Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാതിലുകൾ ഇല്ലാത്ത വീട്ടിൽ നിന്നും അടുക്കളകൾ ഇല്ലാത്ത വീട്ടിലേക്ക്...

thanuja എഴുത്തുകാരി തനൂജ ഭട്ടതിരി തന്റെ വീടോർമ്മകൾ പങ്കുവയ്ക്കുന്നു....

എന്റെ സ്വപ്നത്തിലെ വീടുകള്‍ക്കൊന്നും വാതിലുകള്‍ ഉണ്ടായിരുന്നില്ല..വാതില്‍ അടയ്ക്കാത്ത വീടായിരുന്നു ഞാന്‍ ജനിച്ച തിരുവനന്തപുരം കോട്ടയ്ക്കകത്തെ വീട്. അർധരാത്രി കഴിഞ്ഞും അവിടെ വാതിലുകള്‍ തുറന്നുതന്നെ കിടന്നു. സെക്രട്ടറിയേറ്റില്‍ ഏതെങ്കിലും പേപ്പര്‍ ശരിയാക്കാനോ ജോലിയ്ക്കോ പരീക്ഷകള്‍ക്കോ ആയി നാട്ടില്‍ നിന്നും വരുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് വേണ്ടി ആ വീട് ഉറങ്ങാതെ കാത്തുകിടന്നു.

ചുറ്റും നിറയെ വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു. മാവ്, പ്ലാവ്, ആഞ്ഞിലി ചീലാന്തി..ഓടിക്കളിക്കാനും ഊഞ്ഞാലാടാനും ചുറ്റുവട്ടത്തെ അഗ്രഹാരങ്ങളിലെ കുട്ടികള്‍ എത്തിക്കൊണ്ടിരുന്നു. കുളവും കിണറും എപ്പോഴും നിറഞ്ഞുകിടന്നു. ഒരിക്കൽ ഒരു ബന്ധു ചോദിച്ചു..”എപ്പോഴും വാതില്‍ ഇങ്ങനെ തുറന്നിട്ടാല്‍ വല്ല പാമ്പോ പട്ടിയോ അകത്തേയ്ക്ക് കയറില്ലേ?”

അച്ഛന്‍റെ മറുപടി “ഉപദ്രവിയ്ക്കാതിരുന്നാല്‍ മതി, കേറുന്നതൊക്കെ താമസിയാതെ തനിയെ തിരിച്ചിറങ്ങിപ്പോക്കോളും..” !

അമ്മ എപ്പോഴും അടുക്കളയിലായിരുന്നു. പലയിടങ്ങളില്‍ നിന്നായി വന്നുപോകുന്നവര്‍ക്ക് വേണ്ടി ഇടവേളകളില്ലാതെ അടുപ്പ്  എരിഞ്ഞുകൊണ്ടിരുന്നു. പല ജാതി മനുഷ്യരെ വീട്ടില്‍ക്കയറ്റി ഒപ്പമിരുത്തി ഊട്ടുന്നുവെന്ന കാരണം പറഞ്ഞ് ബന്ധുക്കളായ നമ്പൂതിരിമാര്‍ പലരും വീട്ടില്‍ കയറാതായി. സാധാരണ നമ്പൂതിരി കുടുംബങ്ങളില്‍ നിര്‍ബന്ധിതമായ വിളക്ക് കൊളുത്തലോ നാമം ചൊല്ലലോ ഉണ്ടായിരുന്നില്ല. കുട്ടികളോട് കര്‍ക്കശ ഭാഷയില്‍ ‘പോയി ജപിയ്ക്കൂ’ എന്നാരും പറഞ്ഞില്ല. അമ്മയ്ക്ക് സൗകര്യമുള്ള ദിവസങ്ങളില്‍ അമ്മ വിളക്ക് വയ്ക്കും.

