ബോളിവുഡ് കിങ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിക്കും കമനീയമായ അകത്തളങ്ങളുള്ള നിർമിതികളോടുള്ള ഇഷ്ടം പ്രസിദ്ധമാണ്. ഷാരൂഖിന്റെ വസതിയായ മന്നത്ത് ഇതിന്റെ മികച്ച ഉദാഹരണമാണ്. ഗൗരി ഖാൻ ചുരുങ്ങിയ കാലം കൊണ്ടാണ് മികച്ച ഇന്റീരിയർ ഡിസൈനർ എന്ന പേര് സ്വന്തമാക്കിയത്. മുംബൈയിലെ പ്രധാന സെലിബ്രിറ്റികൾ വീടിന്റെ ഇന്റീരിയർ ചെയ്യാൻ ഏൽപ്പിക്കുന്നത് ഗൗരിയെയാണ്.
പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ നിന്നും രക്ഷപ്പെട്ട് അവധി ആഘോഷിക്കാനായി ഷാരൂഖും കുടുംബവും അമേരിക്കയിൽ എത്തുമ്പോൾ സ്ഥിരം താമസിക്കുന്ന വസതിയാണ് കാലിഫോർണിയയിലെ ബെവേർലി ഹിൽസ് ഷാറ്റോയിലെ ഈ വില്ല.
ഇപ്പോൾ ഈ സെലിബ്രിറ്റി പരിവേഷം മാർക്കറ്റ് ചെയ്യുകയാണ് ബെവർലി വില്ല അധികൃതർ. ഷാരൂഖ് താമസിച്ച മുറിയിൽ സകുടുംബം ഒരു രാത്രി സന്ദർശകർക്ക് താമസിക്കാം. 1.96 ലക്ഷം രൂപയാണ് ഒരു രാത്രി താമസിക്കാനുള്ള വാടക.
ആഡംബരം നിറയുന്ന ആറു കിടപ്പുമുറികൾ...ഓരോ മുറികളും ഓരോ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. യൂറോപ്യൻ, കൊളോണിയൽ, ട്രഡീഷണൽ, കന്റെംപ്രറി, പീരീഡ് ശൈലികളിലാണ് മുറികളുടെ ഡിസൈൻ.. ജക്കൂസി, വിശാലമായ സ്വിമ്മിങ് പൂൾ, ടെന്നീസ് കോർട്, ജിം തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.