Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേജർ രവിയുടെ പുതിയ വീട്!

വിവാഹം, വീടുപണി.. ഇത് രണ്ടും ഒരാളുടെ മോശം സമയത്താണ് നടക്കുന്നത് എന്ന് പറയാറുണ്ട്. രണ്ടുപതിറ്റാണ്ടു നീണ്ട പട്ടാളജീവിതത്തിൽ പല ഓപ്പറേഷൻസും പുല്ലുപോലെ നേരിട്ട മേജർ രവി പക്ഷേ ഒരു മിഷന് മുൻപിൽ ആദ്യമൊന്നു പകച്ചുപോയി. തന്റെ അറുപതാം വയസിൽ സ്വന്തമായി ഒരു വീട് പണിയുക എന്നതായിരുന്നു ആ ഓപ്പറേഷൻ.

major-ravi-home-view

പട്ടാമ്പിക്കാരനായ മേജർ രവി സിനിമയുടെ സൗകര്യത്തിനാണ് അവിടെയുള്ള വസ്തു വിറ്റ് കൊച്ചി പുത്തൻകുരിശിന് സമീപം പന്ത്രണ്ടര സെന്റ് സ്ഥലം വാങ്ങി വീടുപണി തുടങ്ങിയത്. തുടക്കത്തിൽ പലരെയും പണി ഏൽപ്പിച്ചെങ്കിലും പണം ചെലവാകുന്നതല്ലാതെ പണി മുന്നോട്ടു പോകുന്നുണ്ടായിരുന്നില്ല. അവസാനം തുടക്കത്തിൽ പണി ഏറ്റെടുത്തവരെ ഒഴിവാക്കേണ്ടി വന്നു. പിന്നീട് മേജറിന്റെ സുഹൃത്തായ ഡിസൈനർ ദിലീപാണ് അസ്ഥികൂടമായി കിടന്ന വീടിനു ആറേഴു മാസങ്ങൾ കൊണ്ട് പുതുജീവൻ നൽകിയത്. 

major-ravi

തുടക്കത്തിൽ വേണ്ടത്ര പൈലിങ് ചെയ്യാതെ അടിത്തറ കെട്ടിയത് മുഴുവൻ പൊളിച്ചു കളഞ്ഞു വീണ്ടും പണി തുടങ്ങേണ്ടി വന്നു. ഇടുങ്ങിയ അകത്തളത്തിലെ അനാവശ്യ ഭിത്തികൾ ഇടിച്ചു കളഞ്ഞു ഓപ്പൺ ശൈലിയിലേക്ക് മാറ്റിയെടുത്തു. തുടക്കത്തിലുണ്ടായ തിരിച്ചടികളെ ക്ഷമയോടെ നേരിട്ട് വേണ്ട തിരുത്തലുകൾ നടത്തി അവസാനം ആ മിഷൻ വിജയകരമായി മേജർ പൂർത്തിയാക്കി. മൂവാറ്റുപുഴ റോഡിൽ പുത്തൻകുരിശിനു സമീപം പന്ത്രണ്ടര സെന്റ് സ്ഥലത്താണ് സാത്വികം എന്ന സുന്ദരമായ വീട്. കന്റെംപ്രറി ശൈലിയിലുള്ള വീട്ടിൽ കാറ്റിനെയും വെളിച്ചത്തിനെയും സ്വാഗതം ചെയ്യാനായി നിരവധി ജനാലകളും നൽകിയിട്ടുണ്ട്.

ഏകദേശം നാലര സെന്റിൽ 4000 ചതുരശ്രയടിയിലാണ് വീട്. ബാക്കി എട്ടു സെന്റോളം കൃഷിക്കായി മാറ്റിവച്ചിരിക്കുന്നു. മുറ്റത്ത് ടൈലിട്ടു മിനുക്കുന്ന പരിപാടിയോട് മേജറിന് താൽപര്യമുണ്ടായിരുന്നില്ല. അതിനു പകരം വെള്ളം കിനിഞ്ഞിറങ്ങും വിധം കരിങ്കല്ലും പുൽത്തകിടിയും വിരിച്ചു.

major-ravi-home-living

ഗെയ്റ്റ് തുറന്നാൽ നേരെ രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ കാർ പോർച്ച്. വശത്ത് ചെറിയ സിറ്റ്ഔട്ട്. വാതിൽ തുറന്നാൽ സ്വകാര്യത നൽകി ലളിതമായ ലിവിങ് റൂം. പച്ച ഫാബ്രിക് ഫിനിഷ് നൽകിയ ഫർണിച്ചർ. തടിയിലും സ്റ്റീലിലുമാണ് ഫർണിച്ചറുകൾ നിർമിച്ചത്. ലിവിങ്ങിൽ നിന്നും കടക്കുന്നത് ഹാളിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ്, പൂജാ സ്പേസ്, ഓപ്പൺ കിച്ചൻ എന്നിവ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഗോവണിയുടെ താഴെയായി ഫാമിലി ലിവിങ് ക്രമീകരിച്ചു. ഇവിടെ ടിവി യൂണിറ്റും നൽകി. നേരിട്ടുള്ള ലൈറ്റുകൾ നൽകാതെ ഫോൾസ് സീലിങ്ങ് നൽകി കൺസീൽഡ് ലൈറ്റിങ് നൽകിയിരിക്കുന്നു. 