thanuja-father-mother തനൂജയുടെ അമ്മയും അച്ഛനും

അന്‍പതു വര്‍ഷം മുന്‍പ് ഒരു ക്രിസ്തുമസ്സിന് ഞങ്ങളുടെ വീട്ടില്‍ ഒരു നക്ഷത്രമുദിച്ചു..ആ നിമിഷം മുതല്‍ ഞങ്ങള്‍ മഠത്തിലുള്ളവര്‍  ‘നസ്രാണികള്‍ ആയി’!.”ആണെങ്കില്‍ പ്രശ്നമുണ്ടോ” എന്ന അച്ഛന്റെ ഒറ്റച്ചോദ്യത്തില്‍ വിമര്‍ശനങ്ങള്‍ നിലച്ചു. ആ നക്ഷത്ര വെളിച്ചത്തില്‍ ഞങ്ങള്‍ കുട്ടികള്‍ ചിരിച്ചപ്പോള്‍ ഞങ്ങളുടെ വീടും അണ്ണാനും കിളികളും കീരിയും പാമ്പും മരപ്പട്ടിയും എല്ലാം ചേര്‍ന്ന് ഒരു ഭൂലോകമായി മാറി..ഞങ്ങളുടെ പ്രപഞ്ചം!

പറമ്പിലെ എത്ര കോരിയാലും വറ്റാത്ത കിണര്‍ തേടി ഒരുപാട് പേര്‍ വന്നു. എവിടെയെങ്കിലും പൈപ്പ് പൊട്ടിയോ മറ്റോ വെള്ളം മുടങ്ങുന്നവര്‍ക്ക് വേണ്ടി കിണര്‍ നിറഞ്ഞുതുളുമ്പി കിടന്നു..ഇന്നും അങ്ങനെ തന്നെ.

വൈകുന്നേരങ്ങളായിരുന്നു ഏറ്റവും രസം. അച്ഛനും സുഹൃത്തുക്കളും ബന്ധുക്കളും പ്രായഭേദങ്ങളില്ലാതെ മുറ്റത്ത് കസേരയിലും കല്ലുകളിലുമായിരുന്നു പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.ആ സമയം ഊര്‍ജ്ജം തിളച്ച് മറിഞ്ഞ് ആ മനുഷ്യരിലൂടെ സഞ്ചരിയ്ക്കും. ചില സമയങ്ങളില്‍ ചര്‍ച്ച ഒച്ചപ്പാടിലെത്തും. എല്ലാം കഴിഞ്ഞ് പിന്നെ പാട്ടുകളാവും. മലയാളം മാത്രമല്ല, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് എല്ലാമുണ്ടാവും..

ഇന്നത്തെ പ്രശസ്ത ഗായകന്‍ ശ്രീനിവാസന്‍ അന്ന് ഞങ്ങളുടെ അയല്‍ക്കാരനായി താമസിച്ചിരുന്നു. വാസു എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. പാട്ട് കേള്‍ക്കാന്‍ മാത്രമായി അച്ഛന്‍ വാസുവിനെ വിളിച്ച്  വരുത്തും. വാസു സ്വയം മറന്നു ‘മുസാഫിര്‍ ഹു യാരോ’ പാടിക്കഴിയുമ്പോള്‍ അച്ഛന്‍ പറയും ‘വാസു വല്യ പാട്ടുകാരനാകും’. അന്ന് അച്ഛനോടൊപ്പം ആർട്ട്സ് ടെമ്പിൾ എന്ന് ദ്വൈമാസ വാരിക നടത്തിയിരുന്നത് ഷാഹുല്‍ ഹമീദ് എന്നൊരാളായിരുന്നു. വലിയ പണ്ഡിതനായിരുന്ന അദ്ദേഹം എത്തുന്ന ദിവസങ്ങളില്‍  ചര്‍ച്ച വേറെ തലങ്ങളിലേയ്ക്ക് എത്തും.

വീട് വീടാകുന്നത് മുറികള്‍ കൊണ്ടോ വീട്ടുപകരണങ്ങള്‍ കൊണ്ടോ കമാനങ്ങള്‍ കൊണ്ടോ അല്ല അവിടെ താമസിക്കുന്നവരും വന്നു പോകുന്നവരുമായ മനുഷ്യരുടെ നൈസര്‍ഗ്ഗികജീവിതം കൊണ്ട് കൂടിയാണ് എന്ന് എന്നെ പഠിപ്പിച്ചത് തിരുവനന്തപുരത്തെ ആ തുറന്ന വീടാണ്..

കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ തുറന്ന വീട്ടില്‍ നിന്നും സദാ അടഞ്ഞുകിടക്കുന്ന ഫാക്റ്ററി ക്വാര്‍ട്ടേഴ്സില്‍ ജീവിതം ശ്വാസം മുട്ടിത്തുടങ്ങി. തീപ്പെട്ടിക്കൂട് പോലെ കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളില്‍ എല്ലാവരും എപ്പോഴും വീടടച്ച് അകത്തിരുന്നു. പിന്നീട് സ്വന്തം വീട് വച്ച് മാറി താമസിക്കുമ്പോഴും സ്വപ്നത്തിലെ വീട് അനാഥമായിത്തന്നെ കിടന്നു.

അച്ഛന്‍ മരിച്ചു, കാലം മാറി. അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം തിരുവനന്തപുരത്തെ തുറന്ന വീടിന് കള്ളന്മാരെ പേടിയാണ്. അങ്ങനെ അതും അടഞ്ഞു. എത്ര കൂടുതല്‍ ആളുകള്‍ താമസിക്കുന്നോ അത്രയേറെ വീടിനു ഭംഗി കൂടും എന്ന അച്ഛന്‍റെ വാക്കുകളുമോര്‍ത്ത് ഞാന്‍ എന്‍റെ വീട്ടിലിരുന്നു.

ഇടവേളകളില്ലാതെ വച്ചുവിളമ്പിയിരുന്ന അമ്മയെ കണ്ട് ഒരുകാലത്ത് അതിശയിച്ചിട്ടുണ്ട്. പക്ഷേ അടുക്കളയില്ലാത്ത പുതിയ തരം  വീടുകളാണ് ഇന്നെന്റെ സ്വപ്നം. പുതിയ കുട്ടികള്‍ എല്ലാം മാറ്റിയെടുക്കുകയാണ്. അവരുടെ വീടിന് വലിയൊരു മുന്‍ മുറിയുണ്ടാവും. കിടപ്പുമുറിയല്ലാതെ ചിലപ്പോള്‍ ആ മുറി മാത്രമേ കാണുകയുള്ളൂ. അവിടെ ചെറിയ ഒരു പാചകസൗകര്യം.. അത്രേയുള്ളൂ.

thanuja-daughters

അവരുടെ ജീവിതം അടുക്കളയില്‍ തീരുന്നില്ല. അവര്‍ക്ക് അവരുടെ ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ഒന്ന് മാത്രമാണ് ഭക്ഷണവും. നഗരത്തിലെ പ്രധാന ഭക്ഷണശാലകള്‍ കൃത്യമായി അവര്‍ക്കറിയാം. ഈ ട്രെന്‍ഡ് നല്ലതോ ചീത്തയോ എന്ന് പറയാനാവില്ല. പക്ഷേ സ്ത്രീകളുടെ ലോകം  അടുക്കള മാത്രമാകുന്നില്ല എന്നത് മാത്രം ചിന്തിച്ചാല്‍ മതി ഈ മാറ്റം കണ്ട് സന്തോഷിക്കാൻ. ഈ മാറ്റങ്ങള്‍ക്കിടയിലും സ്വന്തം കാട്ടിലെ ഗുഹയില്‍, ചുട്ടുതിന്നാന്‍ ഒരു കിഴങ്ങ് പോലും കിട്ടാതെ ഭക്ഷണപ്പൊതി കക്കേണ്ടി വന്ന മധുവിനെ അടിച്ച് കൊന്നവരില്‍ ഞാനുമുണ്ടല്ലോ എന്നോര്‍ത്തുപോകുന്നുണ്ട്.

ഇത്രയും കാലം കൊണ്ട്, അണ്ണാനും പുല്‍ച്ചാടിയും ഒപ്പമെന്നു ചേർത്തുപിടിച്ചിരുന്ന സ്നേഹത്തില്‍ നിന്നും, മനുഷ്യരെ കയറ്റാന്‍ കൊള്ളാത്ത, അനുവാദമില്ലാത്ത ഒരു ഇടമായി  വീട് മാറിയതെങ്ങനെ എന്ന ചോദ്യം മാത്രം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു.