പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകൾ വരുമ്പോൾ, സ്വന്തം വീട്ടിൽ പോലും ആവശ്യമായ പരിഗണനയോ സ്നേഹമോ ലഭിക്കാതെ അവഗണിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്ന തണൽവീടുകളുടെ കഥ ഇതിനു മുൻപ് ഹോംസ്റ്റൈൽ ചാനലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ കേരളത്തിന് പുറത്തേക്കും ആ നന്മ വ്യാപിപ്പിക്കുകയാണ്. ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മടിക്കേരി (കൂർഗ്)യിൽ തോട്ടം തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
250 രൂപയാണ് ഇവിടെയുള്ള മിക്ക കുടുംബങ്ങളുടെയും ദിവസവരുമാനം. കുട്ടികൾ പലരും ചെറുപ്പത്തിലേ വിദ്യാഭ്യാസം നിർത്തി മാതാപിതാക്കൾക്കൊപ്പം തേയിലത്തോട്ടങ്ങളിൽ പണിയെടുക്കാൻ തുടങ്ങും. പോഷകാഹാരക്കുറവും വൃത്തിക്കുറവും മൂലമുളള രോഗങ്ങളും ഇവിടെ വ്യാപകമായിരുന്നു. സ്വന്തമായി അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു വീട് ഇവരുടെ സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മേഞ്ഞ ഇടിഞ്ഞു വീഴാറായ കുടിലുകളിലായിരുന്നു പലരുടെയും താമസം.
ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞു 125 വീടുകളാണ് തണൽ വീട് പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമിക്കുന്നത്. പലതിന്റെയും നിർമാണം പൂർത്തിയായി താക്കോൽ കൈമാറിക്കഴിഞ്ഞു.
270 ചതുരശ്രയടിയുള്ള ഒരുമുറി വീട് ഒന്നരലക്ഷം രൂപയ്ക്കും 360 ചതുരശ്രയടിയുള്ള രണ്ടുമുറി വീട് രണ്ടുലക്ഷം രൂപയ്ക്കും നിർമാണം പൂർത്തിയാക്കി. കിടപ്പുമുറി കൂടാതെ, ചെറിയ ഹാൾ, ബാത്റൂം, അടുക്കള എന്നിവയും ഇതിൽ ക്രമീകരിച്ചിരിക്കുന്നു. ഇവിടെ വിദഗ്ധ തൊഴിലാളികളുടെ അഭാവം മൂലം കേരളത്തിൽ നിന്നും പണിക്കാരെ കൊണ്ടുപോയാണ് വീടുകൾ നിർമിച്ചത്. പ്രാദേശികമായി ലഭ്യമായ സാമഗ്രികളാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഇതാണ് ചെലവ് പരമാവധി കുറയ്ക്കാൻ സഹായിച്ചത്. പണിക്കാരോടൊപ്പം ഇവരും കൂടിയതും നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായി.
വീടുമാത്രമല്ല മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളും ഇവിടെ ഒരുക്കിനൽകി. ശുദ്ധജലദൗർലഭ്യം അനുഭവപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇവിടെ. കിലോമീറ്ററുകൾ നടന്നു പുഴയിൽ നിന്നുമാണ് സ്ത്രീകൾ ദൈനംദിന ആവശ്യങ്ങൾക്കുള്ള ജലം സംഭരിച്ചിരുന്നത്. ഇതിനു പരിഹാരമായി 40 കുടുംബങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിൽ ഒരു കുഴൽക്കിണർ ഇവിടെ നിർമിച്ചുനൽകി. വൈദ്യുതിക്ഷാമം പരിഹരിക്കാനായി സോളാർ പാനലുകൾ ഘടിപ്പിച്ചു.
ചുരുക്കത്തിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ലഭിച്ചതിന്റെ സന്തോഷം ഇപ്പോൾ ഇവിടെയുള്ള തൊഴിലാളികളുടെ കണ്ണുകളിൽ കാണാം. ദയയുടെ പ്രവർത്തങ്ങൾ തുടരുകയാണ്. അല്ലെങ്കിലും നാലു ചുവരുകൾക്കും മേൽക്കൂരയ്ക്കുമപ്പുറം വീടുകൾക്ക് അർഥവും വ്യാപ്തിയും ലഭിക്കുന്നത് ഇതുപോലെയുള്ള തണൽവീടുകൾ ഉണ്ടാകുമ്പോഴല്ലേ...