ഇരിങ്ങാലക്കുടയാണ് എന്റെ സ്വദേശം. അപ്പൻ, അമ്മ, ചേട്ടൻ, ചേച്ചി, ഞാൻ എന്നിവരായിരുന്നു കുടുംബം. എന്റെ ചെറുപ്പത്തിൽ നമ്മുടെ നാട്ടിൻപുറങ്ങളിൽ ഒക്കെ സാധാരണയായി കാണുന്ന ഓടിട്ട വീടായിരുന്നു ഞങ്ങളുടേത്. അന്നൊക്കെ എനിക്കും ചേട്ടനും ചേച്ചിക്കും ഒരു മുറിയായിരുന്നു. പിന്നെ വീട് പുതുക്കിപ്പണിതു. കുറച്ചുകൂടി സൗകര്യങ്ങളുള്ള കോൺക്രീറ്റ് വീടായി മാറി. അതോടെ ഞങ്ങൾക്ക് സ്വന്തമായി മുറികളും ലഭിച്ചു. വീട്ടിൽ ടിവി ഇരിക്കുന്ന മുറിയിൽ ഒരു ചാരുകസേരയുണ്ടായിരുന്നു. ചെറുപ്പത്തിൽ അതായിരുന്നു ഞങ്ങളുടെ ഫേവറിറ്റ് സ്‌പേസ്. അവിടെയിരിക്കാൻ ഞാനും ചേട്ടനും ചേച്ചിയും തമ്മിൽ അടികൂടിയിട്ടുണ്ട്.
വിവാഹത്തിന് ശേഷം ചേട്ടനും ചേച്ചിയും വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ തുടങ്ങിയതോടെ വീട് കുറച്ചുകാലത്തേക്ക് ഒന്നുറങ്ങി. പിന്നെയും വീട് സജീവമായത് എന്റെ വിവാഹത്തിന് ശേഷം ഭാര്യ ലിഡിയയും, മോൾ ഇസയും എത്തിയതോടെയാണ്. ഇപ്പോൾ മോളാണ് വീട്ടിലെ താരം.
ചെറുപ്പത്തിൽ വളരെ ഹോം സിക്ക് ആയ വ്യക്തിയായിരുന്നു ഞാൻ. സ്‌കൂളിൽ പഠിക്കുമ്പോൾ ഹാൻഡ്‌ബോൾ കളിക്കുമായിരുന്നു. അതിന്റെ ടൂർണമെന്റുകൾക്ക് പങ്കെടുക്കാനായാണ് ആദ്യമായി വീട്ടിൽനിന്നും മാറിനിൽക്കുന്നത്. സ്ഥിരമായി മാറി നിൽക്കാൻ തുടങ്ങിയത് കോയമ്പത്തൂരിൽ എൻജിനീയറിങ് പഠിക്കാൻ പോയപ്പോഴാണ്. പിന്നെ സുഹൃത്തുക്കൾ ഒക്കെ ആയപ്പോഴാണ് ഹോംസിക്നസിന് ഒരു കുറവ് വന്നത്.
ഷൂട്ടിങ് ആവശ്യങ്ങൾക്കായി ഞാൻ കൊച്ചിയിൽ ഒരു ഫ്ലാറ്റ് വാങ്ങിച്ചിട്ടുണ്ട്. അത്യാവശ്യം ഇന്റീരിയർ ഒക്കെ ചെയ്തിട്ടുമുണ്ട്. എന്നാലും അപൂർവമായി മാത്രമേ അവിടെ താമസിക്കാറുള്ളൂ. മായാനദിയുടെ ഷൂട്ടിങ് ഏറെയും കൊച്ചിയിലായിരുന്നു. അപ്പോൾ ഫ്ലാറ്റിൽ താമസിക്കുമായിരുന്നു. എന്നാലും ഫ്ളാറ്റിനേക്കാൾ എനിക്കിഷ്ടം വീട്ടിൽ താമസിക്കാനാണ്.
ഭാവിയിൽ സ്വന്തമായി ഒരു വീട് പണിയാൻ പദ്ധതിയുണ്ട്. വീട് ഒരു നിമിത്തം പോലെയാണ്. സമയമാകുമ്പോൾ നമ്മളെ തേടിവരും എന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ അഭിനയിക്കുന്ന തീവണ്ടിയുടെ ഷൂട്ടിങ് പയ്യോളി, മലബാർ ഭാഗത്തായിരുന്നു. ഷൂട്ടിങ്ങിന്റെ ഭാഗമായി വീട് വിട്ടു ഹോട്ടലിൽ താമസിക്കുമ്പോഴൊക്കെ വീട് ചെറുതായി മിസ് ചെയ്യാറുണ്ട്. കാരണം നമ്മൾ ഏറ്റവും സന്തോഷവും സമാധാനവും അനുഭവിക്കുന്നത്, നമുക്ക് നമ്മളായി ഇരിക്കാനും പെരുമാറാനും കഴിയുന്നത് നമ്മുടെ വീട്ടിൽമാത്രമാണ്.
****************
ടൊവിനോ മസിൽമാൻ ലുക്കിലെത്തുന്ന മനോരമ സെലിബ്രിറ്റി കലണ്ടറിന്റെ വിശേഷങ്ങൾ അറിയാം