മുംബൈയിലെ ബാന്ദ്രയിൽ പെറി ക്രോസ് റോഡും ടർണർ റോഡും സംഗമിക്കുന്ന സ്ഥലത്തിന് സമീപം ഒരു മൂന്നുനില ബംഗ്ലാവ് തലയുയർത്തി നിൽപ്പുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരുടെ ദൈവത്തിന്റെ ശ്രീകോവിൽ ആണിത്. സാക്ഷാൽ സച്ചിൻ രമേശ് തെൻഡുൽക്കറിന്റെ വീട്! രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ചിട്ടും ക്രിക്കറ്റ് ദൈവത്തെ ഒരുനോക്ക് കാണാൻ നിരവധി ഭക്‌തർ ദൂരദേശങ്ങളിൽ നിന്നുപോലും ഇവിടേക്ക് എത്തുന്നു.
മൂന്ന് നിലകളിലായി പരന്നു കിടക്കുന്ന ബംഗ്ലാവിനു 6000 ചതുരശ്രയടി വിസ്തീർണമുണ്ട്. മൂന്ന് വർഷമെടുത്താണ് ഈ സ്വപ്നസൗധം സച്ചിൻ പണികഴിപ്പിച്ചത്. വീട് പണിയാൻ തുടങ്ങിയപ്പോൾ സച്ചിന്റെ ആവശ്യങ്ങൾ താരതമ്യേന ലളിതമായിരുന്നു. മകൻ അർജുനൊപ്പം ക്രിക്കറ്റ് കളിക്കാൻ പാകത്തിൽ ഗാർഡൻ, കാറുകൾ പാർക്ക് ചെയ്യാൻ ഗോഡൗൺ, അമ്മയ്ക്ക് ബുദ്ധിമുട്ടില്ലാതെ മുറികൾ ഉപയോഗിക്കാനായി ലിഫ്റ്റ്, ഭാര്യ അഞ്ജലിയുടെ സൗകര്യത്തിനും ആഗ്രഹത്തിനും അനുസരിച്ചുള്ള അടുക്കള, പിന്നെ ഇരുവരുടെയും ആഗ്രഹപ്രകാരമുള്ള പൂജ സ്‌പേസും...ഭാര്യ അഞ്ജലിയാണ് ഇന്റീരിയർ സ്‌പെഷലിസ്റ്റ്.
കുറഞ്ഞ സ്ഥലത്ത് ഇത്രയും സൗകര്യങ്ങൾ ഉൾക്കൊള്ളിക്കാനാണ് മൂന്നുനിലയായി വീട് പണിതത്. താഴത്തെ നിലയിൽ കാറുകൾ പാർക്ക് ചെയ്യാൻ ഗോഡൗൺ, പരിചാരകർക്കായി ഉള്ള മുറികൾ, മറ്റു സ്‌റ്റോറേജ് സൗകര്യങ്ങൾ എന്നിവ...മുകളിലെ രണ്ടുനിലകളിൽ സ്വീകരണമുറിയും, ഹാളും, കിടപ്പുമുറികളും, അടുക്കളയും. മുകൾനിലയിൽ ഒരു സ്വിമ്മിങ് പൂളും ജിംനേഷ്യവും ഒരുക്കിയിരിക്കുന്നു.
സച്ചിന്റെ ബാറ്റിംഗ് പോലെ ക്‌ളാസിക് ശൈലിയിലാണ് വീട് നിർമിച്ചിരിക്കുന്നത്. വിവിഐപി സുരക്ഷ ഉള്ളതിനാൽ 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിലാണ് വീടും പരിസരവും.
ബാന്ദ്രയിൽ തന്നെയുള്ള ലാ മെർ എന്ന അപാർട്മെന്റ് സമുച്ചയത്തിലെ പത്താം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു ഇവിടേക്ക് ചേക്കേറുന്നതിനു മുൻപ് സച്ചിൻ താമസിച്ചിരുന്നത്. 2015 ൽ കൊച്ചിയിലും സച്ചിൻ ഒരു വില്ല വാങ്ങിച്ചു.
Read more on Celebrity Home