ആശങ്കകൾ അസ്ഥാനത്താക്കി മെസ്സിഹ ഉയർത്തെഴുന്നേറ്റു. പൊരുതിക്കളിച്ച നൈജീരിയയെ തകർത്ത് അർജന്റീന റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. സൂപ്പർതാരം ലയണൽ മെസ്സിയുടെ ഗോളായിരുന്നു ഇന്നലെ ആരാധകരുടെ ആഘോഷം. എത്ര എഴുതിത്തള്ളിയാലും മെസ്സി ഉയർത്തെഴുന്നേൽക്കുന്നതിന്റെ രഹസ്യം അറിയണമെങ്കിൽ ബാര്‍സലോണയിലുള്ള മെസ്സിയുടെ വീട്ടിലേക്ക് പോകണം. മെസ്സിയുടെ ഭവനം ശ്രദ്ധിച്ചാല്‍ അറിയാം അദ്ദേഹത്തിന് ഫുട്‌ബോളിനോടുള്ള സ്‌നേഹം.
അര്‍ജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസ്സി ജനിച്ചത്. 13-ാംവയസില്‍ അദ്ദേഹം ബാര്‍സലോണയിലേക്ക് എത്തി. 17-ാംവയസില്‍ ആദ്യ ലീഗ് മത്സരം കളിച്ചു. ഉറക്കത്തിലും, ശ്വാസത്തിലും മുഴുവന്‍ സമയവും ഫുട്‌ബോള്‍ എന്ന് മാത്രം സ്വപ്നം കണ്ടു നടക്കുന്ന മെസ്സി തന്റെ വീടും ഒരു ഫുട്‌ബോളിന്റെ ആകൃതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. വണ്‍ സീറോ എക്കോ ഹൗസ് എന്നാണ് ഈ വീടിന്റെ പേര്. ആര്‍ക്കിടെക്ട് ലൂയിസ് ഗറിഡോ ആണ് ഇതിന്റെ ശില്പി. ഒരുപാട് സൂപ്പര്‍താരങ്ങളുടെ വീട് ഡിസൈന്‍ ചെയ്ത ആളാണ് ഗറിഡോ. നാഷണല്‍ അസോസിയേഷന്‍ ഓഫ് സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ച്ചറുമായി ചേര്‍ന്നാണ് അദ്ദേഹം വണ്‍ സീറോ എക്കോ ഹൗസ് എന്ന വീട് ഡിസൈന്‍ ചെയ്യുന്നത്.
ബാര്‍സലോണയില്‍ നിന്ന് 22 മൈല്‍ അപ്പുറം കാസ്റ്റല്‍ഡിഫെല്‍സ് എന്ന സ്ഥലത്താണ് ഈ മനോഹരമായ ഭവനം സ്ഥിതി ചെയ്യുന്നത്. കാറ്റാലന്‍ മലനിരകള്‍ വീടിന് പശ്ചാത്തലം ഒരുക്കുന്നു. ഒരു ഫുട്‌ബോള്‍ മൈതാനം പോലെയുള്ള സ്ഥലം ഒരുക്കിയാണ് വീട് നിര്‍മിച്ചിരിക്കുന്നത്.
35 ഏക്കറോളം വരുന്ന പ്ലോട്ടിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഒരു ഫുട്‌ബോള്‍ പിച്ച് പോലെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഒരു ഭാഗം നീന്തല്‍ കുളവും മറ്റേ ഭാഗം പ്രകൃതിയോട് ഇണങ്ങി ചേര്‍ന്നിരിക്കുന്ന ഫുട്‌ബോള്‍ ആകൃതിയിലുള്ള വീടുമാണ്. സൂര്യപ്രകാശം ലഭിക്കുന്നതിനായി മേല്‍ക്കൂര പകുതിയും ഗ്ലാസ്സിലാണ്. മേല്‍ക്കൂരയുടെ ബാക്കി പകുതി പച്ചപുല്ലിലാണ് ഒരുക്കിയിരിക്കുന്നത്. വീടിന് ചുറ്റളവ് തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
മെസ്സി തന്റെ ഭാര്യ അന്റോണെല്ലാ റൊക്കൂസയോടും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് ഇവിടെ താമസം. ഏഴ് മില്യണ്‍ യൂറോ (ഏകദേശം 53 കോടി രൂപ) ആണ് ഇതിന്റെ നിര്‍മാണ ചിലവ്. സ്‌പെയിനിലും അര്‍ജന്റീനയിലുമായി മൂന്ന് വീടുകളാണ് മെസ്സിക്കുള്ളത്. ഫുട്‍ബോളിനോടുള്ള അദമ്യമായ സ്നേഹവും കുടുംബത്തിന്റെ പിന്തുണയും കൂടിച്ചേരുമ്പോൾ മെസ്സി ശരിക്കും ആരാധകരുടെ മെസ്സിഹ ആയി മാറുന്നു.