വീട് ഒരേസമയം മലയാളിക്ക് സ്വപ്നവും ഓർമയുമാണ്. ഭാവിയിൽ പണിയാൻ ആഗ്രഹിക്കുന്ന വീടിനെ കുറിച്ചുള്ള സ്വപ്നങ്ങൾക്കൊപ്പം ഭൂതകാലത്തിൽ ചെലവഴിച്ച വീടുകളുടെ ഓർമകളും അവനോടു കൂടെയുണ്ടാകും. താരങ്ങളുടെ വീടോർമ്മകൾ സംക്ഷിപ്തമായി അവതരിപ്പിക്കുകയാണിവിടെ. ഇക്കുറി ഗായകൻ എം ജി ശ്രീകുമാർ, തിരക്കഥാകൃത്തും അഭിനേതാവുമായ പി. ബാലചന്ദ്രൻ, അഭിനേത്രി താര കല്യാൺ എന്നിവരുടെ വീടോർമ്മകൾ...
കിളികൾ കൂടണയുന്ന വീട്
നമുക്ക് എന്തുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കാനുള്ള യോഗം കൂടി വേണമെന്ന് പഴമക്കാർ പറയാറില്ലേ? എന്റെ കാര്യത്തിൽ അതക്ഷരം പ്രതി ശരിയാണ്. തിരുവനന്തപുരത്തെ സമ്പന്നമായ കുടുംബങ്ങളിലായിരുന്നു അമ്മയും അച്ഛനും ജനിച്ചത്. ദാനധർമ്മങ്ങൾ വഴിപാട് പോലെ നടത്തിയിരുന്നവരായിരുന്നു ഇരുകുടുംബങ്ങളും. അതുകൊണ്ടെന്താ, ഞാനും സഹോദരങ്ങളുമൊക്കെ ജനിച്ചു വീണത് വാടകവീട്ടിലാണ്. അതിപ്പോഴും തുടർന്ന് പോരുന്നു. ഇതുവരെ 30 വാടകവീടുകളിലെങ്കിലും താമസിച്ചിട്ടുണ്ടാകും.
ജീവിതത്തിലെ സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം ശ്രീപദ്മനാഭൻ തുണയായിട്ടുണ്ട്. ആര് മേൽവിലാസം ചോദിച്ചാലും ഞാൻ പറഞ്ഞിരുന്നത് കെയർ ഓഫ് ലോർഡ് ശ്രീപദ്മനാഭ എന്നായിരുന്നു. ആ അവകാശം യാഥാർഥ്യമാകാൻ കാലം കുറേ എടുത്തു. എന്റെ 29–ാം വയസ്സിലാണ് സ്വന്തമായിട്ടൊരു വീട് വാങ്ങുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയിൽ. മുമ്പേ പറഞ്ഞ യോഗക്കുറവ് അവിടെയും വില്ലനായി.
