ഗവ. മെഡിക്കൽ കോളജ് സൂപ്പർസ്പെഷ്യൽറ്റി സ്നേഹസ്പർശം ഡയാലിസിസ് യൂണിറ്റിലെ എയർകണ്ടിഷണറുകൾ എട്ടു മാസമായി പ്രവർത്തിക്കാത്തത് രോഗികൾക്ക് ദുരിതമാകുന്നു. ഡയാലിസിസിനായി ഒരു രോഗി ശരാശരി നാലു മുതൽ അഞ്ചു മണിക്കൂർവരെയാണ് ഇവിടെ കഴിയുന്നത്. ചൂടു കൂടി വരുന്നതിനാൽ രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ്. പത്തു ഡയാലിസിസ് യന്ത്രങ്ങളാണ് ഇവിടെയുള്ളത്.
ഇതിൽ രണ്ടെണ്ണം വാർഡിലുള്ളവർക്കും എട്ടെണ്ണം ഇവിടെ വന്നു ഡയാലിസിസ് ചെയ്തു പോകുന്നവർക്കും എന്ന തരത്തിലാണ് ക്രമീകരിച്ചത്. എയർകണ്ടിഷണറുകൾ പ്രവർത്തിക്കാത്തതിനാൽ യന്ത്രങ്ങളും വേഗത്തിൽ തകരാറിലാകാൻ സാധ്യതയുണ്ട്. കാരണം ശീതീകരണ സംവിധാനത്തിൽ മാത്രമേ ഡയാലിസിസ് യന്ത്രം പ്രവർത്തിക്കാൻ പാടുള്ളുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
എസിയില്ലാത്തതിനാൽ നാലു ഫാനുകൾ കൊണ്ടുവച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ടും രോഗികൾക്ക് ആശ്വാസമാകുന്നില്ല. ഡയാലിസിസ് കഴിയുമ്പോഴേക്കും പലർക്കും കൂടുതൽ ക്ഷീണം ഉണ്ടാകുന്നതായും രോഗികളും ഒപ്പമുള്ളവരും സാക്ഷ്യപ്പെടുത്തുന്നു.
ആഴ്ചയിൽ മൂന്നു തവണയാണ് ഒരാളെ ഇവിടെ ഡയാലിസിസിനു വിധേയമാക്കുന്നത്. ചിലരുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് ഇതിൽ മാറ്റമുണ്ടാകാറുണ്ട്.
ഇപ്പോൾ പലപ്പോഴും ചൂടു കൂടി വരുമ്പോൾ ഡയാലിസിസ് യൂണിറ്റിന്റെ ജനവാതിൽ തുറന്നിടാറാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യാൻ പാടില്ലെങ്കിലും ചൂടു കൂടുമ്പോൾ ഇതല്ലാതെ രക്ഷയില്ലെന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഡയാലിസിസിനു വിധേയരാകുന്നവരിൽ ആരോഗ്യ ഇൻഷുറൻസുള്ളവർക്ക് ഒരു ഡയാലിസിനു 800 രൂപയും അല്ലാത്തവരോട് 650 രൂപയുമാണ് ഈടാക്കുന്നത്. ആശുപത്രി വികസന സമിതി ഫണ്ടിലേക്കാണ് ഈ തുക പോകുന്നത്.
∙സംഭാവന ചെയ്യാം
ഉദാരമതികളുടെ സഹായത്തോടെ നേരത്തേ ജില്ലാ പഞ്ചായത്ത് തുടങ്ങിയ പദ്ധതിയാണ് സ്നേഹസ്പർശം ഡയാലിസിസ് യൂണിറ്റ്. പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമാകുന്ന സംരംഭമാണിത്. എന്നാൽ എയർകണ്ടിഷണറുകൾ തകരാറിലായ സംഭവം ഔദ്യോഗികമായും, അല്ലാതെയും രോഗികളും അല്ലാത്തവരും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. ഇവിടത്തെ പ്രയാസം മനസ്സിലാക്കി ആരെങ്കിലും നാല് എയർകണ്ടിഷണുകൾ ഇവിടേക്ക് നൽകിയാലും ഏറെ ആശ്വാസമാകുമെന്നാണ് ചില രോഗികൾ പറയുന്നത്.