അനായാസമായ അഭിനയ ശൈലിയാണ് ഇർഫാൻ ഖാൻ എന്ന നടനെ അടയാളപ്പെടുത്തുന്നത്. താൻ അപൂർവ രോഗവുമായി പോരാടുകയാണെന്നു താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങിനു ഇടവേള നൽകി ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ് താരം. ബോളിവുഡ് സെലിബ്രിറ്റികളുടെ വീടുകൾ പൊതുവെ പ്രണയ സിനിമയിലെ ഗാനങ്ങൾ പോലെ വർണാഭമായിരിക്കും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ് ഇർഫാന്റെ വീട്.
നരച്ച ചുവരുകളും തേയ്ക്കാത്ത സീലിങ്ങുകളും നിറഞ്ഞ വീട്. മുംബൈയിലെ ഓഷിവാര എന്ന സ്ഥലത്താണ് ഇർഫാന്റെ പുതിയ വീട്. ധാരാളം ബോളിവുഡ് സെലിബ്രിറ്റികൾ താമസിക്കുന്ന ലോഖണ്ഡ് വാലായ്ക്കടുത്താണ് ഈ സ്ഥലം.
വീടിനകത്തും സ്വാഭാവികമായ ഒരു ആവാസവ്യവസ്ഥ നിലനിൽക്കണം എന്നതായിരുന്നു ഇർഫാന്റെ ഡിമാൻഡ്. അതിൽ പ്രധാനം വീടിനകത്ത് ഒരു പൊയ്ക ഉണ്ടാകണം എന്നതായിരുന്നു. ലിവിങ് റൂമിലേക്ക് കയറുമ്പോൾ ഈ പൊയ്ക കാണാം. ഇതിലെ വെള്ളം ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടതില്ല, കൃത്രിമമായ ഓക്സിജൻ കൊടുക്കേണ്ടതില്ല..തികച്ചും പ്രകൃതിദത്തമായ ഒരു കുളം. നേപ്പാളിൽ നിന്നുള്ള ബ്ലൂ സ്‌റ്റോൺ കൊണ്ടാണ് ഇത് നിർമിച്ചത്.
കണ്ണിൽ കുത്തിക്കയറുന്ന നിറങ്ങളോ അമിത ആഡംബരങ്ങളോ ഒന്നുമില്ല ഇവിടെ. സ്വീകരണമുറിയാണ് ഏറ്റവും ശ്രദ്ധേയം. ഇവിടെ കോൺക്രീറ്റ് ഭിത്തികൾക്ക് പകരം മൂന്നുവശത്തും ഗ്ലാസ് ഭിത്തികളാണ് നൽകിയത്. ഇതിലൂടെ പ്രകൃതിയും കാഴ്ചകളും അകത്തേക്ക് വിരുന്നെത്തുന്നു. ഈ മുറിയുടെ സീലിങ് തേച്ചിട്ടില്ല. ഫോൾസ് സീലിങ്ങിന്റെ ആഡംബരമില്ല. വർണ്ണവിളക്കുകൾ നേരിട്ട് തൂക്കിയിരിക്കുന്നു. റസ്റ്റിക് ഫിനിഷുള്ള ടൈലുകളും വുഡൻ ടൈലുകളുമാണ് നിലത്തു വിരിച്ചിരിക്കുന്നത്.
വീടിനകത്ത് ഒരു ഇടനാഴിയുണ്ട്. ഇതിന്റെ ഭിത്തികൾ മുഴുവൻ നീല നിറമാണ്. ഇവിടെ ജോധ്പൂരിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികൾ ഭിത്തി അലങ്കരിക്കുന്നു.
ഇർഫാന്റെ മുറിയിൽ ജയ്‌പൂരിൽ നിന്നുള്ള കർട്ടനുകളും ഫർണിച്ചറുകളും ഇടംപിടിച്ചിരുന്നു. കിടപ്പുമുറിയുടെ ഭിത്തിയിൽ ഒരു മാനിന്റെ പെൻസിൽ ചിത്രം കാണാം. ഓരോ ഇടങ്ങൾക്കും സ്ഥലഉപയുക്തത നൽകിയിരിക്കുന്നു. തുറന്ന ഇടങ്ങൾ ധാരാളം ഉള്ളതുകൊണ്ട് കാറ്റും വെളിച്ചവും ധാരാളമായി കടന്നുവരുന്നു.
ചുരുക്കത്തിൽ അകത്തളങ്ങളിൽ നിറയുന്ന പോസിറ്റീവ് എനർജിയാണ് വീടിന്റെ ഹൈലൈറ്റ്. പീക്കോക് ഇന്റീരിയർ ഡിസൈൻ ഉടമ ശബ്നം ഗുപ്തയാണ് വീടിനെ ഇർഫാന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ച് അണിയിച്ചൊരുക്കിയത്.