ഉള്ളതുകൊണ്ട് ജീവിക്കാനാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്. ജീവിതത്തിൽ പിന്നീട് മെച്ചപ്പെട്ട അവസ്ഥയിലെത്തിയെങ്കിലും എനിക്ക് ആഡംബരങ്ങളോട് ഒട്ടും ഭ്രമം തോന്നിയില്ല. ഇതിലൊന്നും കാര്യമില്ല എന്നപ്പോഴേക്ക് മനസ്സിലായി. ഇതുവരെ താമസിച്ച വീടുകൾ ഓരോന്നും പല കാരണങ്ങൾകൊണ്ട് ഇഷ്ടമാണ്. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ട സ്വാതി നഗറിൽ ഞങ്ങളൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്തിരുന്നു. അപാർട്മെന്റിന്റെ ഒരു മൂലയ്ക്കാണ് ഈ ഫ്ലാറ്റ്. ചുറ്റുപാടും ഒച്ചയും ബഹളവുമില്ലെങ്കിൽ എനിക്ക് വലിയ പാടാണ്. ഈ ഫ്ലാറ്റ് അതിനു പറ്റിയതായിരുന്നു. റോഡിലെ ഒച്ച മുഴുവൻ നമുക്ക് വീട്ടിൽ കേൾക്കാം. മനുഷ്യരെ കാണാം. സ്വർഗം പോലെയായിരുന്നു ഞാനാ വീട് നോക്കിയിരുന്നത്. പക്ഷേ, ഒരു ദിവസം എല്ലാം തകിടം മറിഞ്ഞു. സാനിട്ടറി പൈപ്പ് എവിടെയോ ബ്ലോക്ക് ആയി. തത്ഫലമായി ടോയ്‌ലറ്റിലും ബ്ലോക്ക് വന്നു. ഹൊ അങ്ങനൊരവസ്ഥ എത്ര ഭീകരമാണെന്ന് പറയേണ്ടല്ലോ! എന്റെ ഫ്ലാറ്റിൽ മാത്രമേ ഈ പ്രശ്നമുള്ളൂ താനും. ഈ പരിപാടി ഇടയ്ക്കിടെ അരങ്ങേറാൻ തുടങ്ങിയപ്പോൾ ആ ഫ്ലാറ്റിനോട് ഗുഡ്ബൈ പറഞ്ഞു.
ചിലങ്ക കെട്ടിയ വീടുകൾ
അന്നും ഇന്നും എന്റെ ജീവശ്വാസം നൃത്തമാണ്. തിരുവനന്തപുരത്തെ നിരവധി പ്രമുഖരെ ഡാൻസ് പഠിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ജി. കാർത്തികേയൻ സാറിന്റെ മകനും അരുവിക്കര എംഎൽഎയുമായ ശബരീനാഥും എന്റെ ശിഷ്യരിലൊരാളായിരുന്നു. തിരുവനന്തപുരത്ത് കാർത്തികേയൻ സാറിന്റെ വീടിനടുത്ത് രമേശ് ചെന്നിത്തലയുടെ വീട് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അവിടേക്ക് താമസം മാറിക്കൂടേ എന്ന് ചോദിക്കുന്നത് കാർത്തികേയൻ സാറാണ്. അതാണെങ്കിൽ കൊട്ടാരം പോലൊരു വീട്. അന്നത്തെ അവസ്ഥയിൽ അങ്ങനൊരു വീട് വാടകയ്ക്കെടുക്കുന്നത് ചിന്തിക്കാൻ പോലും വയ്യ. വാടകയൊന്നും കാര്യമാക്കേണ്ട, വിശ്വസിച്ച് ഏൽപിക്കാൻ ഒരാള് മതി എന്നും പറഞ്ഞ് രമേശ് സാർ താക്കോലെന്നെ ഏൽപിച്ചു. ആ വീട് എനിക്ക് തന്ന സൗഭാഗ്യങ്ങൾക്ക് കണക്കില്ല. ഡാൻസ് സ്കൂളിനും നല്ല വളർച്ചയുണ്ടായി. ജീവിതത്തിലൊന്ന് കരകയറാൻ സഹായിച്ചത് ആ വീടാണ്. 12 വർഷങ്ങൾക്കുശേഷം വീടൊഴിഞ്ഞപ്പോഴാണ് ഞാൻ രമേശ് സാറിനെ പിന്നീട് കാണുന്നത് തന്നെ.
