ശിൽപ ഷെട്ടിയുടെ വീട് വ്യത്യസ്തമാണ്! കാരണം...

പ്രകൃതിയോട് ചേർന്നുള്ള ജീവിതം കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് ഈ ബോളിവുഡ് സുന്ദരി.

വിവാഹത്തോടെ സിനിമകൾക്ക് ഇടവേള നൽകിയെങ്കിലും മിനി സ്‌ക്രീനിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഇപ്പോഴും സജീവമാണ് ശിൽപ ഷെട്ടി. 

താരത്തിന്റെയും ഭർത്താവ് രാജ് കുന്ദ്രയുടെയും മുംബൈയിലുള്ള വീട് ഒരു ഗംഭീരകാഴ്ചാനുഭവമാണ്. മുംബൈ ജുഹുവിലെ കിയാര എന്ന വീടിന്റെ അകത്തളങ്ങൾ അണിയിച്ചൊരുക്കിയതും ശിൽപ തന്നെയാണ്. മകൻ വിയാനാണ് ഇപ്പോൾ വീട്ടിലെ താരം. വീട്ടിൽ കുടുംബവുമായി ആഘോഷിക്കുന്ന നിമിഷങ്ങൾ ശിൽപ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പതിവായി പങ്കുവയ്ക്കാറുണ്ട്.

ഫെങ്ഷുയി- വാസ്തു എന്നിവയും അകത്തളങ്ങളിൽ ശിൽപ പരീക്ഷിച്ചിട്ടുണ്ട്. മനോഹരമായ ഒരു പൂജ സ്‌പേസും വീട്ടിൽ ഒരുക്കിയിരിക്കുന്നു. യാത്രകളിൽ ശേഖരിച്ച ക്യൂരിയോസ് കൊണ്ടാണ് വീടിന്റെ നല്ലൊരു ഭാഗം അലങ്കരിച്ചിരിക്കുന്നത്. പരമ്പരാഗത ഭംഗിക്കൊപ്പം സമകാലിക ആഡംബരവും വീടിനുള്ളിൽ നിറയുന്നു.

കറുപ്പും വെളുപ്പും വരകളുള്ള പ്രിന്റുകൾ സ്വീകരണമുറിയിൽ ധാരാളം കാണാം. പ്രധാന ഹാളിൽ സ്വർണവർണമുള്ള പ്രിന്റുകൾ ധാരാളമായി പതിപ്പിച്ചിരിക്കുന്നു. ഡ്രോയിങ് റൂമിന് സ്വകാര്യത നൽകാൻ ജാളി ഫിനിഷിലുള്ള പാർടീഷനുകൾ നൽകിയിരിക്കുന്നു. ബോളിവുഡിലെ സുഹൃത്തുക്കൾ ധാരാളമായി എത്തുന്ന വീടായതിനാൽ പാർട്ടികൾ നടത്താൻ പാകത്തിൽ വിശാലമായാണ് ഊണുമുറി ഡിസൈൻ ചെയ്തിരിക്കുന്നത്. 

ശിൽപ ഐപിഎൽ വേദികളിൽ സജീവമാണ്. ഇടക്കാലത്തു രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥതയും ഉണ്ടായിരുന്നു. ദമ്പതികൾക്ക് ക്രിക്കറ്റിനോടുള്ള ഇഷ്ടമാണ് ബാർ ഏരിയയിൽ നിറയുന്നത്. പ്രിയ താരങ്ങൾ ഒപ്പുചാർത്തിയ ക്രിക്കറ്റ് ബാറ്റുകളാണ് ഈ മുറി അലങ്കരിക്കുന്നത്. മകനൊപ്പം ക്രിക്കറ്റ് കളിക്കാനായി വീടിനു പിന്നിലായി ചെറിയൊരു പിച്ചും ശില്പ ഒരുക്കിയിട്ടുണ്ട്.

ഫിറ്റ്നസ് കാര്യങ്ങളിൽ ബദ്ധശ്രദ്ധയായ ശിൽപ വീടിനുള്ളിൽ ജിം ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ യോഗ ചെയ്യാനായി പ്രത്യേക ഏരിയയും സജ്ജീകരിച്ചു.

ചുറ്റുപാടുമുള്ള പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ വൃത്താകൃതിയിലാണ് ബാൽക്കണി. ധാരാളം ചെടികളും പച്ചപ്പും നിറയുന്ന ഉദ്യാനമാണ് ഒരുക്കിയിരിക്കുന്നത്. ചുരുക്കത്തിൽ പ്രകൃതിയോട് ചേർന്നുള്ള ജീവിതം കുടുംബത്തിനൊപ്പം ആഘോഷിക്കുകയാണ് ഈ ബോളിവുഡ് സുന്ദരി.