വീട് വയ്ക്കാൻ തീരുമാനിച്ചപ്പോൾ എല്ലാവരും പോകുന്ന വഴിയേ തന്നെയാണ് ആര്യനും സൗമ്യയും ഇറങ്ങിത്തിരിച്ചത്. സ്വന്തം ആശയങ്ങളുമായി അവർ നിരവധി ആര്‍ക്കിടെക്ടുമാരെയും ഡിസൈനർമാരെയും കണ്ടു. പക്ഷേ, പലരും ചെവികൊടുത്തില്ലെന്നു മാത്രമല്ല, തങ്ങളുടെ ആശയങ്ങളാണ് മികച്ചതെന്ന് പറഞ്ഞു ഫലിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷേ, നിരാശരാകാതെ ഇരുവരും സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്തു.
ഏറ്റവും ഒടുവിൽ കണ്ട വിദഗ്ധൻ അരമണിക്കൂർ നേരത്തെ സംസാരത്തിനുശേഷം ബാങ്ക് അക്കൗണ്ട് നമ്പർ അയച്ചുകൊടുത്തതോടെ അവർ ആ നിർണായക തീരുമാനമെടുത്തു. ‘നമ്മുടെ വീടിന് നമ്മുടെ ഡിസൈൻ മതി. ബാക്കിയെല്ലാം വഴിയേ കാണാം.’ ആ തീരുമാനമെടുത്തതിൽ അവർക്ക് ഒരേയൊരു ദുഃഖമേ ഉളളൂ. ഈ തീരുമാനം കുറേ നേരത്തെയാകാമായിരുന്നു. കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട റൂട്ടിൽ കോണത്ത്കുന്ന് എന്ന സ്ഥലത്തുളള കൈലാസം എന്ന വീടിനെക്കുറിച്ചറിയുമ്പോൾ വായനക്കാരും ആ തീരുമാനം ശരിവയ്ക്കും.
മൂന്ന് നിലകളുളള വീടിന്റേത് സാമ്പ്രദായികമായിട്ടുളള എക്സ്റ്റീരിയർ അല്ല. പണി നടക്കുന്ന സമയത്ത് വഴിപോക്കർ വിചാരിച്ചിരിക്കുന്നത് സംഭവം ഷോപ്പിങ് കോംപ്ലക്സ് ആണെന്നാണ്. എക്സ്റ്റീരിയർ ഭംഗിക്ക് പ്രാധാന്യം കൊടുക്കാത്തതിന് ആര്യന് കൃത്യമായ ഉത്തരമുണ്ട്. ‘‘വീട്ടുകാർ കൂടുതൽ സമയവും ചെലവിടുന്നത് ഇന്റീരിയറിലാണ്. അപ്പോൾ കൂടുതൽ സുഖപ്രദമാകേണ്ടതും ഇന്റീരിയറല്ലേ? പുറംമോടി കാഴ്ച്ചക്കാർക്ക് അല്പം സന്തോഷം നൽകുമെന്ന് മാത്രം.’’
വെട്ടുകല്ല് ചെത്തിയെടുത്തിരുന്ന മടയായിരുന്നു പ്ലോട്ട്. റോഡ്നിരപ്പിൽ നിന്ന് താഴ്ന്നുകിടന്നിരുന്ന ഭൂമിയിൽ പില്ലർ കൺസ്ട്രക്ഷൻ വഴിയാണ് അടിത്തറ ഉറപ്പിച്ചത്. 16 കോൺക്രീറ്റ് തൂണുകളാണ് വീടിനെ താങ്ങിനിർത്തുന്നത്.
ചലച്ചിത്ര നടനും സംവിധായകനുമായ ആര്യൻ നല്ല വായനാശീലമുളള ആളാണ്. പ്രണയം എന്ന ചിത്രത്തിൽ അനുപം ഖേറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിരുന്നു. ഇംഗ്ലീഷ് കവയത്രിയായ ഭാര്യ സൗമ്യയുടെ ഉറ്റ ചങ്ങാതിമാരും പുസ്തകങ്ങൾ തന്നെ. അതുകൊണ്ട് ലൈബ്രറിക്ക് ഉത്തമമായ സ്പേസ് നൽകുന്നതില്‍ ഇരുവർക്കുമിടയിൽ തർക്കമുണ്ടായില്ല.
മൂന്നാം നിലയിലെ ലിവിങ് സ്പേസിലാണ് ലൈബ്രറിക്ക് ഇടം നൽകിയിരിക്കുന്നത്. ഇവിടത്തെ തടിമേശയാണ് കൗതുകകരം. തേക്കിന്റെ വേരിൽ കൊത്തിയെടുത്ത മേശയ്ക്ക് കൃത്യമായ ആകൃതിയില്ല. തടികൊണ്ടുളള സ്റ്റൂളുകളും വ്യത്യസ്തമാണ്. ഒരു തടിമില്ലിൽ, ഉപയോഗിക്കാതെ കിടന്ന പ്ലാവിൻ തടികൾ ശേഖരിച്ചാണ് ഈ സ്റ്റൂളുകൾ നിർമ്മിച്ചത്.
താഴത്തെ നിലയില്‍ വിഡിയോ എഡിറ്റിങ് സ്റ്റുഡിയോയാണ്. പുറത്തുളള പടി കയറിയാൽ രണ്ടാമത്തെ നിലയിലെ പ്രധാന വാതിലിലെത്താം. ലിവിങ്, ഡൈനിങ്, അടുക്കള തുടങ്ങിയ പൊതുഇടങ്ങളെല്ലാം രണ്ടാം നിലയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒാപൻ ശൈലിയിലുളള പ്ലാൻ ആയതിനാൽ സ്പേസ് കൂടുതൽ തോന്നിക്കും.
സിനിമകളുടെ ചർച്ചകൾക്കും മറ്റുമായി എത്തുന്ന സുഹൃത്തുക്കളെ മനസ്സിൽ കണ്ടാണ് ലിവിങ് റൂം ഒരുക്കിയത്. ഡൈനിങും കിച്ചനുമെല്ലാം തൊട്ടരികെത്തന്നെയുണ്ട്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറിനു മുകളിൽ പിടിപ്പിച്ച ബബിൾ ലൈറ്റിലാണ് ആദ്യം ശ്രദ്ധ പതിയുക. ലൈറ്റിങ് മാത്രമല്ല, എല്ലാ ഉത്പന്നങ്ങൾക്കും നല്ല അലച്ചിൽ വേണ്ടി വന്നെന്ന് വീട്ടുകാർ പറയുന്നു.
മൂന്നാം നിലയിലെ കോണിപ്പടിയിൽ വിരിച്ചിരിക്കുന്ന ടൈലിനും ചെറിയൊരു കഥ പറയാനുണ്ട്. പല കടകളിൽ കയറിയിറങ്ങിയിട്ടും മനസ്സിനിണങ്ങിയ ടൈൽ കിട്ടിയിരുന്നില്ല. യാദൃച്ഛികമായാണ് ഒരു കടയിൽ മാറ്റിയിട്ടിരിക്കുന്ന ടൈൽപീസുകൾ ശ്രദ്ധയിൽപ്പെട്ടത്. ചെറിയ പാളിച്ചകൾ ഉളളതിനാൽ കമ്പനി വേണ്ടെന്നുവച്ചവയായിരുന്നു അവ. ഇവ നല്ല വിലക്കുറവിൽ വാങ്ങിയതോടെ കോണിപ്പടി ഗ്ലാമറായി. ഇതിനിടയിലായി വായനയ്ക്കും വൈകുന്നേരത്തെ ചായയ്ക്കുമായി സീറ്റിങ്ങും ഒരുക്കിയിട്ടുണ്ട്. തടിയെന്ന് തോന്നിക്കുന്നതരം ടൈലുകളാണ് ബെഡ്റൂമുകളിൽ പാകിയത്. ഇരുട്ടത്ത് തിളങ്ങുന്ന തരം അപ്പോക്സിയും നൽകിയതോടെ തറയ്ക്കും തിളക്കമേറി.