മകളുടെ പഠനാവശ്യത്തിനാണ് ഞങ്ങള്‍ എറണാകുളത്തേക്ക് മാറുന്നത്. കടവന്ത്ര ജനത റോഡിലൊരു വീട് വാടകയ്ക്കെടുത്തു. ഡാൻസ് ക്ലാസും ഇവിടെത്തന്നെ. ഒരു വീട്ടിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പോസ്റ്റ് ഓഫിസ് മാറുന്നു. കണ്ടുമുട്ടുന്ന ആൾക്കാർ മാറുന്നു. ദിനചര്യകളിൽ വരെ മാറ്റമുണ്ടാകും. ഈ ബുദ്ധിമുട്ടുകൾക്ക് അറുതി വരുത്തണമെങ്കിൽ സ്വന്തമായി ഒരു വീട് വേണം. ആദ്യഘട്ടം എന്ന നിലയിൽ സ്വപ്നത്തിലതിന്റെ പ്ലാൻ പൂർത്തിയായി. ഓടിട്ട വീടുകളോട് പണ്ടേ പഥ്യമില്ല. അതിനാൽ എന്റെ സ്വപ്നഗൃഹം വാർത്ത ഒറ്റനിലയായിരിക്കും. മഴ കണ്ടിരിക്കാൻ ഒരു നടുമുറ്റം. മറ്റെന്ത് കാര്യത്തിൽ കോംപ്രമൈസ് ചെയ്താലും ഇക്കാര്യം നിർബന്ധമാണ്. ഈ നടുമുറ്റത്ത് ഒരു കിളിമരം കാണും. അതിൽ നിറയെ കിളികൾ വന്നിരിക്കണം. മരച്ചുവട്ടിൽ ഒരു കൃഷ്ണവിഗ്രഹവും തുളസിത്തറയും. നടുമുറ്റത്തിന് നേരെ മുന്നിലായി പൂജാമുറി. ഓപൻകിച്ചനും രണ്ട് കിടപ്പുമുറിയും. നൃത്തപഠനത്തിനൊരു ഹാൾ വേണം.
പഠിക്കാനെത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇരിക്കാനുള്ള സ്ഥലം, അവരുടെ വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലം എന്നിങ്ങനെ പോകുന്നു ആഗ്രഹങ്ങളുടെ ലിസ്റ്റ്. മൃഗങ്ങളോട് വല്ലാത്തൊരിഷ്ടമുണ്ടെനിക്ക്. ഇപ്പോൾത്തന്നെ വീട്ടിൽ ഏഴ് പട്ടികൾ ഉണ്ട്. പശു, ആട്, പന്നി, കോഴി തുടങ്ങിയവയെയും ജോടിയായി വീട്ടുവളപ്പിൽ വളർത്തണമെന്നുണ്ട്. എന്നിട്ടും സ്ഥലം ബാക്കിയുണ്ടെങ്കിൽ അൽപം പച്ചക്കറി കൃഷി ചെയ്യണം. വിഷമില്ലാത്ത പാലും പച്ചക്കറിയുമൊക്കെ ഭക്ഷിച്ച്, കുറച്ച് അയൽക്കാർക്കും കൊടുത്ത് അങ്ങനെയൊരു ഇക്കോഫ്രണ്ട്‌ലി ജീവിതം!
വീടിന് പേരും കണ്ട് വച്ചിട്ടുണ്ട്. കിളിവിഹാർ. എന്നെ പ്രസവിച്ച വീടിന്റെ പേരും ഇതുതന്നെയായിരുന്നു. അമ്മയ്ക്കും എനിക്കും ആ പേരിനോട് പ്രത്യേകമായൊരിഷ്ടമുണ്ട്. അങ്ങനെ സ്വപ്നഗൃഹത്തിനും ആ പേര് തന്നെ നൽകി. പൂർവികരുടെ അനുഭവം മനസ്സിലുള്ളതുകൊണ്ട് കുറച്ച് സമ്പാദ്യമൊക്കെ കയ്യിലുണ്ട്. ഞങ്ങൾക്ക് നേരിടേണ്ടിവന്ന ദുരിതമൊന്നും മകൾ അനുഭവിക്കരുതല്ലോ! എന്നെങ്കിലും കിളിവിഹാറിലെ മരത്തിൽ കിളികൾ കൂടണയുമെന്നാണ് പ്രതീക്ഷ.
പൂർണരൂപം വായിക്കാം
*************
എന്റെ വീട്, ലാലിന്റെയും...
