Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ല, കരുണ വറ്റാത്ത ഹൃദയങ്ങൾ ഇനിയുമുണ്ട് കേരളത്തിൽ!

sunrise-kochi-flat ജനങ്ങൾ കൂട്ടായി വിചാരിച്ചാലും ഇവിടെ മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഇവിടെ ഉയർന്ന നന്മവീടുകൾ...

വൈരുധ്യങ്ങളുടെ നാടാണ് കേരളം. ആൾതാമസമില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന മണിമാളികകൾ ഒരുവശത്ത്, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വീടുകളിൽ തിങ്ങിപ്പാർക്കുന്ന ജനങ്ങൾ മറുവശത്ത്. 'അതിൽ നമുക്കെന്ത് കാര്യം, ഇതൊക്കെ സർക്കാരിന്റെ പിടിപ്പുകേടല്ലേ' എന്ന് പറഞ്ഞു എല്ലാവരും കയ്യൊഴിയാറാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ചില നന്മമനസ്സുകൾ ഒരുമിച്ചപ്പോൾ കുറച്ചു ജീവിതങ്ങളിൽ പ്രകാശവും സന്തോഷവും നിറഞ്ഞു. അത്തരമൊരു നന്മയുടെ കഥയാണിത്.

mattanchery-house

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഒന്നാണ് മട്ടാഞ്ചേരി. നൂറ്റാണ്ടുകളുടെ പഴക്കം പേറി നിരനിരയായി നിലകൊള്ളുന്ന ഓടിട്ട ഇരുനില കെട്ടിടങ്ങൾ ഇവിടെ കാണാം. ജീവനോപാധിക്കായി പല സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് ചേക്കേറിയ ജനങ്ങൾ തലമുറകളായി ഇവിടെ ദയനീയമായ സാഹചര്യങ്ങളിൽ തിങ്ങി പാർക്കുന്നു.

mattanchery-housing

സർക്കാർ തലത്തിൽ പുനരധിവാസ പദ്ധതികൾ ആവിഷ്കരിച്ചിട്ടും തുക അനുവദിച്ചിട്ടും അവയെല്ലാം ചുവപ്പുനാടകളിൽ കുരുങ്ങിക്കിടന്നു. 

mattanchery-house-inside മട്ടാഞ്ചേരിയിലെ പഴയ വീടുകൾ

സർക്കാർ നൂലാമാലകളും കാലതാമസവുമില്ലാതെ ഇവർക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സൺറൈസ് കൊച്ചി എന്ന പേരിൽ ജനകീയ പുനർനിർമാണപദ്ധതി 2012ൽ ആരംഭിക്കുന്നത്. അമിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിച്ചത്. 

mattanchery-houses മട്ടാഞ്ചേരിയിലെ പഴയ വീടുകൾ

ഇതിനായി  ആദ്യം മട്ടാഞ്ചേരിക്കാരുടെ അടിസ്ഥാന പ്രശ്ങ്ങൾ മനസ്സിലാക്കുന്നതിനായി ഒരു സർവേ നടത്തുകയുണ്ടായി. വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം എന്നീ മേഖലകളിൽ ഇവർക്ക് സഹായം ആവശ്യമുണ്ടെന്നു മനസിലാക്കി. പാർപ്പിടം തന്നെയായിരുന്നു അടിസ്ഥാനപ്രശ്നം.

mattanchery-old-house മട്ടാഞ്ചേരിയിലെ പഴയ വീടുകൾ

ജനകീയ ധനസമാഹരണത്തോടെ നടത്തിയ ആ കൂട്ടായ്മ ഒടുവിൽ ഫലംകണ്ടു. അങ്ങനെ മട്ടാഞ്ചേരിയിൽ 12.5 സെന്റ് സ്ഥലം വാങ്ങി ഒരു ഫ്ളാറ്റ് സമുച്ചയം നിർമിച്ചു. ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ ആർക്കിടെക്ട് ജി ശങ്കറാണ് ഫ്ളാറ്റ് രൂപകൽപ്പന ചെയ്തത്. നാലു നിലകളിലായി 21 ഫ്ളാറ്റുകളാണ് ഇവിടെ നിർമിച്ചത്. 500 ചതുരശ്രയടിയുള്ള ഫ്ലാറ്റുകളിൽ ഒരു കിടപ്പുമുറി, ബാത്റൂം, കിടപ്പുമുറിയാക്കി മാറ്റാവുന്ന ഹാൾ, അടുക്കള എന്നിവ സജ്ജീകരിച്ചു. ഏറ്റവും ശോചനീയമായ അവസ്ഥകളിൽ കഴിയുന്നവരെ ഇവിടേക്ക് പുനരധിവസിപ്പിച്ചു.

sunrise-project-flats പുതിയ ഫ്ലാറ്റ് സമുച്ചയം

കുട്ടികൾക്ക് പഠിക്കാൻ വീടിനുള്ളിൽ സ്ഥലമില്ലാത്തതായിരുന്നു മറ്റൊരു പ്രശ്നം. ഇതിനു പരിഹാരമായി ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത് അവിടെ ക്യാബിനുകൾ വേർതിരിച്ച് പഠനമുറി നിർമിച്ചുനൽകി. ബാഗ്, കുട നിർമാണം തുടങ്ങിയ സ്വയംതൊഴിലുകൾ ചെയ്യാൻ ഇവർക്ക് പരിശീലനം നൽകി.

sunrise-new-flat-interior ഫ്ളാറ്റിന്റെ ഉൾവശം

നിരവധി കുടുംബങ്ങളുടെ മുഖത്ത് ഇപ്പോൾ മെച്ചപ്പെട്ട ജീവിതവും ജീവനോപാധിയും ലഭിക്കുന്നതിന്റെ സന്തോഷം കാണാം.

ഇതുകൂടാതെ മട്ടാഞ്ചേരിയിൽ ഒന്നോ രണ്ടോ സെന്റ് മാത്രം സ്വന്തമായുള്ളവർക്കും 23 വീടുകൾ നിർമിച്ചുനൽകി. വീട് വിട്ടുപോരാൻ കൂട്ടാക്കാത്ത ചിലരുടെ വീടുകൾ പുതുക്കിപ്പണിതുനൽകി. ഇതുകൂടാതെ പെരുമ്പാവൂരിൽ 3 വീടുകളുടെ പണി പുരോഗമിക്കുന്നു. 

new-houses ചെറിയ സ്ഥലത്ത് നിർമിച്ചു നൽകിയ വീട്

കൊച്ചിയിലെ ബിസിനസുകാർ, മറ്റു സാമൂഹികപ്രവർത്തകർ, സുമനസ്സുകൾ എന്നിവരുടെ ധനസഹായത്തോടെയാണ് ഈ പദ്ധതികൾ മുന്നോട്ടു പോകുന്നത്. സർക്കാർ സഹായമില്ലാതെ ജനങ്ങൾ കൂട്ടായി വിചാരിച്ചാലും ഇവിടെ മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഇവിടെ ഉയർന്ന ഈ നന്മവീടുകൾ...അതിനിയും തുടരട്ടെ...