ഊണുമുറിക്ക് സ്വകാര്യത നൽകി ജാളി പാർട്ടീഷൻ കാണാം. ഊണുമേശയുടെ ഡിസൈൻ രസകരമാണ്. ഒരു വശത്ത് കസേരകളും മറുവശത്ത് ബെഞ്ചുകളും നൽകി. 

major-ravi-home-dining

സമീപം കിഴക്കോട്ട് ദർശനമായി ലളിതമായ പൂജാ സ്പേസ്. സമീപം ഓപ്പൺ ശൈലിയിൽ ഐലൻറ് കിച്ചൻ. ഫ്രിഡ്ജ്, അവ്ൻ, സ്റ്റോറേജ് സ്പേസ് അടക്കമുള്ള സാമഗ്രികളെല്ലാം ഇൻബിൽറ്റ് ആയി ഡിസൈൻ ചെയ്തതാണ്. സമീപം വർക് ഏരിയയുമുണ്ട്.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. താഴെ ഗസ്റ്റ് ബെഡ്റൂം, അമ്മയുടെ കിടപ്പുമുറി. മുകളിൽ മാസ്റ്റർ ബെഡ്റൂം, മകന്റെ കിടപ്പുമുറി എന്നിവ. സാധാരണ കിടപ്പുമുറികളിൽ രാത്രിയിൽ കിടന്നു കൊണ്ട് വായിക്കാൻ ബെഡ് സൈഡ് ലാംപുകൾ നൽകാറുണ്ട്. എങ്കിലും ചരിഞ്ഞു കിടന്നു വായിക്കുന്നത് പലപ്പോഴും അസൗകര്യമാണ്. ഇതിനെ മറികടക്കാൻ കട്ടിലിന്റെ ഹെഡ് ബോർഡിൽ ഫെതർടച്ച് ലാംപുകൾ നൽകി 'ബെഡ് ടോപ് ലാംപ്' ആക്കി പരിഷ്കരിച്ചിരിക്കുന്നു. സമീപം ബാത്റൂമും, ഡ്രസിങ് ഏരിയയും. കൂടാതെ പുറത്തേക്ക് ഒരു സിറ്റ് ഔട്ടും നൽകി. പച്ചപ്പും കാറ്റുമൊക്കെ ആസ്വദിച്ച് അതിഥികൾക്ക് താമസിക്കാം.

ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. തേക്കിൻതടിയിലാണ് പടികൾ മെനഞ്ഞെടുത്തത്. കൈവരികളിൽ സ്റ്റീലും ഗ്ലാസും. ഫാമിലി ലിവിങ്ങിനു മുകളിലുള്ള ഡബിൾ ഹൈറ്റ് സീലിങ്ങിൽ നിന്നും സ്പോട് ലൈറ്റുകൾ പ്രകാശം ചൊരിയുന്നു. മുകളിൽ നിരവധി സർപ്രസുകൾ ഒരുക്കിയിരിക്കുന്നു. പടികൾ കയറിയെത്തുന്നത് ഒരു ഓപ്പൺ ഹാളിലേക്കാണ്. ആദ്യം കാഴ്ച പതിയുന്നത് മോഹൻലാലിനൊപ്പം മേജർ രവി നിൽക്കുന്ന ഒരു പെയിന്റിങ്ങിലേക്കാണ്. മേജറിന്റെ സിനിമാജീവിതത്തിൽ വഴിത്തിരിവായത് മോഹൻലാലിനെ നായകനാക്കി ചെയ്ത പട്ടാള ചിത്രങ്ങളാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ആ സൗഹൃദമാണ് മുകൾനിലയിൽ കൂടുതലായി നിറയുന്നത്.

major-mohanlal-photo

'1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയുടെ ചിത്രീകരണസമയത്ത് മോഹൻലാൽ മുൻകയ്യെടുത്ത് എടുത്തതാണ്  ഈ ഫോട്ടോ. അത് ഞാൻ പിന്നീട് ഒരു ചിത്രമായി വരപ്പിച്ചെടുക്കുകയായിരുന്നു'. മേജർ രവി പറയുന്നു. സമീപമുള്ള ചുവരിൽ മേജറിന്റെ കരിയറിലെയും സിനിമയിലെയും സുന്ദരനിമിഷങ്ങൾ ചില്ലിട്ടു വച്ചിരിക്കുന്നു. ഒരായിരം കഥകൾ പറയാനുണ്ട് ഭൂതകാലത്തിലെ ഘനീഭവിച്ച മഞ്ഞുതുള്ളി പോലെ ചില്ലിട്ടു വച്ചിരിക്കുന്ന ഓരോ ചിത്രങ്ങൾക്കും. എതിർവശത്തെ ഭിത്തിയിൽ ലഭിച്ച ഉപഹാരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിൽ മികച്ച തിരക്കഥാകൃത്തിന് ലഭിച്ച സംസ്ഥാന പുരസ്കാരവുമുണ്ട്.