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടാണ് എന്റെ ഓർമകൾ നാമ്പെടുക്കുന്നത്. അവിടെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്താണ് വീട്. സമീപത്തുള്ള അമ്പലപ്പുഴ, പായിപ്പാട്, പള്ളിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബന്ധുക്കളുണ്ട്. കസിൻസ് എല്ലാവരും കൂടിയാൽ പിന്നെ ബഹളമാണ്. മണ്ണാറശാല ക്ഷേത്രം, നഗരിയിൽ അമ്പലം, കുളം.. ഇതൊക്കെയാണ് പ്രധാന വിഹാര കേന്ദ്രങ്ങൾ. അച്ഛൻ സംഗീതജ്ഞനായിരുന്നു. അമ്മയ്ക്ക് തിരുവനന്തപുരത്ത് ജോലി കിട്ടിയപ്പോൾ ഞങ്ങള്‍ കുടുംബത്തോടെ അങ്ങോട്ട് താമസം മാറ്റി. രണ്ടു മാസം കൂടുമ്പോൾ തറവാട്ടിലെത്തുമായിരുന്നു. പക്ഷേ, ഇന്ന് അത്തരം ശീലങ്ങളൊക്കെ നിന്നു. എല്ലാവർക്കും ജോലിത്തിരക്ക്. തറവാട് കുഞ്ഞമ്മയ്ക്ക് നൽകി. ഞങ്ങളുടെ തലമുറ അനുഭവിച്ച സന്തോഷങ്ങളൊന്നും ഇന്നത്തെ കുട്ടികൾക്ക് വിധിച്ചിട്ടില്ല.
തലസ്ഥാനക്കാഴ്ചകൾ
തൈക്കാട് മ്യൂസിക് അക്കാദമിക്കു സമീപമുള്ള ചെറിയൊരു വീട്ടിലാണ് ഞങ്ങള്‍ ആദ്യം താമസിച്ചത്. 75 രൂപയായിരുന്നു വാടക. അച്ഛനന്ന് ചവിട്ടുനാടകം കളിക്കാറുണ്ട്. യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ്, ഓച്ചിറ വേലുക്കുട്ടി, വൈക്കം വാസുദേവൻ നായർ തുടങ്ങിയവരൊക്കെയുണ്ട് കൂട്ടിന്. ‘പാവനാമധുരാനിലയേ’ എന്ന ഗാനത്തോടെയാണ് തുടങ്ങുക. അന്ന് മൈക്കില്ലാത്തതുകൊണ്ട് ഉച്ചത്തിലാണ് പാടുക. ഏറ്റവും പിന്നിലിരിക്കുന്ന ആൾക്ക് വരെ കേൾക്കണം. ഇന്ന് ഞങ്ങൾക്ക് എന്തൊക്കെ സൗകര്യങ്ങളുണ്ട്!
അമ്മ കരമന സ്കൂളിൽ സംഗീതാധ്യാപികയായിരുന്നു. സഹോദരങ്ങളുമായി എനിക്ക് നല്ല പ്രായവ്യത്യാസമുണ്ട്. ചേച്ചി 18 വയസ്സിനു മൂത്തതാണ്. ചേട്ടൻ 15 വയസ്സിനും. എനിക്ക് അഞ്ച് വയസ്സ് ആയപ്പോഴേക്കും ചേട്ടനും ചേച്ചിയും ഉദ്യോഗസ്ഥരായി. ചേട്ടന് ആകാശവാണിയിലും ചേച്ചിക്ക് വിമൻസ് കോളജിലും. പിന്നീട് പോറ്റിയമ്മയുടെ വീട് എന്നറിയപ്പെടുന്ന മറ്റൊരു വീട്ടിലേക്ക് താമസം മാറി. അമ്മ സ്കൂൾ വിട്ട് വരുന്നതും കാത്ത് ഞാന്‍ ഉമ്മറത്ത് നിൽക്കും. രണ്ട് ബസ് കയറിവേണം വീട്ടിലെത്താൻ. പത്തു പൈസയാകും കൂലി. പക്ഷേ, അമ്മ നടന്നേ വരൂ. ബസ് കൂലിക്കുള്ള പൈസകൊണ്ട് വാഴയ്ക്കാ അപ്പവും മിഠായിയുമൊക്കെ വാങ്ങിയാകും വരവ്. അങ്ങനെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളുടെ കുടുംബം കഴിഞ്ഞിരുന്നത്.
