ഫർണിച്ചർ ചക്രവർത്തി വിട വാങ്ങുമ്പോൾ...അറിയണം ഈ ജീവിതം

ലോകത്തെ നാലാം നമ്പർ കോടീശ്വരനായിരുന്നു ഒരിക്കൽ. മരിക്കുമ്പോഴും 5400 കോടി ഡോളർ (ഏതാണ്ട് മൂന്നര ലക്ഷം കോടി രൂപ) സമ്പാദ്യമുണ്ടായിരുന്നു. പക്ഷേ, പഴഞ്ചൻ കാറേ ഓടിക്കൂ, വില കുറഞ്ഞ വാച്ചേ കെട്ടൂ, ചന്തയിൽ നിന്നു വില പറഞ്ഞു വാങ്ങുന്ന വസ്ത്രങ്ങളേ ധരിക്കൂ... പിശുക്ക് എന്നതിനേക്കാളും വൻകിട ബ്രാൻഡ് പൊങ്ങച്ചങ്ങളിലെ വിശ്വാസമില്ലായ്മയാണു കാരണം. അങ്ങനെയൊരാളുണ്ടായിരുന്നു–ജനുവരി 27നു തൊണ്ണൂറ്റൊന്നാം വയസ്സിൽ മരിച്ച ഇങ്‌വർ കംപ്രാഡ്. ലോകത്തെ ഏറ്റവും വലിയ ഫർണിച്ചർ ബ്രാൻഡായ ഐകിയ സ്ഥാപകൻ.

പത്തു പുത്തൻ ഒത്തു വന്നാലുടൻ ബെൻസ് കാറു വാങ്ങുന്നവർ കംപ്രാഡിന്റെ കഥ കേട്ടിരിക്കണം. 49 രാജ്യങ്ങളിലായി 412 ഐകിയ സ്റ്റോറുകളുണ്ട്. വർഷം 50 കോടി പേരെങ്കിലും അവിടങ്ങളിൽ നിന്നു വീട്ടു സാധനങ്ങൾ വാങ്ങുന്നു. പക്ഷേ, കംപ്രാഡ് പഴയ സ്കോഡ, വോൾവോ കാറുകളിലാണു സഞ്ചരിച്ചത്. സ്വീഡനിൽ വർഷത്തിലൊരു സൈക്കിളിങ് ഒഴിവുകാലം. ആഡംബരങ്ങളിൽ മുങ്ങി ജീവിക്കാമായിരുന്നിട്ടും കംപ്രാഡ് ഇങ്ങനെയൊക്കെയായിരുന്നു. 

ഫർണിച്ചർ കട മാത്രമല്ല ഐകിയ. വീട്ടിൽ വേണ്ട സർവ സാധനങ്ങളും വിൽക്കുന്ന വലിയൊരു സൂപ്പർമാർക്കറ്റാണ്. വലിയ ഗോഡൗൺ പോലുള്ള കടയുടെ ഒരറ്റത്തു കയറി പലവിധ സെക്​ഷനുകളിലൂടെ കടന്നു മറ്റേ അറ്റത്തു ചെന്നു തിരഞ്ഞെടുത്ത സാധനത്തിന്റെ കോഡ് പറഞ്ഞ് വാങ്ങിക്കൊണ്ടു പോകാം. ഫർണിച്ചർ സ്വന്തമായി കൂട്ടി യോജിപ്പിക്കണം. പക്ഷേ, വില കുറവാണ്. സാധാരണക്കാരന്റെ പോക്കറ്റിനു ചേരുന്നതും എന്നാൽ ഗുണനിലവാരമുള്ളതും. കംപ്രാഡ് ഈ ബിസിനസ് തുടങ്ങിയത് 1943ൽ പതിനേഴാം വയസ്സിലാണ്. 

