വേണം വീട്

മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസിൽ രണ്ടാം സ്ഥാനം നേടിയ വൈഗ സിനോവ് പുതിയ വാടകവീടിനു മുന്നിൽ. അമ്മ വിജയലക്ഷ്മിയും അച്ഛൻ സിനോവും സമീപം.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിൽ സമ്മാനം നേടിയാൽ നമുക്കു വീടു വയ്ക്കുവാൻ പറ്റുമോ’. തൃപ്പൂണിത്തുറയിലെ വാടകവീട്ടിൽ ഇരുന്നു വൈഗയുടെ ചോദ്യമാണ് അച്ഛൻ സിനോവിനേയും അമ്മ വിജയലക്ഷ്മിയേയും ആ തീരുമാനം എടുപ്പിച്ചത്. ഓഡിഷൻ വിജയിച്ചു പിന്നെ പരിശീലനമായിരുന്നു. കടം മേടിച്ചും പലിശയ്ക്കെടുത്തും ഒരോ ഘട്ടങ്ങളും കടന്നു. കടത്തിൽ മൂക്കറ്റം മുങ്ങിയാണു ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്. പിൻവാങ്ങിയാലോ എന്ന് ആലോചിച്ചു. മറ്റുള്ളവരുടെ പ്രോത്സാഹനത്താൽ മുന്നോട്ടു പോകുവാൻ തീരുമാനിച്ചു. ഒടുവിൽ രണ്ടാം സ്ഥാനത്തെത്തി വൈഗക്കുട്ടി.

രണ്ടു മാർക്ക് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. എങ്കിലും സങ്കടമില്ല. ഇത്രയും എങ്കിലും എത്തിയല്ലോ. എല്ലാവരുടെയും പ്രാർഥനയ്ക്കും ദൈവത്തിനും നന്ദി.. വൈഗയുടെ കണ്ണുകളിൽ സന്തോഷം തിരതല്ലി. ചേച്ചിമാർ ഡാൻസ് കളിക്കുന്നതുകണ്ട് അതുപോലെ അനുകരിച്ച മൂന്നു വയസ്സുകാരിയെ തൃപ്പൂണിത്തുറ ശ്രീവെങ്കടേശ്വര സ്കൂളിലെ അധ്യാപിക ആതിരയാണ് ആദ്യം ശ്രദ്ധിച്ചത്. ചേച്ചിമാരോടൊപ്പം പിറകിൽ നിന്നു കളിക്കാനും അവൾക്ക് അവർ അവസരം നൽകി. അവളുടെ അസാധാരണ മെയ് വഴക്കവും ചടുലതയും അധ്യാപകരെ അമ്പരപ്പിച്ചു. സ്റ്റേജിൽ എത്തിയപ്പോൾ വൈഗ നൃത്തിന്റെ കേന്ദ്ര ബിന്ദുവായി. 

 നൃത്തം പഠിപ്പിക്കുന്ന വിഷയം ഗൗരവമായി എടുക്കണമെന്നു മാതാപിതാക്കളോട് ആവശ്യപ്പെട്ടത് അധ്യാപികയാണ്. സിനോവിനും വിജയലക്ഷ്മിയും വൈഗയെ മരട് റോക്കോൺ ഡാൻസ് സ്കൂളിൽ ചേർത്തു. അവിടത്തെ നൃത്താധ്യാപകൻ ദീപുവിന്റെ ശിക്ഷണത്തിൽ മൂന്നര വയസ്സിൽ ഓൾ കേരള ഫ്രീ സ്റ്റൈൽ മൽസരത്തിൽ അഞ്ചാം സ്ഥാനം ലഭിച്ചു. സാമ്പത്തികമായിരുന്നു മാതാപിതാക്കളെ കുഴക്കിയത്. എങ്കിലും മകളുടെ ആഗ്രഹത്തിനു മുന്നിൽ പതറി പോകാനും അവർ തയാറായിരുന്നില്ല. 

 ഡി ഫോർ ഡാൻസിൽ രണ്ടാം സമ്മാനം പത്തു ലക്ഷമാണ്. നികുതി കഴിഞ്ഞാൽ ആറു ലക്ഷം രൂപ കിട്ടും. എന്നാൽ പലിശയ്ക്ക് എടുത്തതും കടം വാങ്ങിയതും തിരിച്ചു കൊടുക്കാനെ അതു തികയുകയെന്ന് അച്ഛനും അമ്മയും പറഞ്ഞപ്പോൾ ആ കുഞ്ഞു മുഖം വിതുമ്പി. ഇനിയും തന്റെ കഴിവു കൊണ്ട് ഒരു വീട് വയ്ക്കാനുള്ള പണം കണ്ടെത്തുമെന്ന് ഉറച്ച പ്രതീക്ഷയിലാണു വൈഗ. തൃപ്പൂണിത്തുറ നഗരസഭയുടെ സഹായത്തോടുകൂടി ഒന്നര സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെങ്കിലും മാർച്ച് 31 നു മുൻപു വീടു പണിതു തുടങ്ങിയില്ലെങ്കിൽ ആ സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണിപ്പോൾ. കുറഞ്ഞ വാ‌ടക നോക്കി ഇപ്പോൾ മരട് വി.പി. പീറ്റർ റോഡിലാണു താമസം. 

തൃപ്പൂണിത്തുറ എസ്എൻ ജംക്‌ഷനിൽ വൈഗ മോട്ടോഴ്സ് എന്ന പേരിൽ ഓട്ടമൊബീൽ വർക്ക്ഷോപ്പ് നടത്തുകയാണു വൈക്കം സ്വദേശിയായ സിനോവ്. അമ്മ വിജയലക്ഷ്മി ചമ്പക്കര രാജാ പ്രസിൽ മാനേജർ ആയിരുന്നു. സിനോവിന്റെ പിതാവിന്റെ ചികിൽസയ്ക്കായി ജോലി വി‌ട്ടു. അച്ഛൻ മരിച്ചെങ്കിലും വിജയലക്ഷ്മി ഇപ്പോൾ ജോലിക്കു പോകുന്നില്ല. വൈഗയെ നോക്കൽ തന്നെ പ്രധാനം. തമന്നയും അല്ലു അർജുനുമാണു വൈഗയുടെ ഇഷ്ട താരങ്ങൾ. തമന്നയെ നേരിട്ടു കാണണം, ഓട്ടോഗ്രഫ് മേടിക്കണം. പറ്റുമെങ്കിൽ ഒപ്പം ഒരു ചുവടു വയ്ക്കണം. ഭാവിയിൽ വക്കീലാകാനാണ് ആഗ്രഹമെന്നും ഈ കൊച്ചു മിടുക്കി പറയുന്നു.

Read more on Celebrity Home