Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് വിനയ് ഫോർട്ടിന്റെ പുതിയ വീട്!

vinay-fort-soumya നടൻ വിനയ് ഫോർട്ട് തന്റെ പുതിയ വീടിന്റെ വിശേഷങ്ങളും വീടോർമ്മകളും പങ്കുവയ്ക്കുന്നു...

"സിംപിൾ...ജാവ വളരെ സിംപിളാണ്..പവർഫുൾ..ഭയങ്കര പവർഫുള്ളാണ്"...

വിനയ് ഫോർട്ട് എന്ന നടനെ കുറിച്ചോർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് പ്രേമത്തിലെ വിമൽ സാറിന്റെ ഈ ഡയലോഗായിരിക്കും... നാടകരംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ വിനയ് അഭിനയത്തിൽ എന്നപോലെ ജീവിതത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ള വ്യക്തിയാണ്. ഫോർട്ട് കൊച്ചിയുടെ ചങ്ക് ബ്രോ അടുത്തിടെ ഫോർട്ട് കൊച്ചി ബീച്ചിനോട് ചേർന്ന് തന്റെ വീടുപണി പൂർത്തിയാക്കി താമസിക്കാൻ തയാറെടുക്കുകയാണ്... 

vinay-fort-house

വീട് എങ്ങനെയുണ്ടെന്നു ചോദിച്ചപ്പോൾ വിമൽ സാർ ശൈലിയിൽ ഉത്തരം: 'വീട് സിംപിളാണ്... പക്ഷേ പവർഫുള്ളാണ്'... മനസ്സിലായില്ലെങ്കിൽ താഴേക്ക് വായിച്ചോ....

പേരിനൊപ്പം പോന്ന നാട്...

vinay-fort

ഞാൻ ജനിച്ചു വളർന്നത് ഫോർട്ട് കൊച്ചിയിലാണ്. ഇവിടുത്തെ ഉപ്പുമണമുള്ള കാറ്റിനുപോലും പറയാൻ ഒരുപാട് കഥകളുണ്ടാകും. പതിറ്റാണ്ടുകൾ നീണ്ട കൊളോണിയൽ വാഴ്ചയുടെ ചരിത്രം, കലയുടെയും കലാപത്തിന്റെയും ആർക്കിടെക്ച്ചറിന്റെയും ചരിത്രം.. നൂറ്റാണ്ടുകളുടെ പഴക്കം പേറി നിരനിരയായി അച്ചടക്കത്തോടെ നിലകൊള്ളുന്ന ഓടിട്ട ഇരുനില കെട്ടിടങ്ങൾ, ഇവയ്ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന കരിങ്കല്ല് പാകിയ ഇടുങ്ങിയ ഇടവഴികൾ..പഴയ ഗോഡൗണുകൾ...ആസ്പിൻ വാളും, സെന്റ് ഫ്രാൻസിസ് പള്ളിയും... തൊട്ടടുത്ത് ജൂത സംസ്കാരത്തിന്റെ അവശേഷിപ്പുകൾ ഇന്നുമുള്ള ജൂത തെരുവ്, സിനഗോഗ്, ഒരുപാട് കഥകൾ പറയാൻ കഴിയുന്ന ജൂത സെമിത്തേരി. നാട് എനിക്കൊരു വികാരമാണ്. അങ്ങനെയാണ് വിനയ് കുമാർ ആയിരുന്ന ഞാൻ ഫോർട്ട് കൊച്ചിയെ എന്റെ പേരിനൊപ്പം ചേർത്തത്.

ജനിച്ചു വളർന്ന വീട്...

രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നൊരു കുടുംബനാഥനായിരുന്നു എന്റെ അച്ഛൻ. ഒരു സാദാ സർക്കാർ ജീവനക്കാരനായിട്ടും നന്നായി അധ്വാനിച്ച് തന്റെ മുപ്പതുകളിൽ തന്നെ അച്ഛൻ ഒരു വീട് വച്ചു. ഫോർട്ട് കൊച്ചിയിലെ ഇടത്തരക്കാർ താമസിക്കുന്ന തരം ടെറസിട്ട, മങ്ങിയ ചുവരുകളും ഇടുങ്ങിയ അകത്തളങ്ങളുമുള്ള ഒരു വീട്..അച്ഛൻ, അമ്മ, രണ്ടു സഹോദരങ്ങൾ എന്നിവരായിരുന്നു എന്റെ കുടുംബം. നടൻ ആകുന്നതിനു മുൻപ് ശരിക്കും സ്ട്രഗിൾ ചെയ്ത ഒരു കാലമുണ്ടായിരുന്നു. അങ്ങനെ കഷ്ടപ്പാടുകളിലൂടെ വളർന്നതുകൊണ്ടായിരിക്കാം എനിക്ക് ഇന്നും വലിയ ലക്ഷ്വറിയോടും ആഡംബരവീടുകളോടും വലിയ താല്പര്യമില്ല.

ഞാൻ പണിത വീട്... 

vinay-house

സ്വന്തമായി ഒരു വീട് പണിയാം എന്നു തീരുമാനിക്കുമ്പോൾത്തന്നെ മനസ്സിൽ എനിക്ക് ചില സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കുകൾ കഴിഞ്ഞു വരുമ്പോൾ ഒരു പോസിറ്റീവ് എനർജി പകർന്നു തരണം, ധാരാളം വെളിച്ചം സ്വാഭാവികമായി കടന്നുവരണം, അധികം കടുംനിറങ്ങൾ പാടില്ല  തുടങ്ങിയ ആവശ്യങ്ങൾ.. 

ഫോർട്ട് കൊച്ചിയിൽ ബീച്ചിനോട് ചേർന്നുള്ള സ്ഥലം മേടിച്ച് അവിടെയുണ്ടായിരുന്ന ലോഡ്ജ് പോലുളള വീട് ഏതാണ്ട് പൂർണമായും പൊളിച്ചു കളഞ്ഞാണ് എന്റെ സ്വപ്നവീട് നിർമിച്ചത്. മൂന്നര സെന്റിലാണ് വീട്. സുനിൽ ജോർജ് എന്ന എന്റെ സുഹൃത്താണ്  വീടിന്റെ ഡിസൈൻ നിർവഹിച്ചത്. ചെറിയ സ്‌പേസിൽ നമ്മുടെ പ്രാഥമിക ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്താണ് വീട് പണിതത്...രണ്ടു വണ്ടി പാർക്ക് ചെയ്യാം...വീട്ടിൽ കൃത്രിമമായ അലങ്കാരപ്പണികളൊന്നും ചെയ്തിട്ടില്ല, കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങൾ നൽകിയിട്ടില്ല...കൂടുതലും ഇളംവെള്ള നിറമാണ് അകത്തെല്ലാം നൽകിയത്.. മിനിമൽ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. സിനിമ കാണുന്നതിനായി ഒരു ഹോം തിയേറ്ററും വീട്ടിൽ നിർമിച്ചിട്ടുണ്ട്. 

ഭാര്യ സൗമ്യയ്ക്കും വീടിനെ കുറിച്ച് അത്യാവശ്യം വിവരമുണ്ട്. ഞങ്ങളുടെ അഭിരുചികൾ ഏതാണ്ട് ഒരുപോലെയാണ്. അതുകൊണ്ട് ഞാൻ ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നപ്പോഴും അവൾ വീടുപണിയുടെ മേൽനോട്ടം വഹിച്ചു. സാധനങ്ങൾ മേടിക്കാൻ പോയതും അവളാണ്. കുടുംബവീട്ടിൽ നിന്നും നടക്കാനുള്ള ദൂരമേ പുതിയ വീട്ടിലേക്കുള്ളൂ. മകൻ നിഹാനാണ് ഇപ്പോൾ വീട്ടിലെ താരം...