സ്വീഡനിലെ ദരിദ്ര കർഷക ഗ്രാമത്തിൽ ജനിച്ച കംപ്രാഡ് സ്കൂൾ കുട്ടി ആയിരിക്കുമ്പോൾ തന്നെ കച്ചവടം തുടങ്ങിയിരുന്നു. സ്റ്റോക്ക്ഹോമിൽ പോയി തീപ്പെട്ടി മൊത്തത്തിൽ വാങ്ങി ഗ്രാമത്തിൽ കൊണ്ടുവന്നു വിൽക്കും. പിന്നെ വിത്ത് വിൽപനയായി. പെൻസിലും പോസ്റ്റ് കാർഡും മറ്റും വിറ്റു. സ്പോർട്സ് ബൈക്കും ടൈപ്പ് റൈറ്ററും സ്വന്തമാക്കി. 

സ്വീഡിഷ് ഗ്രാമങ്ങളിലെ ദരിദ്ര കർഷകർ അധിക വരുമാനത്തിനായി മരപ്പണിയും ചെയ്തിരുന്നു. അങ്ങനെയുണ്ടാക്കുന്ന ഫർണിച്ചർ വാങ്ങി നഗരത്തിൽ വിറ്റാണു തുടക്കം. അതു പിന്നെ വലിയ സ്റ്റോറുകളായി. വില കുറച്ചു വിൽക്കുന്നെന്ന പേരിൽ അറുപതുകളിൽ കംപ്രാഡിനെ സ്വീഡനിൽ മറ്റു കച്ചവടക്കാർ ബോയ്ക്കോട്ട് ചെയ്തിരുന്നു. സ്വീഡനിൽ നിന്നു ചെലവു കുറഞ്ഞ പോളണ്ടിലേക്ക് ഉൽപാദനം മാറ്റി. പിന്നീട് അനേകം രാജ്യങ്ങളിൽ ഉൽപാദനവും വിൽപനയും തുടങ്ങി. 

ലണ്ടനിലെ ഗാർഡിയൻ പത്രം കംപ്രാഡ് മരിച്ചപ്പോൾ എഴുതിയത് യൂറോപ്പിലെ 10% ജനങ്ങളെങ്കിലും ജന്മം കൊണ്ടത് ഐകിയ നിർമിച്ച കട്ടിലുകളിൽ വച്ചായിരുന്നുവെന്നാണ്. കുടുംബ ബിസിനസ് സാമ്രാജ്യം തന്നെ സ്ഥാപിച്ച കംപ്രാഡ് വിടവാങ്ങിയെങ്കിലും പീറ്റർ, ജോനാസ്, മത്തിയാസ് എന്നീ മൂന്നു ആൺമക്കൾക്കളിലൂടെ ഐകിയ തുടരും. 

ഹൈദരാബാദിൽ ഐകിയ ഇന്ത്യയിലെ ആദ്യ സ്റ്റോർ തുടങ്ങി. ഡൽഹിയിലും മുംബൈയിലും ബെംഗളൂരുവിലും കടകൾ വരുന്നു. അതിനു മുൻപേ അവരുടെ ബിസിനസ് മോഡൽ ഇവിടുത്തെ ഫർണിച്ചർ വ്യാപാരികൾക്ക് അനുകരിച്ചു നോക്കാവുന്നതാണ്. കെന്റക്കി ചിക്കൻ കടകളിലെ ബിസിനസ് കണ്ടുപഠിച്ച് നാടൻ ചിക്കൻ ഫ്രൈ കടകൾ തുടങ്ങി വിജയിപ്പിച്ച പോലെ ഇതും വിജയിച്ചേക്കാം. സായിപ്പിന്റെ രീതികൾ കണ്ടു പകർത്തുന്നത് ചിലപ്പോൾ ഗുണകരമാണ്. അതിൽ നമ്മുടെ പൊടിക്കൈകളും ചേരുമ്പോൾ സംഗതി ക്ലിക്കാവും. 

ഒടുവിലാൻ ∙ ലോകമാകെ കുടുംബ ബിസിനസാണ് ഫർണിച്ചർ. കുടുംബക്കാർ തലമുറകളായി നടത്തുന്നു. അതിൽ പ്രഫഷനലിസം കൊണ്ടു വരുന്നവർ വൻ വിജയം നേടുന്നു.