റോജർ ഫെഡററുടെ വീട്!

സൂറിക് തടാകത്തിലേക്ക് മനോഹര കാഴ്ചകൾ ലഭിക്കുംവിധമാണ് ഗ്ലാസ് വീടിന്റെ നിർമാണം. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം

പ്രായം തോറ്റു പോകുന്ന അപൂർവ പ്രതിഭാസമാണ് റോജർ ഫെഡറർ. ഓരോ തവണ കാലം കഴിഞ്ഞു എന്ന് വിമർശകർ എഴുതിത്തള്ളിയപ്പോഴും ഫീനിക്സ് പക്ഷിയെപ്പോലെ ഫെഡറർ ഉയർത്തെഴുന്നേറ്റു. അടുത്തിടെ 20 ഗ്രാൻഡ്സ്ലാമുകൾ പൂർത്തിയാക്കി ലോക ഒന്നാം നമ്പർ സ്ഥാനത്തേക്ക് വീണ്ടും തിരിച്ചു വന്നു താരം. 

ടെന്നീസ് രാജാവിന് ഒന്നിലേറെ വീടുകൾ സ്വന്തമായുണ്ട്. ദുബായിൽ ലക്ഷ്വറി അപ്പാർട്മെമെന്റും ദക്ഷിണാഫ്രിക്കയിൽ ബംഗ്ലാവുമുണ്ട്. എങ്കിലും മത്സരങ്ങൾ ഇല്ലാത്തപ്പോൾ ഫെഡറർ കൂടുതൽ സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് സ്വിറ്റ്സർലൻഡിലെ വാൽബെല്ലയിലെ ഗ്ലാസ് വീട്ടിലാണ്. 2014 ലാണ് ഫെഡറർ ഈ വീട് വാങ്ങുന്നത്. സൂറിക് തടാകത്തിലേക്ക് മനോഹര കാഴ്ചകൾ ലഭിക്കുംവിധമാണ് ഗ്ലാസ് വീടിന്റെ നിർമാണം.

ദി റസിഡൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ മൂന്ന് നില വീട് പരിസ്ഥിതി സൗഹൃദമായാണ് നിർമിച്ചത്. പല തട്ടുകളായുള്ള ഭൂമിയുടെ കിടപ്പിന് മാറ്റം വരുത്താതെ പല തട്ടുകളായി തന്നെയാണ് വീടിന്റെയും നിർമാണം. ഒന്നര ഏക്കറിൽ പലതട്ടുകളായി സ്ഥിതി ചെയ്യുന്ന വീട്ടിൽ താരത്തിന് പരിശീലിക്കാനായി ഇൻഡോർ ടെന്നീസ് കോർട്ട്, ആധുനിക സൗകര്യങ്ങളുള്ള ജിംനേഷ്യം, സ്വിമ്മിങ് പൂൾ, ഭൂഗർഭ പാർക്കിങ് ഏരിയ എന്നിവയുമുണ്ട്.

വസതിയുടെ നാലുവശത്തും സൂറിക് നദിയിലേക്ക് കാഴ്ച ലഭിക്കുന്ന ബാൽക്കണിയും കിളിവാതിലുകളും കാണാം. വീടിനുള്ളിൽ ഇരുന്നാലും പുറത്തെ മനോഹരകാഴ്ചകൾ ആസ്വദിക്കാം. 

ഫ്ളോറിങ്ങിലും ഫർണിഷിങ്ങിലും തടിയാണ് കൂടുതലും ഉപയോഗിച്ചത്. ഒഴുകിനടക്കുന്ന പോലെയുള്ള ഫ്ള്യൂയിഡ് ഡിസൈനാണ് ഇന്റീരിയറിൽ. നാച്വറൽ സ്‌റ്റോൺ ക്ലാഡിങ് ഇന്റീരിയറിൽ പലയിടത്തും നൽകിയിട്ടുണ്ട്.

ഫെഡററിന്റെ മാതാപിതാക്കളായ റോബർട്ടും ലിനറ്റും ഇവിടെയാണ് താമസം. ഭാര്യ മിർക്കയും മക്കളായ ലെന്നി, ലിയോ, ചാർലീൻ, മൈല എന്നിവരും ചേരുമ്പോൾ ഫെഡററിന്റെ വീട് പൂർണമാകുന്നു.