ധോണിയുടെ വീട്, സിവക്കുട്ടിയുടെയും!

ഐപിഎൽ കപ്പടിച്ച ശേഷം അവധിദിനങ്ങൾ കുടുംബവുമൊത്ത് ഇവിടെ ആസ്വദിക്കുകയാണ് ധോണി.

ജാർഖണ്ഡിലെ റാഞ്ചിയിൽ സ്വന്തം വീടിനു സമീപമാണ് എം എസ് ധോണിയുടെ ഏഴ് ഏക്കറിൽ സ്ഥിതി ചെയുന്ന വാരാന്ത്യവസതി. ഐപിഎൽ കപ്പടിച്ച ശേഷം അവധിദിനങ്ങൾ കുടുംബവുമൊത്ത് ഇവിടെ ആസ്വദിക്കുകയാണ് ധോണി. ഭാര്യ സാക്ഷിക്കും മകൾ സിവയ്ക്കുമൊപ്പം മൂന്നു അരുമ നായ്ക്കൾ കൂടിയുണ്ട് ഇവരുടെ ആഘോഷത്തിൽ പങ്കുചേരാൻ. റാഞ്ചിയിലെ വീട്ടിൽ നിന്നും 20 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഫാം ഹൗസിലെത്താം.

കൈലാസ്പതി എന്ന ഈ ഫാംഹൗസ് ഒരു മിനി അമ്യൂസ്‌മെന്റ് പാർക്ക് തന്നെയാണ്. ജിം, സ്വിമ്മിങ് പൂൾ, ക്രിക്കറ്റ് പിച്ച്, മറ്റ് കായിക വിനോദങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. പാർട്ടികൾ സംഘടിപ്പിക്കാൻ പാകത്തിൽ വിശാലമായ ലാൻഡ്സ്കേപ്പും ഉദ്യാനവും നൽകിയിരിക്കുന്നു. വെസ്റ്റേൺ ശൈലിയിലാണ് വീടിന്റെ പുറംകാഴ്ച. വൈറ്റ്, ഗ്രേ തീമിലാണ് പുറംഭിത്തികൾ.

വീടിനു പുറത്തെന്ന പോലെ അകത്തും നിറയെ പച്ചപ്പ് കാണാം. ഇളം നിറങ്ങളാണ് സീലിങ്ങിലും ഫർണീച്ചറുകളിലുമെല്ലാം ധോണി പിന്തുടർന്നത്. ഗ്രാനൈറ്റും വുഡൻ ഫ്ളോറിങ്ങും നിലത്ത് നൽകി.

ഒഴിവുസമയം കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ധോണിയും സാക്ഷിയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജ് വഴി സ്ഥിരമായി ഷെയർ ചെയ്യാറുണ്ട്.

സിവയോടൊപ്പം ലിവിങ് റൂമിൽ ഇരുന്നു കളിക്കുന്നതിന്റെയും സാക്ഷിക്കൊപ്പം അടുക്കളയിൽ പാചകപരീക്ഷണം നടത്തുന്നതിന്റെയും അരുമനായ്ക്കളോടൊപ്പം ഉദ്യാനത്തിൽ കളിക്കുന്നതിനെയും ചിത്രങ്ങൾ ധോണി പോസ്റ്റ് ചെയ്തിരുന്നു. മൂന്ന് വർഷമെടുത്താണ് ധോണി തന്റെ സ്വപ്നപദ്ധതി പൂർത്തിയാക്കിയത്.