ശ്രീദേവിയുടെ മരണം അപ്രതീക്ഷിതമായ വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. ആദ്യം ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണം എന്നുള്ള വാർത്തകൾ വന്നിരുന്നെങ്കിലും ഹോട്ടൽ മുറിയിലെ ബാത്ത്ടബിൽ അബോധാവസ്ഥയിൽ വീണുള്ള മുങ്ങിമരണമാണ് നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട് വ്യക്തമാക്കുന്നു. അടുത്ത ബന്ധുവായ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ശ്രീദേവിയും കുടുംബവും ഷെയ്ഖ് സായിദ് റോഡിലുള്ള എമിറേറ്റ്സ് ടവർ ഹോട്ടലിലാണ് താമസിച്ചിരുന്നത്.
56 നിലകളുള്ള ഹോട്ടലിൽ അത്യാഡംബരം നിറയുന്ന 400 സ്യൂട്ടുകളാണുള്ളത്. തൊട്ടടുത്തു 54 നിലകളുള്ള എമിറേറ്റ്സ് ടവർ ഓഫിസ് പ്രവർത്തിക്കുന്നു.
ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയിൽ നാലാമനാണ് എമിറേറ്റ്സ് ടവർ. 1014 അടിയാണ് (309 മീറ്റർ) ഉയരം. 2000 ലാണ് നിർമാണം പൂർത്തിയായത്.
10 ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള ഹോട്ടൽ ദുബായിലെത്തുന്ന സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും പ്രിയവാസസ്ഥാനം കൂടിയാണ്. കടൽക്കാഴ്ചകൾ ആസ്വദിക്കാനായി പ്രൈവറ്റ് ബീച്ച് സൗകര്യവും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഹോട്ടൽ സമുച്ചയത്തിന് അകത്ത് ഒരു വാട്ടർ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ഡീലക്സ്, പ്രീമിയം ഡീലക്സ്, എക്സിക്യുട്ടീവ്, പ്രസിഡൻഷ്യൽ, റോയൽ എന്നിങ്ങനെ വിവിധതരം മുറികളാണ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ പ്രൈവറ്റ് ബാൽക്കണി സ്‌പേസും ഈ മുറികളിൽ നൽകിയിരിക്കുന്നു. ഇവിടെയിരുന്നാൽ ദുബായ് നഗരത്തിന്റെ വിശാലമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാം.
വിവാഹത്തിനു ശേഷം ബോണി കപൂറും മകളായ ഖുശി കപൂറും മുംബൈയിലേക്കു തിരികെ പോന്നു. എന്നാൽ ശ്രീദേവി കുറച്ചു ദിവസം കൂടി ദുബായിൽ തങ്ങാൻ തീരുമാനിക്കുകയായിരുന്നു. മുംബൈയിലെത്തിയ ബോണി കപൂർ ശ്രീദേവിക്ക് ഒരു സർപ്രൈസ് കൊടുക്കാനായി തിരികെ ദുബായിലേക്കു തന്നെ പോയി. ശ്രീദേവിക്ക് ഒരു സ്പെഷൽ ഡിന്നറും അദ്ദേഹം സ്വകാര്യ ഹോട്ടലിൽ ഒരുക്കിയിരുന്നു.
ഉറങ്ങുകയായിരുന്ന ശ്രീദേവിയെ ബോണി കപൂർ വിളിച്ചുണർത്തുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡിന്നറിനെക്കുറിച്ച് പറഞ്ഞതിന് േശഷം ശ്രീദേവി ഒരുങ്ങാനായി കുളിമുറിയിലേക്ക് പോകുകയായിരുന്നു.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ശ്രീദേവി തിരികെ വരാതിരുന്നതിനാൽ ബോണി വാതിലിൽ തട്ടിവിളിച്ചു. മറുപടി ലഭിക്കാത്തതിനാൽ ബോണി കപൂർ വാതിൽ തള്ളിതുറക്കുകയായിരുന്നു. ബാത്ത്ടബ്ബിൽ ചലനമറ്റ് കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കപൂറിന് കാണാനായത്. തുടർന്ന് പൊലീസിനെയും മെഡിക്കൽ സംഘത്തെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ നടിയുടെ മരണം സ്ഥിരീകരിച്ചെന്ന് ഗൾഫ് മാധ്യമങ്ങൾ പറയുന്നു