കടമ്മനിട്ട രാമകൃഷ്ണന്റെ ഓർമവീട്ടിലേക്ക്...

കടമ്മനിട്ട രാമകൃഷ്ണന്റെ പഴയ വീട് കാലപ്പഴക്കംകൊണ്ട് നശിച്ചപ്പോൾ മകൻ നിർമിച്ച പുതിയ വീട്.

വാക്കുകളിൽ വിപ്ലവവീര്യം തുടിച്ചുനിന്ന കവി കടമ്മനിട്ട രാമകൃഷ്ണന്റെ വീട്ടിലേക്കാണ് യാത്ര. കവി ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും ആസ്വാദക ഹൃദയങ്ങളിൽ തീക്കാറ്റു വിതച്ച കവിതകളുടെ ഇടിമുഴക്കം നിലയ്ക്കുന്നില്ല. യാത്രയിൽ കടമ്മനിട്ട കവിതകളുടെ പടയണിത്താളം മനസ്സിൽ നിറഞ്ഞു.

വീട്ടിലെത്തിയതും ദാ, ചിരിയോടെ ‘കുളികഴിഞ്ഞ് ഈറൻ പകർന്ന് വാർകൂന്തൽ കോതി വകഞ്ഞ് പുറകോട്ട് വാരിയിട്ട്’ ശാന്തച്ചേച്ചി. കവിയുടെ നല്ലപാതി. ദുബായിൽ ജോലി ചെയ്യുന്ന മകൻ ഗീതാകൃഷ്ണനും കുടുംബവും ഒപ്പമുണ്ട്.

പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് അധിക ദിവസങ്ങളായിട്ടില്ല. വീട്ടിൽ കവിക്ക് സുഹൃത്തുക്കളൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. അതുകൊണ്ടാവാം ആരെയും കുടുംബാംഗമായി മറ്റുന്ന മാജിക് ഇവിടെ അനുഭവിച്ചറിയാൻ സാധിക്കുന്നത്.

വീട്ടുവിശേഷങ്ങൾ

പുരസ്കാരങ്ങളുടെ തുകകൊണ്ട് നാൽപതു വർഷം മുമ്പ് പത്തനംതിട്ടയിൽ കവി ഒരേക്കറും വീടും വാങ്ങി. കാലപ്പഴക്കം കൊണ്ട് വീടിന്റെ അവസ്ഥ മോശമായപ്പോഴാണ് അതുപൊളിച്ച് ഗീതാകൃഷ്ണൻ 3000 ചതുരശ്രയടിയുള്ള പുതിയ വീട് വയ്ക്കാൻ തീരുമാനിച്ചത്. കഴിവതും മരങ്ങളൊന്നും മുറിക്കാതെയാണ് വീടു പണിതത്. കൂവളം, അശോകം, അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു. കൊച്ചിയിലെ അസോഷ്യേറ്റഡ് ഇന്റീരിയേഴ്സിലെ അജിത്കുമാർ പ്ലാനും രചന ഇന്റീരിയേഴ്സിലെ എം.എൻ. ശ്യാമളൻ ഇന്റീരിയറും ഡിസൈന്‍ ചെയ്തു.

ഒറ്റ നില മതി, ആവശ്യത്തിന് കാറ്റും വെളിച്ചവും വേണം, ഇടങ്ങൾക്ക് ഒഴുക്ക് വേണം, ലിവിങ് – ഡൈനിങ് വേർതിരിവില്ലാതെ ഓപൻ പ്ലാൻ വേണം, പ്രൗഢിക്കും ലാളിത്യത്തിനും ആവണം പ്രാധാന്യം, സൗകര്യങ്ങൾ വേണം, നിറങ്ങൾ വേണ്ട എന്നിങ്ങനെ കുറച്ചാഗ്രഹങ്ങളാണ് ഗീതാകൃഷ്ണന്‍ ഡിസൈനറോടു പറ‍ഞ്ഞത്. പഴയ വീട്ടിൽ വെളിച്ചമില്ലാത്ത ഇടുങ്ങിയ മുറികളായിരുന്നു. അതുകൊണ്ട് വെളിച്ചം നിർബന്ധമായിരുന്നു. തടിയുടെ നിറവും വെള്ളയും ചേരുന്ന നിറക്കൂട്ടാണ് ഇന്റീരിയറിലേക്ക് തിരഞ്ഞെടുത്തത്.

നടുമുറ്റം തുറന്നതാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പരിചരിക്കാനുള്ള പ്രയാസം കാരണം അതു മാറ്റി. തടിയുടെ ഫിനിഷ് നൽകിയ ജിഐ പൈപ്പും ടഫൻഡ് ഗ്ലാസും കൊണ്ടാണ് നടുമുറ്റത്തിന്റെ മേൽക്കൂര നിർമിച്ചത്. തറയിൽ പോളിഷ്ഡ് പെബിൾസ് ഇട്ട് ലാമിനേറ്റഡ് ഗ്ലാസ് വിരിച്ചു.

