'മതിലുകൾ ഇല്ലാത്ത എന്റെ വീട്'

സംസ്ഥാന അവാർഡ് നേടിയതിന്റെ പശ്ചാത്തലത്തിൽ അലൻസിയർ വീടോർമ്മകൾ പങ്കുവയ്ക്കുന്നു....

മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അലൻസിയർ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമാണ് അലൻസിയറിനെ അവാർഡിന് അർഹനാക്കിയത്. നാടകത്തിന്റെ അരങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ അലൻസിയർ സാമൂഹിക വിഷയങ്ങളിൽ വ്യത്യസ്തമായി പ്രതികരിക്കുന്ന വ്യക്തി കൂടിയാണ്.അലൻസിയർ വീടിനെയും നാടിനെയും കുറിച്ച് മനസ്സുതുറക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ പുത്തൻതോപ്പ് എന്ന കടലോര ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ഒരുവശത്ത് അറബിക്കടൽ. അതിന്റെ തീരത്ത് ധാരാളം തെങ്ങിൻ തോപ്പുകൾക്കിടയിൽ അഗ്രഹാരം പോലെ വീടുകൾ. ഇവയുടെ സവിശേഷത വീടുകളൊന്നും മതിലുകൾ കെട്ടി വേർതിരിച്ചിട്ടില്ല എന്നതാണ്. ആളുകളുടെ മനസ്സിലും അതിരുകളില്ല. ഫുട്ബോളും സിനിമയുമാണ് പുത്തൻതോപ്പിന്റെ ലഹരികൾ.

ഈ നാടിനൊരു പ്രത്യേകതയുണ്ട്. ഇവിടെ സ്ത്രീകളാണ് ഭൂമിയുടെ അവകാശികൾ. പുരുഷന്മാർ വിവാഹശേഷം ഭാര്യവീട്ടിലേക്ക് ചേക്കേറുന്നു. സ്ത്രീശാക്തീകരണം എന്നൊക്കെ മറ്റുള്ളവർ മുറവിളി കൂട്ടുമ്പോൾ ഇവിടെ അത് തലമുറകളായി നടപ്പാക്കിവരുന്നു. എന്റെ അമ്മയും അമ്മൂമ്മയുമൊക്കെ മനസ്സ് കൊണ്ട് വളരെ ശക്തരായ സ്ത്രീകൾ ആയിരുന്നു. ഭക്ഷണം അവർ വിളമ്പിത്തരും, പക്ഷേ കഴിച്ച പാത്രം കഴുകി വയ്ക്കണം എന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു.

ഭാര്യ സുശീല അധ്യാപികയാണ്. രണ്ടു മക്കൾ. അലൻ സാവിയോ ലോപ്പസും, അലൻ സ്റ്റീവ് ലോപ്പസും. ഭാര്യവീട്ടിലേക്ക് ദത്തുകയറിയതു കൊണ്ട് എനിക്കും സ്വന്തമായി വീടുപണിയണം എന്ന് ആഗ്രഹമൊന്നും ഉണ്ടായിട്ടില്ല. എനിക്ക് സഹോദരിമാരില്ലാത്തതു കൊണ്ട് അമ്മയുടെ ഭൂമിയുടെ ഓഹരി എനിക്കും സഹോദരനും ലഭിച്ചു. അങ്ങനെ ലഭിച്ച ഭൂമിയിൽ വീടിനു പകരം ഒരു പൊതു വേദി നിർമിക്കാനാണ് എന്റെ പദ്ധതി.

അലൻസിയറും കുടുംബവും

മഹേഷിന്റെ പ്രതികാരം കണ്ടവരാരും പ്രകാശ് കവലയിലെ ഭാവന സ്‌റ്റുഡിയോയും ബേബി ആർട്സും മറക്കില്ല. അജയൻ ചാലിശേരിയായിരുന്നു ചിത്രത്തിന്റെ കലാസംവിധായകൻ. ആ ചെറിയ കവലയിലെ ഒഴിഞ്ഞ കടകൾക്കു മുകളിലാണ് അജയൻ ചുരുങ്ങിയ സമയം കൊണ്ട് ഒറിജിനലിനെ വെല്ലുന്ന സെറ്റ് ഇട്ടത്. വീടുകൾ പ്രത്യേകമായി ശ്രദ്ധിക്കാറില്ല എങ്കിലും ഒരടുപ്പം തോന്നിയ ഇടമായിരുന്നു ആ കടയുടെ സെറ്റ്. 

ഇപ്പോൾ എല്ലാവരും വലിയ വീടും അതിനേക്കാൾ വലിയ മതിലും പണിത് തങ്ങളിലേക്ക് ഒതുങ്ങുന്ന കാലമാണ്. മറ്റുള്ളവരെ കാണിക്കാൻ വലിയ വീട് പണിതിടുന്ന രീതിയോട് എനിക്ക് യോജിപ്പില്ല. വീടുകളിൽ പോലും മക്കളും മാതാപിതാക്കളും തമ്മിൽ സംസാരമില്ല. എല്ലാവരും ടിവിയിലും ഇന്റർനെറ്റിലും ആയിരിക്കും. ഈ ചിന്താഗതി മാറണം എന്നാണ് എന്റെ അഭിപ്രായം. 

ഞാൻ നാടകത്തിലൂടെ വളർന്നു വന്ന കലാകാരനാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുന്ന ഒരു കാലമാണല്ലോ ഇപ്പോൾ. കലാകാരന്മാർക്ക് തങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കാൻ ഒരു വേദി...അതാണ് ഞാനിപ്പോൾ പണിതു കൊണ്ടിരിക്കുന്നത്. ആർക്കും അവിടേക്ക് കടന്നു വരാം. പാട്ടു പാടാം, നൃത്തം ചെയ്യാം, ചിത്രം വരയ്ക്കാം, പ്രസംഗിക്കാം, നാടകം കളിക്കാം...എന്റെ രാഷ്ട്രീയം കൂടെയാണ് അതിലൂടെ ഞാൻ പണിയുന്നത്.