ചേട്ടന് വലിയൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. രാഷ്ട്രീയ, സാമൂഹിക, സിനിമാരംഗത്തെ പ്രമുഖരെല്ലാം വീട്ടിലെത്തും. യേശുദാസ്, സംഗീതസംവിധായകൻ രവീന്ദ്രൻ എന്നിവർ സ്ഥിരം സന്ദർശകരായിരുന്നു.
ചേട്ടന്റെ വിവാഹം കഴിഞ്ഞ സമയത്താണ് ശാസ്താംകോവിലിനടുത്ത് വലിയൊരു വീട് വാങ്ങുന്നത്. 25 സെന്റിലുള്ള വീടിന് 82,000 രൂപയായി. ആ വീടിനു മുന്നിൽ അമ്മയൊരു കസേരയിട്ട് ഇരിക്കും. അടുത്തൊരു വെറ്റിലച്ചെല്ലം കാണും. സമീപത്താണ് ശാസ്താംകോവിലും അമ്മൻകോവിലും റെയിൽവേസ്റ്റേഷനുമൊക്കെ. ഇങ്ങോട്ട് പോകുന്നവരും വരുന്നവരുമായ പരിചയക്കാരൊക്കെ അമ്മയോട് കുശലം പറയാതെ പോകില്ല. വെളുപ്പിനെ നാലരമണിക്കെഴുന്നേറ്റ് കുളിച്ച്, അമ്പലത്തിൽ പോയി തൊഴുത് തിരിച്ചു വന്നതിനു ശേഷമാണ് ഈ വിശേഷം പറച്ചിൽ. കമലാക്ഷിയമ്മ എന്റെ മാത്രമല്ല, മോഹൻലാലിന്റെയും ജഗതി ശ്രീകുമാറിന്റെയുമൊക്കെ അമ്മയായിരുന്നു. ഇവരൊക്കെ വീട്ടിലെത്തിയാൽ സ്വാതന്ത്ര്യത്തോടെ വെറ്റിലയെടുത്ത് മുറുക്കും. ഒരു വെടിവട്ടത്തിനു ശേഷം നേരെ ഊണുമുറിയിലേക്ക്. ഇഷ്ടമുള്ളതെടുത്ത് കഴിക്കാം. ആരോടും അനുവാദം ചോദിക്കുകയോ പറയുകയോ വേണ്ട. അച്ചുവേട്ടന്റെ വീട് എന്ന സിനിമയിലെ ‘ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന പാട്ടു കേൾക്കുമ്പോഴെല്ലാം വീടിന്റെ ഓർമകൾ തിരയടിച്ചെത്തും.
വിവാഹശേഷമാണ് ഞാൻ സ്വന്തമായി വീട് വയ്ക്കുന്നത്. ഭാര്യ ലേഖയുടെ പേരിൽ ജഗതിയിൽ വില്ല പ്ലോട്ടുണ്ടായിരുന്നു. പിന്നിലായി ഒന്നു രണ്ട് പ്ലോട്ടുകൾ കൂടി ഞാൻ വാങ്ങി. പ്ലോട്ടിന്റെ വലിയൊരു ഭാഗം ഗാർഡനാണ്. ജോലി സംബന്ധമായുള്ള ചർച്ചകൾക്കു വേണ്ടി ഒരു മുറിയും ഈ ഉദ്യാനത്തിലുണ്ട്. പല തരത്തിലുള്ള ചെടികളും മരങ്ങളുമൊക്കെ നടപ്പാതയുടെ ഇരുവശത്തുമായി പിടിപ്പിച്ചിട്ടുണ്ട്.