സിനിമ ഷൂട്ടിങ് ഒക്കെ നഗരം കേന്ദ്രീകരിച്ചാണ് കൂടുതലും. പലരും സിറ്റിക്കകത്തു ഒരു ഫ്‌ളാറ്റ് വാങ്ങിക്കൂടെ എന്നു ചോദിച്ചിട്ടുണ്ട്. എങ്കിലും എനിക്ക് മണ്ണിൽ ചവിട്ടി ജീവിക്കണം. അതുകൊണ്ടുതന്നെ ഫ്ളാറ്റുകളോട് താല്പര്യമില്ല. വീടിന് ഒരു നല്ല പേര് കണ്ടുവച്ചിട്ടുണ്ട്...ഹൗസ് വാമിങ് കഴിയാത്തതുകൊണ്ട് അത് തൽക്കാലം സസ്പെൻസ് ആയിരിക്കട്ടെ..

വീടുപണി അനുഭവങ്ങൾ... 

vinay-fort

ഒരാൾ തന്റെ ഏറ്റവും മോശം സമയത്താണ് വീടുപണിയാൻ തീരുമാനിക്കുക എന്നു പറയാറുണ്ട്. പ്ലാനിങ്, ഫർണിഷിങ് സമയത്ത് കുറച്ച് ദുരനുഭവങ്ങൾ ഉണ്ടായി. സിനിമാതാരങ്ങൾ വിപണിമൂല്യം വച്ച് പ്രതിഫലം വാങ്ങുന്ന രീതിയുണ്ടല്ലോ...അത് വീടുപണിയുമ്പോൾ എനിക്ക് തിരിച്ചുകൊണ്ടിട്ടുണ്ട്. നിർമാണ സാധനങ്ങൾ ഒക്കെ വാങ്ങാൻ പോകുമ്പോൾ സിനിമാനടൻ എന്ന ലേബൽ ഉള്ളതുകൊണ്ട് പലരും വില കൂടിയ സാധനങ്ങൾ നിർബന്ധിച്ചു തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവശ്യഘട്ടങ്ങളിൽ വീട്ടുകാരുടെയും ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടായിരുന്നതുകൊണ്ട് വീടുപണി വലിയ 'പണി' തന്നില്ല എന്നതാണ് സന്തോഷം.

മരിച്ചു വീട് പണിയുന്ന മലയാളി...

കേരളത്തിൽ ഇപ്പോൾ വീടുകൾ ഒരു സ്‌റ്റാറ്റസ്‌ സിംബൽ പോലെയായി മാറിയിരിക്കുകയാണ്. കാശുള്ള പ്രവാസികൾ വലിയ വീട് പണിതിടും. പ്രായമായ മാതാപിതാക്കൾ ഈ വലിയ ജയിലിനുള്ളിൽ ഒറ്റയ്ക്ക് മരിച്ചുജീവിക്കുന്നു. അയൽക്കാരന്റെ വീടിനേക്കാൾ വലുതായിരിക്കണം എന്റെ വീട് എന്നാണ് പലരും ആദ്യം ആർക്കിടെക്ടിനോട് പറയുന്ന ഡിമാൻഡ്. ഇടത്തരക്കാരനും കൊട്ടാരം പോലെ ഒരു വീട് അങ്ങ് വയ്ക്കും. പിന്നെ ജീവിതകാലം മുഴുവൻ അതിന്റെ ലോൺ അടയ്ക്കാനുള്ള ഓട്ടപാച്ചിലായിരിക്കും. വലിയ സൗകര്യത്തിലൊക്കെ ആയിരിക്കും ജീവിക്കുന്നത്. പക്ഷേ മനഃസമാധാനമുണ്ടാകില്ല. എന്റെ അഭിപ്രായത്തിൽ പ്രേമത്തിലെ വിമൽസാറിന്റെ ജാവ പോലയായിരിക്കണം വീട്...സിംപിളായിരിക്കാം..പവർഫുൾ ആയിരിക്കണം...മനസ്സിലാകുന്നുണ്ടല്ലോ അല്ലേ...