വിമാനം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗ കൃഷ്ണ. കോഴിക്കോട്ടെ നാട്ടുമ്പുറത്തുകാരി അടുത്തിടെ കൊച്ചിയിലേക്ക് കുടിയേറി. ദുർഗ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
റേഞ്ചില്ലാത്ത വീട്...
കോഴിക്കോട് ജില്ലയിലെ ഉൾനാടൻ ഗ്രാമമായ പുല്ലല്ലൂർ ആണ് എന്റെ സ്വദേശം. പച്ചപ്പട്ടുടുത്ത വയലുകളും തണൽമരങ്ങളും മൺവഴികളും ഒക്കെയുള്ള തനിനാടൻ പ്രദേശം. അവിടെ പഴയ കേരളശൈലിയിലുള്ള ഒരു തറവാട് വീടാണ് ഞങ്ങളുടേത്. അച്ഛൻ, അമ്മ, അനിയൻ, അച്ഛച്ചൻ, അച്ഛമ്മ എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ കുട്ടികാലത്തൊക്കെ നാട്ടിൽ കറന്റ് കട്ടും, വോൾട്ടേജ് ക്ഷാമവും പതിവായിരുന്നു. ചെറുപ്പത്തിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്നു പഠിച്ചതൊക്കെ ഇന്ന് ഓർക്കുമ്പോൾ രസമാണ്.
പത്താം ക്‌ളാസ് വരെ ഞാൻ വീടിനടുത്തുള്ള സ്‌കൂളിലാണ് പഠിച്ചത്. പ്ലസ് ടു, കോളജ് കാലം കണ്ണൂരായിരുന്നു. അന്നാണ് ആദ്യമായി വീട്ടിൽ നിന്നും മാറിനിൽക്കുന്നത്. ആദ്യമൊക്കെ ഭയങ്കര വിഷമം ആയിരുന്നു. പിന്നെ കൂട്ടുകാർ ഒക്കെ ആയപ്പോൾ മാറി.
നാട്ടിലുള്ള ഒരു പ്രശ്നം മൊബൈലിനു റേഞ്ച് കിട്ടില്ല എന്നതാണ്. എവിടെയെങ്കിലും ഒരു സ്ഥാനത്ത് റേഞ്ച് ആവാഹിച്ചു വയ്ക്കണം. അവിടെ നിന്നും ഒരടി മാറിയാൽ പോയി. സിനിമയുമായി ബന്ധപ്പെട്ട നിരവധി കോളുകൾ ഇങ്ങനെ ലഭിക്കാതായപ്പോൾ ഞാൻ അമ്മയുടെ കോഴിക്കോട് നടക്കാവിലുള്ള വീട്ടിലേക്ക് മാറി. സിനിമയുമായി ബന്ധപ്പെട്ട് കൊച്ചി കാക്കനാട്ട് ഫ്ലാറ്റ് എടുത്തിട്ട് ഒരു മാസം ആകുന്നതേ ഉള്ളൂ.
ഇന്റീരിയർ ഡിസൈനിങ്...
വീട് ഒരുക്കി വയ്ക്കുന്നതിൽ താല്പര്യമുളള വ്യക്തിയാണ്. കാക്കനാട്ടെ ഫ്ളാറ്റ് കയ്യിൽകിട്ടിയിട്ട് ഒരു മാസമല്ലേ ആയുള്ളൂ...ചെറിയ പരീക്ഷണങ്ങൾ ഞാൻ തുടങ്ങിയിട്ടുണ്ട്. ചെറിയ ഫ്രയിമുകളുടെയും പാനലുകളുടെയും അകത്ത് തുണിയുടെ ത്രെഡുകൾ കൊണ്ട് ഡിസൈനുകൾ ഉണ്ടാക്കി കൂടെ എൽഇഡി ലൈറ്റുകൾ തിരുകി വയ്ക്കും. ലൈറ്റ് ഇടുമ്പോൾ അപ്പോൾ ആ ഭാഗം കാണാൻ നല്ല ഭംഗിയായിരിക്കും.
ധാരാളം ഗ്ലാസ് ജനാലകളുണ്ട് ഫ്ലാറ്റിൽ. ഞാൻ ആദ്യം അതിന്റെ ഗ്രില്ലുകൾ എല്ലാം ഊരിമാറ്റി. ഇപ്പോൾ കുറച്ചുകൂടെ കാറ്റും വെളിച്ചവും അകത്തേക്ക് എത്തുന്നു. പുറത്തെ കാഴ്ചകളും തടസമില്ലാതെ കാണാം. ഇന്റീരിയറിനു ചേരുന്ന കുറച്ച് കർട്ടനുകൾ എടുക്കുകയാണ് അടുത്ത പദ്ധതി.
ബാൽക്കണിക്ക് സമീപമുള്ള വരാന്തയാണ് എന്റെ ഫേവറിറ്റ് സ്പോട്. അവിടെയിരുന്നാൽ രാത്രിയിൽ മഞ്ഞവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന കൊച്ചി നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാം.
തിരിച്ചു വിളിക്കുന്ന വീട്...
ആദ്യമായി വീടുവിട്ട് കൊച്ചിയിലേക്ക് മാറിയപ്പോൾ വീട് നന്നായി മിസ് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ അഡ്ജസ്റ്റായി വരുന്നു. എത്രയൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം എന്റെ നാടും വീടും തന്നെയാണ്. ഇപ്പോഴും കൊച്ചിയിൽ നിന്നും നാട്ടിലേക്ക് എത്തുമ്പോൾ മനസ്സ് വല്ലതെ റിഫ്രഷ്ഡ് ആകും. അവിടെയുള്ള ശുദ്ധവായു, കിളികളുടെ ശബ്ദം, വയൽ, കുളം, അമ്പലം, ഉത്സവങ്ങൾ...അതൊക്കെ തരുന്ന സന്തോഷവും സമാധാനവും ഒന്നുവേറെതന്നെയാണ്.