പടർന്നു പന്തലിച്ച അരളി മരങ്ങളുടെ തണലിൽനിന്നാണു വീടു തുടങ്ങുന്നത്. കരിങ്കല്ലു പാകിയ മുറ്റത്തുനിറയെ വീണുകിടക്കുന്ന മഞ്ഞ ഇലകളും ചുവന്ന പൂക്കളും. ചുറ്റും മരങ്ങളുടെ പച്ചുമാത്രം. ഇവിടെയൊരു പന്തലുണ്ട്. മരത്തടികൊണ്ടു തീർത്ത മേൽക്കൂരയില്ലാത്ത പന്തൽ. കടഞ്ഞെടുത്ത തൂണുകളിൽ മരംകൊണ്ടുള്ള കൊത്തുപണികൾ. മുറ്റത്തു പഴയൊരു സൈക്കിൾ റിക്ഷ. ഇതിനു മാത്രമായി പ്രത്യേകം മേൽക്കൂര. മനോരമയുടെ ‘കഥയാട്ടം’ എന്ന കലാരൂപത്തിൽ അഭിനയിച്ചപ്പോൾ ‘ഓടയിൽനിന്നി‘ലെ പപ്പുവിനെ ലാൽ അവതരിപ്പിച്ചിരുന്നു. അന്നു സ്വന്തമാക്കിയതാണ് ഈ റിക്ഷ.
കൽപ്പടവുകൾ കയറിയാൽ ഇരുവശത്തും നീലജലാശയവും അതിൽ നിറയെ വർണമീനുകളും. ഈ ജലാശയത്തിനു മുകളിലൂടെയുള്ള മരപ്പാലമാണ് വീട്ടിലേക്കുള്ള വഴി. വെള്ളം ശുദ്ധീകരിക്കാനായി സിംഗപ്പൂരിലെ വിദഗ്‌ധൻ രാമ തയാറാക്കിയ സംവിധാനം ഈ ജലാശയത്തെ ഏതുസമയത്തും സ്‌ഫടികംപോലെ നിലനിർത്തും. ഏറെക്കാലത്തെ ശ്രമത്തിലൂടെയാണ് രാമ ഇതു യാഥാർഥ്യമാക്കിയത്. വാതിൽ തുറക്കുമ്പോൾ അറിയാതെ ഒരുനിമിഷം നിന്നുപോകും. മീനുകൾ നിറഞ്ഞ അക്വേറിയം കാൽച്ചുവട്ടിൽ. ഇതിനുമേൽ വിരിച്ച ഗ്ലാസിനു മുകളിലൂടെ വേണം അകത്തേക്കു കാൽവയ്‌ക്കാൻ. മുന്നിൽ വീണ്ടുമൊരു അക്വേറിയം. ഇതു സമുദ്രാന്തർഭാഗത്തെ മത്സ്യങ്ങളുടെ അക്വേറിയമാണ്. ഇതിലൂടെ നോക്കിയാൽ വീടിനു പുറത്തുള്ള കായൽ കാണാം. നോക്കെത്താ ദൂരത്തോളം നീളുന്ന ജലാശയത്തിൽ മീനുകൾ കിടക്കുന്നതുപോലെ.
സ്വകാര്യ മുറിയുടെ ചുമരുകളിൽ പലരും സമ്മാനിച്ച ചിത്രങ്ങൾ. നടുവിൽ ദേശീയ ബഹുമതികളിലൊന്ന്. അടുത്ത് പത്മശ്രീയുടെ പതക്കം. ഇതു തികച്ചും സ്വകാര്യമായ മുറിയാണ്. പുറത്തെ ശബ്‌ദംപോലും അകത്തേക്ക് അനുവാദമില്ലാതെ കടന്നുവരില്ല.
ചെറിയൊരു പടവിറങ്ങിയാൽ സ്വീകരണ മുറിയിലെത്തി. ചുമരിൽ സംഗീതം പൊഴിക്കുന്ന ക്ലോക്കുപോലൊരു യന്ത്രം. ഓരോ പാട്ടും ലോഹത്തിൽ കൊത്തിയെടുത്തിരിക്കുകയാണ്. വർഷങ്ങളോളം പഴക്കമുള്ള യന്ത്രം വിദേശയാത്രയിലെവിടെയോ ലാലിനോടൊപ്പം കൂടിയതാണ്. സ്വീകരണമുറി തുറക്കുന്നതു കായലിലേക്കു നോക്കിയിരിക്കുന്ന വരാന്തയിലേക്കാണ്. സ്വീകരണ മുറിയുടെ ഒരുവശം മുഴുവൻ ചില്ലുവാതിലുകൾ. ഇവിടെയിരുന്നാൽ കൊച്ചിയിലെ കായൽ കാണാം. അക്കരെ പൊട്ടുപോലെ കെട്ടിടങ്ങൾ, ഇടതടവില്ലാതെ പോകുന്ന കെട്ടുവള്ളങ്ങളും ബോട്ടുകളും.