ഫോയർ, ലിവിങ്–ഡൈനിങ്, ഫാമിലി ലിവിങ്, അടുക്കള, പൂജാമുറി, നാല് കിടപ്പുമുറികള്‍ എന്നിവ ചേരുന്നതാണ് വീട്. ഊണുമുറിയിൽനിന്ന് പുറത്തേക്കിറങ്ങാം. ഫോൾസ് സീലിങ് നൽകിയിട്ടുണ്ടെങ്കിലും ലൈറ്റിങ്ങിന്റെ ആവശ്യത്തിനായി കുറച്ചിടങ്ങളിൽ മാത്രമായി ഒതുക്കാൻ ശ്രദ്ധിച്ചു. പറമ്പിലുണ്ടായിരുന്ന തേക്കുകൊണ്ടാണ് വാതിലുകൾ പണിതത്. കട്ടിളകൾക്ക് ആഞ്ഞിലിയും. വാഡ്രോബുകൾ മൾട്ടിവുഡും പ്ലൈവുഡും കൊണ്ടാണ്. ഫർണിച്ചറിന് മഹാഗണിയും ഉപയോഗിച്ചിട്ടുണ്ട്. അടുക്കളയുടെ കാബിനറ്റ് ഷട്ടറിന് തേക്കും ഉള്ളിൽ മൾട്ടിവുഡും നൽകി. ചുവരിനോടു ചേർന്നുവരുന്ന ഇടങ്ങളിലെല്ലാം ഈർപ്പമുണ്ടാകാൻ സാധ്യതയുള്ളതിനാൽ മൾട്ടിവുഡ് നൽകി. ലിവിങ്റൂമിലെ സ്കർട്ടിങ്ങിനും പൂജായിടത്തിനും തേക്കാണ് ഉപയോഗിച്ചത്.

കടമ്മനിട്ടയ്ക്കു ലഭിച്ച പുരസ്കാരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പഴയ ഷെൽഫ് പോളിഷ് ചെയ്ത് ലിവിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയ്ക്കായി വച്ചു. ചുവരുകളിൽ നിറഞ്ഞുനിൽക്കുന്നതും കവിയുടെ ചിത്രങ്ങളാണ്.

ജനാലകൾക്കെല്ലാം തിരശ്ചീനമായ അഴികൾ മാത്രമേയുള്ളൂ. ഇത് കാണാനും ഭംഗിയാണ്; ഒപ്പം ഉള്ളിൽ കാറ്റും വെളിച്ചവും നിറയ്ക്കുകയും ചെയ്യുന്നു. ടോയ്‌ലറ്റുകൾക്കെല്ലാം നല്ല വലുപ്പമുള്ള, തടികൊണ്ടുള്ള റെഡിമെയ്ഡ് വാതിലുകളാണ് നൽകിയിട്ടുള്ളത്. ഇവയുടെ ഉൾഭാഗം ലാമിനേറ്റ് ചെയ്തിരിക്കുന്നതിനാൽ നനഞ്ഞാലും പ്രശ്നമില്ല.

മേൽക്കൂരയില്‍ തടിയുടെ ഫിനിഷുള്ള ജിഐ പൈപ്പ്കൊണ്ട് ട്രസ് ചെയ്തിരിക്കുകയാണ്. ഓട് ഇടണമെന്നാണ് വിചാരിച്ചതെങ്കിലും ഷിംഗിൾസ് കാണാൻ ഇടയായപ്പോൾ നറുക്ക് അതിന് വീണുവെന്ന് ഗീതാകൃഷ്ണൻ പറയുന്നു. വീടിനു പിന്നിൽ കാഴ്ച ലഭിക്കാത്തയിടത്ത് ഷീറ്റും ഇട്ടു. 13 അടി ഉയരമുള്ള ഈ ട്രസ് ഏരിയയിൽ ചടങ്ങുകളും കുടുംബകൂട്ടായ്മകളുമൊക്കെ സുഖമായി നടത്താം.

വീടിനോടു ചേർന്ന് ഔട്ട്ഹൗസുമുണ്ട്. അവിടെനിന്ന് ട്രസ് ഏരിയയെ മേൽപ്പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നു. രണ്ടു കാറുകള്‍ പാർക്ക് ചെയ്യാൻ സൗകര്യമുള്ള കാർപോർച്ച് വീട്ടിൽനിന്നും അൽപം മാറിയാണ്. പോർച്ചിനും എലിവേഷനിണങ്ങുന്ന രീതിയിലുള്ള മേൽക്കൂരയാണ്. മെക്സിക്കൻ ഗ്രാസ് വിരിച്ച ലാൻഡ്സ്കേപ്പിന് കരിങ്കൽ ലാംപ് ഷേഡുകൾ അഴകേകുന്നു.

കാഴ്ചയ്ക്കു ലളിതമെങ്കിലും കവിയുടെ ഓർമകളാല്‍ സമ്പന്നമാണ് ഈ വീട്.

ചിത്രങ്ങള്‍: ഹരികൃഷ്ണൻ