major-ravi-photo-wall

ആലസ്യം തീർക്കുന്ന ഇടമാണ് മുകൾനില. വലിയ ഫർണിച്ചറുകൾക്ക് പകരം ബീം ബാഗുകൾ ഇരിപ്പിടമായി നൽകിയിരിക്കുന്നു. പടികൾ കയറി വരുന്ന ഭാഗത്ത് ഒരു ആട്ടുകട്ടിലും നൽകി.ക്രോസ് വെൻറിലേഷൻ നൽകിയിരിക്കുന്ന അകത്തളങ്ങളിൽ കാറ്റും വെളിച്ചവും ഒഴുകി നടക്കുന്നു. സമീപത്തെ വാതിൽ തുറക്കുന്നത് പച്ചപ്പിന്റെ കാഴ്ചകളിലേക്കാണ്. മുകളിൽ ഓപ്പൺ ടെറസിൽ സോളർ പാനലും സോളർ വാട്ടർ ഹീറ്ററും നൽകിയിരിക്കുന്നു. ടെറസിൽ ഒരു ജിം സെറ്റ് ചെയ്യുകയാണ് അടുത്ത മിഷൻ.

solar-panel

മുകളിലെ മാസ്റ്റർ ബെഡ്റൂമിലും റീഡിങ്ങ് ലൈറ്റുകളും ഹെഡ്ബോർഡിൽ വോൾപേപ്പറുമുണ്ട്. കിടപ്പുമുറിയുടെ രണ്ടു വശത്തും ജനാലകളാണ്. ഇതു വഴി സമീപത്തുള്ള പള്ളിയും പച്ചപ്പും നൽകുന്ന പൊസിറ്റീവ് എനർജി ആസ്വദിക്കാം. 

master-bedrooom

മുകളിലെ മറ്റൊരു ഹൈലെറ്റ് ഹോം തിയറ്ററാണ്. ഇവിടേക്ക് കയറുന്ന ഇടനാഴിയിലെ ഭിത്തിയിൽ മേജറിന്റെ പട്ടാളസിനിമകളുടെ പോസ്റ്ററുകൾ ഫ്രെയിം ചെയ്ത് പ്രദർശിപ്പിച്ചിരിക്കുന്നു.അകത്തേക്ക് കയറുന്നതിന് മുൻപ് ഒരു പാനൽ കാണാം. ഇതിൽ പലവിധ ഓപ്ഷനുകൾ നൽകിയിരിക്കുന്നു. ഒരു സിനിമ കാണണമെങ്കിൽ മൂവി ബട്ടൺ അമർത്തിയാൽ അകത്തേക്ക് കയറുമ്പോഴേക്കും ഓട്ടമാറ്റിക്കായി ആംബിയൻസും മൂഡ് ലൈറ്റുകളും സെറ്റ് ആകും. മറ്റൊരു ബട്ടൺ ധ്യാനിക്കാനുള്ളതാണ്. ഈ മോഡ് ഇട്ടാൽ ലൈറ്റുകൾ താനെ അണഞ്ഞു, മെല്ലെ കാട്ടരുവിയുടെ നനുത്ത ശബ്ദം ഒഴുകാൻ തുടങ്ങും. അൽപസമയം കണ്ണടച്ച് ധ്യാനിച്ചാൽ എത്ര ടെൻഷനും പമ്പ കടക്കും.

home-theatre

തുടക്കത്തിലുണ്ടായ തിക്താനുഭവങ്ങൾക്ക് ശേഷം 2017 പകുതിയോടെ ഡിസൈനർ ദിലീപിനെ വീടുപണി ഏൽപ്പിക്കുമ്പോൾ പ്രധാനമായും ഒരു കണ്ടീഷൻ ആയിരുന്നു ഉണ്ടായിരുന്നത്. 2018 ജനുവരി മാസത്തിൽ ഗൃഹപ്രവേശം നടക്കണം. കാരണം ഫ്രബ്രുവരിയിൽ മകൻ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവുകയാണ്. കൃത്യം 2018 ജനുവരി 31ന് സായൂജ്യത്തിന്റെ പാലുകാച്ചൽ നടന്നു. ഗൃഹപ്രവേശന ചടങ്ങിന് മലയാളസിനിമയിലെ നിരവധി താരങ്ങൾ എത്തിയിരുന്നു. വീടിന്റെ ഇന്റീരിയർ ഡിസൈനിൽ ശ്രദ്ധാലുവായ മമ്മൂട്ടിക്ക് വീടിന്റെ അകത്തളങ്ങൾ നന്നേ ബോധിച്ചു. വീടിനുള്ളിൽ നിറയെ തന്റെ ചിത്രങ്ങൾ കണ്ട മോഹൻലാൽ വീട്ടിലേക്ക് ഒരു ഛായാചിത്രം സമ്മാനമായി ഓഫർ ചെയ്തു. അതിന്റെ വരവും കാത്തിരിക്കുകയാണ് ഇപ്പോൾ സാത്വികം എന്ന വീട്.

major-home-elevation