ഹൃതിക് റോഷന്റെ മുൻഭാര്യ എന്ന നിലയിലാണ് സുസൈൻ ഖാനെ കൂടുതൽ പേർക്കും പരിചയം. എന്നാൽ സുസൈൻ കഴിവുതെളിയിച്ച ഒരു ഇന്റീരിയർ ഡിസൈനർ കൂടിയാണ്. കലിഫോർണിയയിലെ ബ്രൂക്ക്സ് കോളജിൽ നിന്നും 1995 ൽ ഇന്റീരിയർ ഡിസൈൻ ആർട് ബിരുദം സ്വന്തമാക്കിയ സുസൈൻ 2011 ൽ ചാർക്കോൾ പ്രോജക്ട് എന്ന പേരിൽ ആരംഭിച്ച, ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇന്റീരിയർ ഡിസൈൻ സ്‌റ്റോറുകളിൽ ഒന്നിന്റെ ഉടമയാണ്. സ്വന്തം പേരിൽ ബ്രാൻഡഡ് ഫർണിച്ചർ കലക്‌ഷനും അവർ പുറത്തിറക്കിയിട്ടുണ്ട്.
അടുത്തിടെ പുണെയിലെ മുൻനിര ഡവലപ്പർമായ പഞ്ചശീൽ റിയൽറ്റിയിൽ നിന്നും താരം സ്വന്തമായി ഒരു ഫ്ലാറ്റ് കരസ്ഥമാക്കി. ഫർണിഷ് ചെയ്യാത്ത ഫ്ലാറ്റ് വാങ്ങി സുസൈൻ സ്വയമായി ഡിസൈൻ ചെയ്ത് എടുക്കുകയായിരുന്നു. ഇവിടെ തന്റെ ഇന്റീരിയർ കരവിരുത് മുഴുവൻ സുസൈൻ പ്രകടിപ്പിച്ചിട്ടുണ്ട്. 5500 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ മൂന്ന് കിടപ്പുമുറികളുണ്ട്. പുണെയിലുള്ള പഞ്ചശീലിന്റെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തതും സുസൈൻ തന്നെ.
പഴമയുടെയും പുതുമയുടെയും കലാപരമായ മിശ്രണമാണ് തനിക്ക് പ്രിയപ്പെട്ട ഡിസൈൻ ശൈലി എന്ന് പറയുന്നു സുസൈൻ. ഇതേശൈലി തന്നെയാണ് ഫ്ലാറ്റിലും പിന്തുടർന്നിരിക്കുന്നത്.
ലിവിങ് റൂം വുഡൻ തീമിലാണ് ഒരുക്കിയത്. നിഷുകളും ക്യൂരിയോകളും തൂക്കുവിളക്കുകളും ലിവിങ്ങിനു ഭംഗി കൂട്ടുന്നു. 1950 കളുടെ പഴക്കമുള്ള മെറ്റലിൽ നിർമിച്ച കുതിരയുടെ ക്യൂരിയോ ശ്രദ്ധേയമാണ്.
വിശ്രമമുറി പേർഷ്യൻ ശൈലിയിലാണ്. ഭിത്തികളിൽ നിറയെ ഛായാചിത്രങ്ങൾ നിറഞ്ഞിരിക്കുന്നു. പേർഷ്യൻ ചിത്രകാരൻ വരച്ച മർലിൻ മൺറോയുടെ ചിത്രം ശ്രദ്ധേയമാണ്. കിടപ്പുമുറികൾ ബ്ലാക്& വൈറ്റ് തീമിലാണ്.
മക്കളായ ഹൃദാനും ഹൃദാനും കൂടെയെത്തുമ്പോൾ സുസൈൻറെ ഫ്ലാറ്റ് സജീവമാകും. വേർപിരിഞ്ഞെങ്കിലും കുട്ടികൾക്ക് വേണ്ടി ഹൃതിക്കും സൂസൈനും ഒത്തുചേരാറുണ്ട്.