മക്കളായ സനയ്ക്കും പീലിക്കും വേണ്ടി ഒരുക്കിയ കിഡ്സ് റൂമിലും കാര്യങ്ങൾ ക്ലാസ് ആണ്. ചുവരില്‍ കാർട്ടൂൺ കഥാപാത്രങ്ങളൊന്നും വേണ്ടെന്ന് സന ആദ്യമേ പറഞ്ഞിരുന്നു. പിങ്ക് തീമില്‍ ഒരുക്കിയ മുറിയിൽ എല്ലാം കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചാണ്. ഒന്നര വയസ്സുകാരിയായ പീലിക്ക് വേണ്ട കാര്യങ്ങൾ ഇപ്പോഴേ കണക്കു കൂട്ടിയാണ് മുറി ഒരുക്കിയതെന്ന് ആര്യൻ പറയുന്നു.
ദുബായിലെ ഫ്ലാറ്റിലെ ബെഡ്റൂമിന്റെ ഒാർമയിൽ മാസ്റ്റർ ബെഡ്റൂം വിശാലമായ ‘L’ ഷേപ്പിലാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഹോം തിയറ്ററുകാരുടെ നിർബന്ധത്തിനു വഴങ്ങി കൂടുതൽ സ്ഥലം വിട്ടു നൽകേണ്ടിവന്നു. ആ സ്വപ്ന ബെഡ്റൂം ഭാവിയിലെ വീടിനു വേണ്ടി മാറ്റിവച്ചു.
വീട്ടിൽ ഭൂരിപക്ഷം സ്ത്രീകൾക്കാകുമ്പോൾ അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കാതെ തരമില്ലല്ലോ. അങ്ങനെ രണ്ടാം നിലയിലൊരു വോക്ക്ഇൻ വാഡ്രോബ് കൂടി വന്നു. ടേബിൾ ടെന്നീസ്, കാരംസ്, തുടങ്ങിയ ബോർഡ് ഗെയിംസിനുളള സ്ഥലവും വിട്ടിട്ടുണ്ട്.
ഇനി വീടിന്റെ യഥാർഥ ഹൈലൈറ്റ് കാണണമെങ്കിൽ ടെറസ്സിലേക്ക് പോകണം. അവിടെ വാട്ടർ ടാങ്ക് 20 അടിയോളം ഉയരത്തിലാണ് സ്ഥാപിച്ചത്. ഇങ്ങോട്ടു കയറാൻ കോണിപ്പടികളും നൽകിയിട്ടുണ്ട്. ഇതോടെ കൈലാസം, അയൽക്കൂട്ടത്തിലെ ഏറ്റവും ഉയരം കൂടിയ വീടായി. തെളിഞ്ഞ ആകാശമുള്ളൊരു ദിവസം ഇവിടെ നിന്നപ്പോഴാണ് ആര്യൻ ആ കാഴ്ച ശ്രദ്ധിച്ചത്. അങ്ങ് ദൂരെ പാലക്കാടൻ മലനിരകൾ കാണാം. തീർന്നില്ല, രാത്രികളിൽ ചെറായി ബീച്ചിൽ നിന്നുളള വെളിച്ചവും കൈലാസത്തിന്റെ നെറുകയിൽ തൊടും.
ഇരിങ്ങാലക്കുട പള്ളിപ്പെരുന്നാളിന്റെ ഇന്ന് ആകാശത്തു പൊട്ടിവിരിയുന്ന വർണക്കാഴ്ചകളും വ്യക്തമായി കാണാം. ഇഷ്ടപ്പെട്ട വീടിനൊപ്പം ലഭിച്ചൊരു കിടിലൻ ബോണസ് എന്നാണ് ആര്യനും സൗമ്യയും ഇതിനെ വിശേഷിപ്പിക്കുന്നത്. ആര്യന്റെ സിനിമാസുഹൃത്തുക്കൾ പലരും തിരക്കഥാരചനയ്ക്കും ചര്‍ച്ചകൾക്കും ഇവിടെ വന്നിരിക്കാറുണ്ട്. ഭാവിയിലൊരു ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം ഇവിടെനിന്ന് പിറക്കട്ടെ എന്നാശംസിക്കാം.