വരാന്തയോടു ചേർന്ന നീന്തൽക്കുളം കായലിനും വീടിനും ഇടയിലുള്ള പുൽപരപ്പിൽ നീർത്തുള്ളിപോലെ കിടക്കുന്നു. പ്രത്യേക ആകൃതിയില്ലാത്ത കുളം രണ്ട് ഞാവൽ മരങ്ങളെ ചുറ്റിക്കിടക്കുകയാണ്. കുളത്തിനുമേൽ വീണു കിടക്കുന്ന സ്വർണവർണ ഇലകൾ. വരാന്തയിൽ കുളക്കരയിലൊരു മിനിബാറുണ്ട്. വരാന്തയിൽനിന്നൊരു കുഴിയിലേക്ക് ഇറങ്ങുന്നതുപോലെയാണിത്. നീന്തിവന്ന് കുളത്തിനടിയിലെ കല്ലുകസേരകളിലിരുന്നാൽ ബാറിലെ മേശയിൽ കൈവച്ചിരിക്കാം. നീന്തൽ കുളത്തിൽ കഴുത്തറ്റം മുങ്ങി കായൽപ്പരപ്പിലേക്കു നോക്കുമ്പോൾ കായൽവെള്ളം തലയ്‌ക്കു മുകളിൽ ഓളംവെട്ടുന്നതുപോലെ. വഞ്ചികൾ നീന്തൽകുളത്തിലേക്കു കയറുമോ എന്നുതോന്നും. വരാന്തയ്‌ക്കു മുന്നിലെ പച്ചുൽപരിനു നല്ല ചന്തമാണ്. കായൽത്തീരത്തോളം നീണ്ടുകിടക്കുന്ന പുൽപ്പരപ്പിൽ എവിടെനിന്നെല്ലാമോ സംഘടിപ്പിച്ച വർഷങ്ങൾ പഴക്കമുള്ള കസേരകൾ, മൺകലങ്ങൾ. കുങ്കുപ്പൂമരങ്ങൾ തണൽവിരിച്ചു നിൽക്കുന്നു.
ഒന്നാംനിലയിലേക്കുള്ള പടവുകൾ കയറുമ്പോൾ വഴിയിൽ ചെറിയ ചെറിയ കൗതുകങ്ങൾ. അതിഥികൾക്കും കുട്ടികൾക്കുമുള്ള കിടപ്പുമുറികൾ. ഒരിടത്ത് വെള്ളാരംകല്ലുകളിട്ടു നിറച്ച തറയുമായി തുറന്ന കുളിമുറി. ഷവറിനു കീഴെ നിൽക്കുമ്പോൾ കല്ലുകൾക്കിടയിലൂടെ വെള്ളമൊഴുകുന്നു. ഏതോ പുഴക്കരയിൽനിന്നു കുളിക്കുന്ന സുഖം പാദങ്ങൾക്കടിയിലൂടെ കടന്നുപോകുകയാണ്. ബാത്ത്‌റൂമിലേക്ക് മാവിൽ പൂക്കൾ നിറഞ്ഞ കൊമ്പുകൾ എത്തിനോക്കുന്നു. കിടപ്പുമുറികളിൽനിന്നു ജാലകങ്ങൾ തുറക്കുന്നതു കായൽപ്പരപ്പിലേക്കാണ്. ഒരുവശത്ത് മോഹൻലാലിന്റെ കിടപ്പുമുറി.
കിടപ്പുമുറിയിൽനിന്നുള്ള വരാന്തയിൽ ഹോം തിയറ്റർ. കിടക്കാനും ഇരിക്കാനും സൗകര്യമുള്ള തിയറ്ററിൽ ബ്ലൂ റേ അടക്കം സംവിധാനമുള്ള പ്രൊജക്ഷൻ. ഇറക്കുമതി ചെയ്‌ത ആധുനിക സ്‌ക്രീൻ, ശബ്‌ദസംവിധാനം. വരാന്ത അവസാനിക്കുന്നതു മനോഹരമായ ആർട്ട് ഗാലറിയിലാണ്. അത്യപൂർവമായ ചിത്രങ്ങളും ശിൽപങ്ങളും. ലാൽ ഇതുവരെ നേടിയ എല്ലാ വിലപിടിപ്പുള്ള വസ്‌തുക്കളും ഇവിടെയുണ്ട്. നമ്പൂതിരി വരച്ച ചിത്രങ്ങൾക്കു മാത്രമായി പ്രത്യേക സ്‌ഥലം. അപൂർവമായ തഞ്ചാവൂർ ചിത്രം ചുമർനിറഞ്ഞു നിൽക്കുന്നു. രണ്ടു തട്ടുകളായി ചിട്ടടെുത്തിയ ആർട്ട് ഗാലറി കേരളത്തിലെ ഏറ്റവുംവലിയ സ്വകാര്യ ആർട്ട് ഗാലറിയാകും. അവിടെനിന്നു മുറ്റത്തെ മരത്തണലിലേക്കു പടവുകൾ. വാതിൽ തുറക്കുമ്പോൾ വെള്ളച്ചാട്ടത്തിന്റെ നിലയ്‌ക്കാത്ത ശബ്‌ദം. പഴങ്ങൾ തേടിവന്ന പക്ഷികൾ വരാന്തയുടെ കൈവരിയിൽ ഇരിക്കുന്നു. കാറ്റിൽ ചില്ലകൾ ആടി ഉലയുമ്പോൾ മഞ്ഞപ്പൂക്കൾ വീണുകൊണ്ടിരുന്നു.
*സിനിമ തിരക്കുകളുമായി ബന്ധപ്പെട്ട യാത്രകളിൽ ആയതിനാൽ മോഹൻലാൽ ഇപ്പോൾ ഇവിടെ അധികം താമസിക്കാറില്ല. അതുകൊണ്ട് വീട് ഇപ്പോൾ ആശീർവാദ് സിനിമാസിന്റെ ഓഫിസായി പ്രവർത്തിക്കുന്നു.