മുംബൈയിലെ വൊർലിയിൽ കടൽത്തീരത്തിന് അഭിമുഖമായാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഫ്ലാറ്റ്. 7171 ചതുരശ്രയടിയാണ് വിസ്തീർണം. താരത്തിന്റെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന തരത്തിലാണ് ഫ്ലാറ്റിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. 35–ാം നിലയിലാണ് ഫ്ലാറ്റ്. അഞ്ചുകിടപ്പുമുറികളാണ് ഫ്ലാറ്റിൽ ഉള്ളത്. 34 കോടി രൂപയാണ് ഫ്ലാറ്റിന്റെ വില. എങ്കിലും കണ്ണിൽ കുത്തിക്കയറുന്ന ആഡംബരങ്ങളെക്കാൾ സൗകര്യങ്ങൾക്കാണ് ഫ്ലാറ്റിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.
തിളക്കമുള്ള ഇടങ്ങൾക്കൊപ്പം മിനുസപ്പെടുത്താത്ത റസ്റ്റിക് ഇടങ്ങൾക്കും ഫ്ലാറ്റിൽ ഇടം നൽകിയിട്ടുണ്ട്. സ്വീകരണമുറിയിൽ ഒരു ഭിത്തി റസ്റ്റിക് ഫിനിഷിൽ ടെക്സ്ചർ പെയിന്റ് നൽകിയിരിക്കുന്നു. ജൂട്ട് ഫാബ്രിക്കിലുള്ള L സീറ്റർ സോഫയാണ് സ്വീകരണമുറി അലങ്കരിക്കുന്നത്.
സ്വീകരണമുറിയിൽ വുഡൻ പാനലിങ് നൽകി ടിവി യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നു. ഇടങ്ങളെ വേർതിരിക്കാൻ ഗ്ലാസ് പാനലുകളും നൽകിയിരിക്കുന്നു. കോഹ്‌ലി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ വാങ്ങിച്ചുകൂട്ടിയ ക്യൂരിയോകൾ ആണ് വീടിനകം അലങ്കരിക്കുന്നത്.
വളർത്തുനായകളോട് പ്രത്യേക ഇഷ്ടമാണ് കോഹ്‌ലിക്ക്. അതുകൊണ്ടുതന്നെ ഫ്ലാറ്റിനകത്ത് ലിവിങ് റൂമിലും, കോഹ്‌ലിയുടെ കിടപ്പുമുറിയിലുമൊക്കെ അവ സ്വതന്ത്രമായി വിഹരിക്കുന്നു.
കോഹ്‌ലിയുടെ മുറിയുടെ ബാൽക്കണിക്ക് സമീപം ഒരു സ്വകാര്യ സ്വിമ്മിങ് പൂളും ഒരുക്കിയിട്ടുണ്ട്. മികച്ച സംവിധാനങ്ങളുള്ള ജിംനേഷ്യവും ഫ്ലാറ്റിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
യുവരാജ് സിങ്ങിനും ഇതേ അപ്പാർട്മെന്റിൽ സ്വന്തമായി ഫ്ലാറ്റുണ്ട്. ഭാവിയിൽ കോഹ്‌ലിയുടെ ജീവിതത്തിലേക്ക് അനുഷ്ക ശർമ്മ കൂടി എത്തിയാൽ ഫ്ലാറ്റിൽ ഇന്റീരിയർ പരീക്ഷണങ്ങളുടെ സമയം ആരംഭിക്കുമെന്നാണ് വാർത്ത.
Read more on Celebrity Home