Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയുടെ മാത്രമല്ല, വീടിന്റെയും ശ്രീ!

sreedevi-home സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും വീടിനോടും കുടുംബത്തോടും അവർ നീതി പുലർത്തി...

മറ്റുള്ളവർക്ക് വെള്ളിത്തിരയിലെ സ്വപ്നറാണിയായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ ശ്രീദേവി കുടുംബത്തിന് പ്രാധാന്യം നൽകിയ നല്ലൊരു വീട്ടമ്മയായിരുന്നു. പൊതുവെ മിതഭാഷിയും തന്നിലേക്ക് ഒതുങ്ങുന്ന പ്രകൃതവുമായിരുന്നു. കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോൾ വിവാഹം. 1997 ൽ മകൾ ജാൻവി പിറന്നതോടെ സിനിമയുടെ വെള്ളിവെളിച്ചത്തോട് അവർ ആദ്യമായി ചിരിയോടെ വിടപറഞ്ഞു. 2000 ൽ രണ്ടാമത്തെ മകൾ ഖുഷിയുടെ ജനനം. ശ്രീദേവി മക്കളുടെ പരിചരണവും വീട്ടുകാര്യവുമായി തിരക്കിലായി. ഇതിനിടയ്ക്ക് അവർ പെയിന്റിങ് പഠിച്ചു. ഇന്റീരിയർ ഡിസൈനിങ്ങിൽ വളരെ തല്പരയായിരുന്ന ശ്രീദേവിയുടെ അന്ധേരിയിലെ വസതിയുടെ ചുവരുകളിൽ നിറയെ അവർ വരച്ച ചിത്രങ്ങളാണ്. ചില ചിത്രങ്ങൾ വിറ്റഴിച്ച് സാമൂഹിക സേവന കാര്യങ്ങൾക്കും അവർ പണം കണ്ടെത്തി.

sreedevi-painting

മക്കൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായപ്പോൾ 15 വർഷങ്ങൾക്ക് ശേഷം 2012 ൽ ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തിലൂടെ അവർ മടങ്ങിവന്നു. ഇംഗ്ലീഷ് വിഗ്ലീഷിലെ നായിക ശശി ഗോഡ്‌ബോലെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ എല്ലാം നിശബ്ദം ചുമലിൽ ഏറ്റുന്ന വീട്ടമ്മയാണ്. എന്നിട്ടും ഇംഗ്ലിഷ് അറിയാത്തതിന്റെ പേരിൽ ഭർത്താവിൽ നിന്നും മക്കളിൽ നിന്നും അവൾ പരിഹാസം ഏറ്റുവാങ്ങുന്നു.

2013 ൽ അന്ധേരിയിലുള്ള അവരുടെ ബംഗ്ലാവിൽ ഷോർട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായി. പല രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ അവർ സ്വരുക്കൂട്ടിയ തനിക്ക് ഏറെ പ്രിയപ്പെട്ട അലങ്കാരവസ്തുക്കളും കാർപ്പറ്റുകളും പെയിന്റിങ്ങുകളും എല്ലാം തീപിടിത്തത്തിൽ നശിച്ചു.

fire-at-sree-house ശ്രീദേവിയുടെ അന്ധേരിയിലെ വീട് കത്തിനശിച്ചപ്പോൾ

രണ്ടുനില ബംഗ്ലാവ് ഇൻഷ്വർ ചെയ്തിരുന്നില്ല എന്നതിനാൽ നഷ്ടപരിഹാരവും അവർക്ക് ലഭിച്ചില്ല. പൊതുവെ മാധ്യമങ്ങൾക്ക് മുന്നിൽ മിതത്വം പാലിക്കുന്ന ശ്രീദേവി അന്ന് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. പിന്നീടാണ് അവർ കുടുംബമായി അന്ധേരിയിൽ തന്നെയുള്ള ഗ്രീൻ ഏക്കർ അപ്പാർട്മെന്റിലേക്ക് താമസം മാറുന്നത്. 

sreedevi-flat-mumbai ശ്രീദേവിയുടെ അന്ധേരിയിലെ ഗ്രീൻ ഏക്കർ അപ്പാർട്മെന്റ്...

ഫാഷനിൽ എന്ന പോലെ വീടൊരുക്കുന്നതിലും അവർ ബദ്ധശ്രദ്ധയായിരുന്നു. ഗ്രീൻ ഏക്കർ അപ്പാർട്മെന്റിലെ ശ്രീദേവിയുടെ ഫ്ലാറ്റ് കണ്ടാൽ തന്നെ ഇത് മനസ്സിലാകും. ഏറ്റവും മികച്ച ഫർണിച്ചറുകൾ, ഷാൻലിയറുകൾ, കർട്ടനുകൾ, കാർപ്പറ്റുകൾ എല്ലാം വീടിനകത്ത് അവർ വാങ്ങി നിറച്ചു.ബോളിവുഡിലെ സെലിബ്രിറ്റി ഇന്റീരിയർ ഡിസൈനറും സാക്ഷാൽ ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരിയുടെ നിർദേശങ്ങളും വീടൊരുക്കുന്നതിനു പിന്നിലുണ്ടായിരുന്നു.

sreedevi-sharukh ഷാരൂഖിനോടും ഗൗരിയോടുമൊപ്പം...

കഴിഞ്ഞ ഓഗസ്റ്റിൽ അവരുടെ ജന്മദിനം വീട്ടിൽ ആഘോഷമായി കൊണ്ടാടി. ഐശ്വര്യ റായ്, രേഖ, റാണി മുഖർജി, വിദ്യ ബാലൻ അടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങൾ അന്ന് അവരുടെ വീട്ടിൽ ഒത്തുകൂടി.

sridevi-birthday-home കഴിഞ്ഞ വർഷം ജന്മദിനത്തിൽ ശ്രീദേവിയുടെ വീട്ടിൽ താരങ്ങൾ ഒത്തുകൂടിയപ്പോൾ...

ഒരു നടി എന്നതിലുപരി നല്ലൊരു അമ്മ, ഭാര്യ ഒക്കെയായിരുന്നു ശ്രീദേവി. സിനിമയിൽ അവർ ചെയ്ത വേഷങ്ങൾ വച്ചുമാത്രം അവരെ അളക്കുന്നത് ശരിയാവുകയില്ല. അവർ പോയതോടെ ഉറങ്ങിയത് ഗ്രീൻ ഏക്കറിലെ വീട് കൂടെയാണ്. കാരണം വീടിന്റെ വിളക്ക് എന്നും അവിടുത്തെ സ്ത്രീകളാണ്...