അരുവിയിൽ മത്സ്യങ്ങളെയും വളർത്തുന്നുണ്ട്. അങ്ങനെ ഉദ്യാനം എന്ന ആശയം വളർന്ന് സംഗതി ചെറിയൊരു പാർക്ക് ആയി. ഇവിടെ നൽകിയിരിക്കുന്ന സ്പീക്കറുകൾ എന്റെ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മൊബൈലിലെ പാട്ടുപെട്ടിയിലുള്ള ഗാനങ്ങളെല്ലാം ഉദ്യാനത്തിലിരുന്ന് കേൾക്കുന്നതാണ് ഹോബികളിലൊന്ന്. വീടിനു മുൻവശത്ത് ലക്ഷ്മിതരുവും കൂവളവും തുളസിത്തറയുമൊക്കെ കാണാം. വീട്ടിലിരിക്കുമ്പോൾ അശുഭചിന്തകളൊന്നും അലട്ടാറില്ല. അതുകൊണ്ട് ലോകത്തെവിടെപ്പോയാലും വീട്ടിലോടിയെത്താനാണ് മനസ്സ് കൊതിക്കുന്നത്.
പൂർണരൂപം വായിക്കാം
http://www.manoramaonline.com/homestyle/spot-light/mg-sreekumar-in-celebrity-memoirs-of-home.html
*******************
ബാലചന്ദ്രന്റെ ഓർമ്മവീട്
വീടിനെക്കുറിച്ച് പറയുന്നതിനു മുമ്പ് ഞങ്ങളുടെ നാടിനെക്കുറിച്ചറിയണം. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ഞാൻ ജനിച്ചു വളർന്നത്. ഞങ്ങളുടെ നാടിന്റെ പ്രത്യേകതയെന്തെന്നുവച്ചാൽ ഒരുമാതിരി അവാര്‍ഡ് പടങ്ങളുടെയൊക്കെ ലൊക്കേഷൻ ശാസ്താംകോട്ടയാണ്. മുഖാമുഖം, എലിപ്പത്തായം, പോക്കുവെയിൽ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്. പഴയ കെട്ടിടങ്ങൾ, ചെമ്മൺപാതകൾ എന്നിവയൊക്കെ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാകാം സംവിധായകർക്ക് ശാസ്താംകോട്ടയോടിത്ര പ്രിയം. ദീലിപ് നായകനാകുന്ന അടൂർ ഗോപാലകൃഷ്ണന്റെ അടുത്ത സിനിമയും അവിടെവച്ചാണ് ചിത്രീകരിക്കുന്നത്.
നല്ല പൊക്കത്തിൽ ഓല മേഞ്ഞ് ചെങ്കല്ല് കൊണ്ട് കെട്ടിയൊരു വീടായിരുന്നു ഞങ്ങളുടേത്. രണ്ട് വശത്തും വലിയ വരാന്തകൾ. ചില മുറികൾ ഇടുങ്ങിയതായിരുന്നു. പഴയ സാധനങ്ങളെല്ലാം മച്ചിൻപുറത്ത് സൂക്ഷിച്ചുവയ്ക്കും. എല്ലാ കൊല്ലവും വീടിന്റെ തറ ചാണകം മെഴുകും. അമ്മയും ബന്ധുക്കളായ സ്ത്രീകളും അയലത്തെ പെണ്ണുങ്ങളുമെല്ലാം ചേർന്നാണ് ഈ പരിപാടി. സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിലെ മുഴുവൻ സാധനങ്ങളും വാരി പുറത്തു വച്ചിരിക്കുന്നതു കാണാം. മണ്ണ്, ചാണകം എന്നിവ കുഴച്ചാണ് തറ മെഴുകുന്നത്. ചിരട്ടക്കരിയും, ചകിരിപ്പൊടിയും വച്ചൊരു മിനുക്കലുമുണ്ട്. കയ്യുടെ പാട് വരാതെ ഭംഗിയായി ചെയ്യുന്ന വേല ഞാനങ്ങനെ കണ്ടുനിൽക്കും.
