മൈക്രോസോഫ്റ്റ്- ടെക് ലോകത്തിന്റെ തലവര തിരുത്തിയെഴുതിയ സ്ഥാപനം. അതിലൂടെ ലോകത്തെ ഏറ്റവും വലിയ പണക്കാരൻ എന്ന സ്ഥാനവും സ്ഥാപകൻ ബിൽ ഗേറ്റ്സിനെ പലതവണ തേടിയെത്തി. ബിൽ ഗേറ്റ്സിന്റെ ജീവിതം പോലെ തന്നെ വിസ്മയമാണ് അദ്ദേഹത്തിന്റെ വീടും. സ്മാർട്ട് ഹോം എന്ന ആശയം ശൈശവ അവസ്ഥയിൽ ആയിരുന്ന കാലത്തുതന്നെ ഗേറ്റ്സ് അതൊക്കെ തന്റെ വീട്ടിൽ പ്രാവർത്തികമാക്കി എന്നതാണ് ശ്രദ്ധേയം.
അമേരിക്കയിൽ വാഷിംഗ്ടൺ തടാകത്തെ അഭിമുഖീകരിച്ചു നിൽക്കുന്ന ഒരു കുന്നിന്റെ നെറുകയിലാണ് ബിൽ ഗേറ്റ്സിന്റെ സാനഡു എന്നറിയപ്പെടുന്ന ആഡംബരവസതി. പച്ചപ്പിനുള്ളിൽ പതുങ്ങിയിരിക്കുകയാണ് വീട്. 66,000 ചതുരശ്രയടിയാണ് വിസ്തീർണം. ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന പസഫിക് ലോഡ്ജ് ശൈലിയിലാണ് വീടിന്റെ ഡിസൈൻ. 1900 ചതുരശ്രയടി വിസ്‌തീർണമുള്ള പ്രൗഢമായ സ്വീകരണമുറി. ലോകത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഇവിടെ വിരുന്നുകാരായി എത്തിയിട്ടുണ്ട്.
വീടിനെക്കുറിച്ചുള്ള ചില കൗതുകങ്ങൾ
- ബംഗ്ലാവിൽ എത്തുന്ന അതിഥികൾക്ക് ഒരു റിമോട്ട് നൽകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മുറികളിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ വ്യക്തിയുടെ അഭിരുചിക്കനുസരിച്ച് വീട്ടിലെ ഓരോ മുറികളുടെയും താപനില, ലൈറ്റിങ്, സംഗീതം എന്നിവ ക്രമീകരിക്കും.
- വീട് വാങ്ങിയപ്പോൾ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായി ഗേറ്റ്സ് സമീപമുള്ള പല വീടുകളും കൂടെ വാങ്ങി. ഇതിനു മാത്രം ഏകദേശം 14 മില്യൻ ഡോളർ ആയത്രേ...
- 7 കിടപ്പുമുറികൾ മാത്രമേ വീട്ടിലുള്ളൂ, പക്ഷേ ബാത്റൂമുകളോ 24 എണ്ണവും! 6 അടുക്കളകളുണ്ട് ബംഗ്ലാവിൽ.
- 23 കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിലുള്ള ഗരാജുകൾ വീട്ടിലുണ്ട്. വീടിന്റെ അടിത്തട്ടിലുള്ള ഗുഹകളും കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ മാറ്റിയെടുത്തിരിക്കുന്നു.
- 40 വർഷം പ്രായമുള്ള ഒരു മേപ്പിൾ മരമുണ്ട് വീടിന്റെ വളപ്പിൽ. ഗേറ്റ്സിന് ഈ മരത്തോട് പ്രത്യേക അടുപ്പമുണ്ട്. 24 മണിക്കൂറും മേപ്പിൾ മരം ക്യാമറ നിരീക്ഷണത്തിലാണ്. കൂടാതെ ജലസേചനത്തിനായി ഓട്ടമേറ്റഡ് സംവിധാനവും ഗേറ്റ്സ് ഒരുക്കി.
- ആഡംബര വസതി ചുറ്റിക്കാണാനും അവസരമുണ്ട്. ഇതിലൂടെ ലഭിക്കുന്ന തുക മെലിൻഡ- ഗേറ്റ്സ് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നു.
1000 ചതുരശ്രയടി വലുപ്പമുള്ള ഊണുമുറി, 2100 ചതുരശ്രയടി വിസ്‌തീർണമുള്ള ലൈബ്രറി, 2500 ചതുരശ്രയടി വിസ്തൃതിയിൽ ജിം, അണ്ടർവാട്ടർ മ്യൂസിക് സിസ്റ്റമുള്ള 60 അടി നീളമുള്ള സ്വിമ്മിങ് പൂൾ...ആഡംബരങ്ങൾ നിരവധിയാണ് ഈ ബംഗ്ലാവിൽ.
ലൈബ്രറിക്ക് അര്‍ദ്ധവൃത്താകാരത്തിലുള്ള മേല്‍ക്കൂരയാണ്. ഇവിടെ ക്‌ളാസിക് നിർമിതികളെ അനുസ്മരിപ്പിക്കുന്ന താഴികക്കുടങ്ങൾ കാണാം. കോടികൾ മുടക്കി ഗേറ്റ്സ് ലേലത്തിലൂടെ സ്വന്തമാക്കിയ അപൂർവ പുരാരേഖകൾ ഈ ലൈബ്രറിയിലുണ്ട്.
നിരവധി പരിസ്ഥിതി സൗഹൃദ മാതൃകകൾ വീടിനുള്ളിൽ അവലംബിച്ചിട്ടുണ്ട്. സോളാർ പാനലുകൾ വീടിനാവശ്യമായ വൈദ്യുതി നൽകുന്നു. 17 കോടി ഡോളറാണ് ബംഗ്ലാവിന്റെ ഇന്നത്തെ മൂല്യമായി കണക്കാക്കുന്നത്. അതായത് ഏകദേശം 1000 കോടിയോളം രൂപ.