ചേക്കേറാനൊരു തണൽവീട്...

നാലു ചുവരുകൾക്കും മേൽക്കൂരയ്ക്കുമപ്പുറം വീടുകൾക്ക് അർഥവും വ്യാപ്തിയും ലഭിക്കുന്നത് ഇതുപോലെയുള്ള തണൽവീടുകൾ ഉണ്ടാകുമ്പോഴല്ലേ...

ഇതൊരു നന്മയുടെ കഥയാണ്... 

യൗവനം മുഴുവൻ മക്കൾക്കും കുടുംബത്തിന് വേണ്ടി അക്ഷീണം അധ്വാനിച്ചിട്ടും, പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകൾ വരുമ്പോൾ, സ്വന്തം വീട്ടിൽ പോലും ആവശ്യമായ പരിഗണനയോ സ്നേഹമോ ലഭിക്കാതെ അവഗണിക്കപ്പെടുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടിൽ. ചിലർ വൃദ്ധസദനങ്ങളുടെ മടുപ്പിക്കുന്ന ഏകാന്തതയിൽ ജീവിതം തള്ളിനീക്കാൻ നിർബന്ധിക്കപ്പെടുന്നു. പ്രായവും രോഗവും മൂലം കുടുംബത്തിൽ നിന്നും അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങൾക്ക് തണലേകുകയാണ് തണൽവീട് എന്ന എൻജിഒ. 

ഡോക്ടർ ഇദ്രിസിന്റെ ആഭിമുഖ്യത്തിൽ 2002 ൽ പാലിയേറ്റിവ് സംരംഭമായി ആരംഭിച്ച തണൽ 2008 ലാണ് ട്രസ്റ്റ് ആയി രൂപീകൃതമാകുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ ആരും സഹായമില്ലാത്ത വൃദ്ധരും രോഗികളുമായ മനുഷ്യരിലേക്ക് പാലിയേറ്റിവ് പ്രവർത്തനങ്ങളുമായി എത്തിത്തുടങ്ങി. കിടപ്പിലായ വൃദ്ധരോഗികളെ വൃദ്ധസദനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പലരും സ്വീകരിച്ചില്ല. അതോടെ നിരന്തര പരിചരണം ആവശ്യമുള്ളവർക്ക് അതുനൽകാൻ ഒരു ബദൽ സംവിധാനം ഉണ്ടാകണം എന്ന ചിന്തയിൽനിന്നാണ് തണൽ എന്ന കൂട്ടായ്മ 2008 ൽ രൂപപ്പെടുന്നത്

മാഹിയിൽ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തായിരുന്നു തുടക്കം. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ എടച്ചേരി, കണ്ണൂർ, കർണാടകയിലെ മടിക്കേരി എന്നിവിടങ്ങളിൽ തണലിന് ശാഖകളുണ്ട്. ഈ മൂന്നിടങ്ങളിലും കൂടെ ഏകദേശം മുന്നൂറോളം ആളുകൾ ചേക്കേറിയിരിക്കുന്നു. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ തികച്ചും ജനകീയ പിന്തുണയോടെയാണ് തണലിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. 

ഇടച്ചേരിയിലെ മൂന്നുനില കെട്ടിടത്തിൽ വാർധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്നവരെ പരിചരിക്കാനായി ജെറിയാട്രിക്സ് വിഭാഗം, മാനസിക ദൗർലഭ്യങ്ങൾ അനുഭവിക്കുന്നവരെ ചികിൽസിക്കുന്ന സൈക്യാട്രി വിഭാഗം വൃക്കരോഗികളുടെ പരിചരണത്തിനായി ഡയാലിസിസ് വിഭാഗം എന്നിവ പ്രവർത്തിക്കുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വ്യത്യസ്ത ബ്ലോക്കുകൾ ഇവിടെ നിർമിച്ചിട്ടുണ്ട്. നാലു നഴ്‌സുമാർ, നാലു സൈക്കോളജിസ്റ്റ്, മറ്റ് സഹായികളും ഇവിടെ പ്രവർത്തിക്കുന്നു. ഇതുകൂടാതെ സാമൂഹിക സേവന സന്നദ്ധരായ നിരവധി പേരും തണലിന് കീഴിൽ അണിനിരക്കുന്നു. 

ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്‌കൂളും ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഇവിടെ നൂറ്റിഅറുപതോളം കുട്ടികൾ പഠിക്കുന്നു. സാമൂഹിക സേവനം പോലും ഷോ ഓഫിനുള്ള വേദിയായി മാറുന്ന ഈ കാലത്ത് മനസ്സിൽ നന്മയുള്ള നിരവധി മനുഷ്യർ ഈ വീടിന് നിശബ്ദം സഹായഹസ്തമേകുന്നു.

അനാഥാലയം എന്ന വാക്ക് ഒരിടത്തുപോലും ഇവർ ഉച്ചരിക്കാറില്ല. ഇതവർക്ക് സ്വന്തം വീടാണ്. അല്ലെങ്കിലും നാലു ചുവരുകൾക്കും മേൽക്കൂരയ്ക്കുമപ്പുറം വീടുകൾക്ക് അർഥവും വ്യാപ്തിയും ലഭിക്കുന്നത് ഇതുപോലെയുള്ള തണൽവീടുകൾ ഉണ്ടാകുമ്പോഴല്ലേ...

ചിത്രങ്ങൾ - അജീബ് കൊമാച്ചി