മറിമായം ശ്യാമളയുടെ വീട്ടുവിശേഷങ്ങൾ!

മറിമായത്തിലെ ശ്യാമളയായി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ മഞ്ജു പത്രോസിന്റെ വീട്ടുവിശേഷങ്ങൾ...

മഞ്ജുവെന്നു പറഞ്ഞാൽ ചിലപ്പോൾ എല്ലാവർക്കും പിടികിട്ടിയെന്നു വരില്ല. മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പരയായ മറിമായത്തിലെ ശ്യാമള എന്ന് പറഞ്ഞാൽ സകുടുംബമൊരു ചെറുചിരിക്കു വകയുണ്ട്. വീട്ടമ്മയായും അധ്യാപികയായും തൊഴിലുറപ്പു തൊഴിലാളിയായും മന്ത്രിയായുമൊക്കെ മഞ്ജു നൂറുകണക്കിന് വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു. മഞ്ജു അഭിനയിക്കുമ്പോൾ അഭിനയിക്കുകയാണെന്നേ തോന്നില്ല. അത്ര സ്വാഭാവികമാണ് പ്രകടനം. മഞ്ജു സംസാരിക്കുന്നു...

മറിമായത്തിലെ സഹപ്രവർത്തകർക്കൊപ്പം മഞ്ജു

എറണാകുളം കിഴക്കമ്പലമാണ് നാട്. ഭർത്താവ് സുനിച്ചനും മകൻ എഡ്‌ ബർണാഡും അടങ്ങുന്നതാണ് കുടുംബം. വിവാഹത്തോടെ കോട്ടയത്തേക്കു താമസം മാറിയിരുന്നു. സ്വകാര്യ സ്കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിച്ചു. സുനിച്ചൻ ജോലി തേടി വിദേശത്തേക്കു പോയതോടെ വീണ്ടും കിഴക്കമ്പലത്തെ വാടക വീട്ടിലേക്കു മാറി. 

ഇതിനിടെ സുനിച്ചനു ജോലി നഷ്ടപ്പെട്ടു. അതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരുന്നു. മഴവിൽ മനോരമയിലെ  ‘വെറുതെയല്ല ഭാര്യ’ എന്ന പരിപാടി സ്ഥിരം കാണുമായിരുന്നു. അങ്ങനെയൊരിക്കൽ അതിൽ പങ്കെടുക്കാൻ വെറുതെയൊരു ശ്രമം നടത്തി. വെറുതെയല്ല ഭാര്യയുടെ സീസൺ രണ്ടിൽ ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിൽ നാലാമതെത്തി. അതുവഴിയാണ്  മറിമായം സീരിയലിലേയ്ക്കും അങ്ങനെ സിനിമയിലേയ്ക്കും വഴി തെളിഞ്ഞത്. സീരിയലിൽ അവതരിപ്പിക്കുന്ന ശ്യാമളയുടെ ചില വേഷങ്ങൾ എന്റെ ജീവിതവുമായി ചേർന്നുനിൽക്കുന്നതാണ്. മറിമായം ടീം നമുക്ക് മറ്റൊരു കുടുംബം തന്നെയാണ്. നമ്മൾ മാസത്തിൽ ഏറിയ പങ്കും അവർക്കൊപ്പമല്ലേ ചെലവഴിക്കുന്നത്.

മഞ്ജുവും സ്നേഹയും

കിഴക്കമ്പലത്ത് ഇപ്പോൾ താമസിക്കുന്ന വീടിനടുത്താണ് എന്റെ തറവാട്. അവിടെ അച്ഛനും അമ്മയുമുണ്ട്. സഹോദരനും കുടുംബവും ഡൽഹിയിലാണ്. ഷൂട്ടിങ് പ്രമാണിച്ച് മാസത്തിൽ മിക്ക ദിവസങ്ങളും നമ്മൾ ലൊക്കേഷനിലായിരിക്കും. അതുകൊണ്ട് വീട്ടിൽ അധിക സമയം ഉണ്ടാകാറില്ല.  മകൻ ഇപ്പോൾ അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു.

മകനോടൊപ്പം

സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെ ഒന്നൊതുങ്ങിയപ്പോൾ സ്വന്തമായി ഒരു വീട് ഞങ്ങൾ സ്വപ്നം കണ്ടുതുടങ്ങി. അതിന്റെ പണിപ്പുരയിലാണ് ഇപ്പോൾ.

എനിക്ക് വീടിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. നിറയെ വെട്ടവും വെളിച്ചവും ലഭിക്കുന്ന വലിയ മുറ്റവും മരങ്ങളും ചെടികളുമുള്ള വീട്. ആളുകളെ കാണിക്കാനായി വലിയ വീട് വയ്ക്കുന്നതിനോട് താൽപര്യമില്ല. ഒരു കൊച്ചു വീട് മതി. ഗാർഡനിങ്ങിൽ താൽപര്യമുള്ള ആളാണ് ഞാൻ. മുറ്റത്ത് ചെറിയൊരു മുല്ലയും പേരയുമൊക്കെ നട്ടുപിടിപ്പിക്കണം. ഈശ്വരനിശ്ചയമുണ്ടെങ്കിൽ താമസിയാതെ തന്നെ ഞങ്ങൾ ആ സ്വപ്നം സഫലമാക്കും. എന്നിട്ട് അതിന്റെ വിശേഷങ്ങൾ നേരിട്ട് ഞങ്ങൾ ഈ ചാനലിൽ പങ്കുവയ്ക്കാം..കേട്ടോ...