എന്റെ വീട്, ലക്ഷ്മിയുടെയും മോളുടെയും...

നടനും ആർജെയും കുടുംബപ്രേക്ഷകരുടെ പ്രിയ അവതാരകനുമായ മിഥുൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

അഭിനേതാവായി തുടങ്ങി പിന്നീട് ദുബായിൽ ആർ ജെ ആയി, അവിടെ നിന്നും അവതാരകനായി കുടുംബസദസുകളുടെ മനസ്സിലേക്ക് ലാൻഡ് ചെയ്ത വ്യക്തിയാണ് മിഥുൻ രമേശ്. മസിലു പിടിത്തമില്ലാത്ത അവതരണശൈലിയിലാണ് മിഥുനെ കുടുംബപ്രേക്ഷകരുടെ പ്രിയ അവതാരകനാക്കിയത്. താമസം ദുബായിൽ ആണെങ്കിലും പതിവായി നാട്ടിലേക്ക് ഷട്ടിൽ സർവീസ് നടത്തുന്നയാളാണ് കക്ഷി. മിഥുൻ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

തിരുവനന്തപുരമാണ് സ്വദേശം. മെഡിക്കൽ കോളജിനു സമീപം ചാലക്കുടി റോഡിലാണ് പഴയ കേരള ശൈലിയിലുള്ള തറവാടുവീട്. കൂട്ടുകുടുംബമായിരുന്നു എന്റേത്. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റേയുമൊക്കെ സ്നേഹം കണ്ടാണ് വളർന്നത്. അമ്മാവന്മാരും വല്യമ്മമാരുമൊക്കെ വീട് വച്ച് മാറിയെങ്കിലും എല്ലാവരും അടുത്തടുത്ത് തന്നെയാണ് താമസം. വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ.

ഞാൻ ജനിച്ചതും പഠിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു. സിനിമയിൽ എത്തിയ ശേഷമാണ് യാത്രകൾ ആരംഭിക്കുന്നത്. ആർ ജെ ആയി ജോലി ലഭിച്ച ശേഷമാണ് ഞാൻ ദുബായിലേക്ക് എത്തുന്നത്. ഇവിടെ അഞ്ചു വർഷമായി. പല ഫ്ലാറ്റുകൾ മാറി മാറിയാണ് ഈ ഫ്ലാറ്റിലേക്ക് എത്തുന്നത്. ആദ്യമൊക്കെ ഹോം സിക്ക്നസ്സ് അലട്ടിയിരുന്നു. പിന്നെ പതിയെ മാറി. 

ദുബായിൽ ഖിസൈസ് എന്ന സ്ഥലത്താണ് ഫ്ലാറ്റ്. ചെറിയ ഒരു 2 BHK ഫ്ലാറ്റ് ആണ്. ഭാര്യ ലക്ഷ്മി മേനോൻ വ്‌ളോഗറാണ്. അവൾ വിഡിയോ ഷൂട്ട് ചെയ്യുന്നതിനായി ഫ്ലാറ്റിന്റെ ഒരു സ്‌പേസ് കയ്യടക്കി വച്ചിരിക്കുകയാണ്. അവിടെ വോൾപേപ്പറും മറ്റ് അലങ്കോലപ്പണികളുമൊക്കെയുണ്ട്.

രണ്ടു പേരും യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്. സമയം കിട്ടുമ്പോഴൊക്കെ യാത്രകൾ ചെയ്യാറുണ്ട്. അങ്ങനെ പോയ യാത്രകളിൽ ശേഖരിച്ച ക്യൂരിയോസിന്റെ വലിയൊരു ശേഖരമാണ് ദുബായ് ഫ്ലാറ്റ് അലങ്കരിക്കുന്നത്.

മകളാണ് ഇപ്പോൾ ഫ്ളാറ്റിലെ താരം. മകളുടെ മുറി അത്യാവശ്യം കളർഫുൾ ആയി ഒരുക്കി. നമ്മുടെ ചിത്രങ്ങൾ കൊണ്ടുള്ള ചെറിയ ഫോട്ടോവോളും ഫ്ലാറ്റിനുള്ളിൽ പലയിടത്തായി കൊടുത്തിട്ടുണ്ട്.  ഈശ്വരന്റെ സഹായം കൊണ്ട് ലഭിച്ച അവാർഡുകൾ ഞാൻ സ്നേഹത്തോടെ ഇവിടെ സൂക്ഷിക്കുന്നു.

തിരുവനന്തപുരം ഏണിക്കര എന്ന സ്ഥലത്ത് ഒരു വില്ല എടുത്തിട്ടുണ്ട്. പക്ഷേ അവിടെ ഇതുവരെ അധികം താമസിക്കാൻ സാധിച്ചിട്ടില്ല. ഭാര്യയും അവളുടെ അമ്മയും കൂടിയാണ് അതിന്റെ ഇന്റീരിയർ കാര്യങ്ങൾ ചെയ്തത്. പ്രധാന വാതിലിനു മണിച്ചിത്രപ്പൂട്ട് ഡിസൈൻ തിരഞ്ഞെടുത്തതും ഇരുവരും കൂടിയാണ്. ഫർണിച്ചർ ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തെടുത്തവയാണ്. ഓണവില്ലുകളാണ് അതിനകത്തെ പ്രധാന ഡെക്കറേഷൻ. 

പ്രവാസിയായി ജീവിക്കുമ്പോഴാണ് നാടും വീടും ബന്ധുക്കളുമൊക്കെ നമുക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് മനസ്സിലാക്കുന്നത്. ലോകത്ത് എവിടെയാണെങ്കിലും മാസത്തിൽ ഒരു തവണ എങ്കിലും നാട്ടിൽ എത്താൻ ശ്രമിക്കാറുണ്ട്. എവിടെ പോയാലും വീട് നമ്മളെ തിരികെ വിളിക്കും എന്ന് പറയുന്നത് വെറുതെയല്ല...