ഇതേ കൗതുകത്തോടെയാണ് മേൽക്കൂര ഓല മേയുന്നതും കണ്ടുനിന്നിരുന്നത്. ഓല അഴുകാനായി കുളത്തിലോ തോട്ടിലോ കൊണ്ടിടും. നല്ല വെയിലത്ത് ഉണക്കിയെടുത്താണ് മെടയുക. ഒരാൾ പുരപ്പുറത്തിരിക്കും. താഴെ നിൽക്കുന്നവർ ഓല എറിഞ്ഞു കൊടുക്കും. നാട്ടുകാരുടെയൊരു കൂട്ടായ്മയാണ് ഈ പുതുക്കിപ്പണിയലിനൊക്കെ പിന്നിൽ. ആരും കൂലിക്ക് പണിയെടുക്കാൻ വന്നിരുന്നവരല്ല. ഓലപ്പുരകൾ മറഞ്ഞതോടെ നാട്ടുകാരുടെ സഹകരണമനോഭാവങ്ങളിലും മാറ്റങ്ങളുണ്ടായി.
വീടിന്റെ പടിഞ്ഞാറ് വശത്തൊരു മുറിയുണ്ടായിരുന്നു. ഇവിടെനിന്നാണ് മച്ചിലേക്കുള്ള ഗോവണി. ഇവിടെ കാഞ്ഞിരത്തിന്റെയൊരു കട്ടിലുണ്ട്. ‘തട്ടുടി’ എന്നാണ് പറയുക. ഇതിൽ കിടന്നാണ് അമ്മ എന്നെയും മൂന്ന് സഹോദരങ്ങളെയും പ്രസവിച്ചത്. വീട്ടിലെ പ്രധാന വരുമാനമാർഗം കൃഷിയാണ്. വിളവെടുത്തു കൊണ്ടുവരുന്ന പച്ചക്കറികളെല്ലാം ഈ മുറിയിലെ കോണിപ്പടിയുടെ കീഴിലാണ് സൂക്ഷിക്കുക. അതുകൊണ്ട് ആ മുറിയിൽ പഴുതാരയും പല്ലിയും എലിയുമൊക്കെ യഥേഷ്ടം വിഹരിച്ചു നടന്നു. ഇജ്ജാതി ജന്തുക്കളെ കൊല്ലാനുള്ള വിഷങ്ങളുടെ പരസ്യമാണിന്ന് ടിവി നിറയെ. ഇതുങ്ങളുടെയിടയിലേക്ക് പെറ്റു വീണിട്ടും ഞങ്ങൾക്കാർക്കും ഒരു കുഴപ്പവുമില്ല. 95 വയസ്സായ അമ്മയും എന്നോടൊപ്പമുണ്ട്.
ഇളയവനായ ഞാനായിരുന്നു കടയിൽ പോകാനും സാധനങ്ങൾ വാങ്ങിക്കാനുമെല്ലാം ഓടേണ്ടിയിരുന്നത്. തിരുവനന്തപുരത്ത് അച്ഛന്റെ വീട്ടിലേക്കുള്ള വെക്കേഷൻ യാത്രകളിൽ മാത്രമാണ് വീട് വിട്ടു നിന്നിരുന്നത്. എംഎ പഠനം പത്തനംതിട്ടയിലായിരുന്നതിനാൽ ലോഡ്ജിൽ താമസിക്കേണ്ടിവന്നു. അന്നാണ് ആദ്യമായി വീട് മിസ് ചെയ്യുന്നത്. ആ സമയത്ത് വീട്ടിലേക്ക് സ്ഥിരം കത്തുകൾ എഴുതുമായിരുന്നു. ഞാൻ തിരക്കഥ രചിച്ച പുനരധിവാസം എന്ന സിനിമ എഴുത്തുകളിൽക്കൂടിയാണ് കഥ പറയുന്നത്. കോളജ് കാലത്തെ കത്തെഴുത്തു ദിനങ്ങൾ തിരക്കഥാരചനയില്‍ ഒരുപാട് സഹായകമായി.
പൂർണരൂപം വായിക്കാം
http://www.manoramaonline.com/homestyle/spot-light/pbalachandran-memoirs-of-home.html