വിരുന്നുണ്ണാം.... വിശ്രമിക്കാം അമ്മവീട് തയാർ..

150 വർഷം പഴക്കമുള്ള വടശേരി അമ്മ വീട്ടിൽ ഭക്ഷണത്തിനും താമസത്തിനും സൗകര്യം.

രാജപ്രൗഢി വിളിച്ചോതുന്ന കാഴ്ചകൾ ആസ്വദിച്ച് ആഹാരം കഴിക്കാം. നക്ഷത്ര സൗകര്യമുള്ള മുറികളിൽ വിശ്രമിക്കാം. നേരെ തിരുവനന്തപുരത്തെത്തുക. പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് പടിഞ്ഞാറേ കോട്ടയിലുള്ള വടശേരി അമ്മ വീട് ഗംഭീര സ്വീകരണമൊരുക്കി കാത്തിരിക്കുകയാണ്. 

ഇക്കഴിഞ്ഞ മാർച്ച് 23 നാണ് വടശേരി അമ്മവീട് ‘പത്മവിലാസം പാലസ്’ എന്ന പേരില്‍ അതിഥികൾക്കായി തുറന്നത്. സർവീസ്ഡ് വില്ലയായി മാറ്റിയ അമ്മ വീടിന്റെ മുകളിലെ രണ്ട് മുറികളാണ് താമസത്തിനായി നൽകുന്നത്. താഴത്തെ നിലയിലെ വിശാലമായ ഹാൾ, നടുമുറ്റം, വരാന്ത എന്നിവിടങ്ങളിലാണ് ഭക്ഷണ സൗകര്യമൊരുക്കിയിരിക്കുന്നത്. താലി വിഭവങ്ങള്‍ ഉൾപ്പെടുത്തിയ വെജിറ്റേറിയൻ ഭക്ഷണമാണ് രാവിലെ നൽകുക. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യം ഉൾപ്പെടെ മൂന്ന് കൂട്ടം പായസം കൂട്ടിയാണ് ഉച്ചയ്ക്ക് സദ്യ. ഒരേസമയം 30 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. വൈകാതെ രാത്രി ഭക്ഷണവും ഒരുക്കും. മുൻകൂട്ടി ബുക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാനെത്തുന്ന രീതിയാണ് പ്രോത്സാഹിപ്പിക്കുക. അതിഥികൾക്ക് പ്രത്യേക പരിഗണനയും കരുതലും ഒരുക്കാനാണ് ഈ സംവിധാനം.

രാജകീയ ചരിത്രം

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് വടശേരി അമ്മവീട് നിർമിച്ചത്. കൊട്ടാരം മാനേജരായിരുന്ന ശങ്കരൻ തമ്പിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. അക്കാലത്തെ മറ്റു പല പ്രമുഖ കെട്ടിടങ്ങളുടെയും രൂപകൽപന നിർവഹിച്ച ശങ്കരൻ തമ്പി തന്നെയാണ് കെട്ടിടത്തിന്റെ പ്ലാൻ വരച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ആറാട്ട് എഴുന്നള്ളിപ്പ് കാണാൻ പാകത്തിന് വിശാലമായ മട്ടുപ്പാവ് ഉൾപ്പെടുത്തിയായിരുന്നു വീടിന്റെ നിർമാണം. മറ്റ് അമ്മ വീടുകളിൽ നിന്ന് വ്യത്യസ്തമായി കൊളോണിയൽ – തിരുവിതാംകൂർ നിർമാണശൈലികളുടെ സമന്വയമാണ് വടശേരി അമ്മ വീടിന്റെ പ്രത്യേകത. രണ്ടേക്കർ പുരയിടത്തിലെ 20 സെന്റിലാണ് രണ്ടു നിലയുള്ള വീടിരിക്കുന്നത്.

1970ൽ രാജകുടുംബത്തിൽ നിന്നും വർമ ട്രാവൽസ് ഉടമ പി.കെ. പരമേശ്വരൻ നായർ വീട് വാങ്ങി. ഇദ്ദേഹത്തിന്റെ ചെറുമകൾ അർച്ചനയാണ് ഇപ്പോൾ വടശേരി അമ്മ വീടിന്റെ ഉടമസ്ഥ.

വീട് വിളിച്ചു; തിരികെയെത്തി

അർച്ചന

ഏഴ് വർഷമായി വീട് ആൾത്താമസമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു. ജോലി സംബന്ധമായി സ്കോട്‌ലൻഡിലായിരുന്നു അർച്ചന. ഇത്ര വലിയ വീട്ടിൽ ഭർത്താവും മക്കളും തനിയെ താമസിക്കുന്നതിന്റെ പ്രായോഗിക വിഷമതകൾ ഓർത്താണ് വീട് അടച്ചിട്ടത്.

ബാങ്കിങ് രംഗത്ത് ഉയർന്ന ജോലിയിലായിരുന്നെങ്കിലും അർച്ചനയുടെ മനസ്സ് നാടിനെയും വീടിനെയും ചുറ്റിപ്പറ്റിയായിരുന്നു. ഭർത്താവും സിനിമ സംവിധായകനുമായ ദീപു കരുണാകരനാണ് വീട് അതിഥിമന്ദിരമാക്കാം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അത് കേട്ടതോടെ അർച്ചന ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചു. ഷെഫ് ആകുക എന്നതായിരുന്നു അർച്ചനയുടെ കുട്ടിക്കാലത്തെ ഏറ്റവും വലിയ മോഹം. പുതിയ സംരംഭത്തിൽ അതിനുള്ള സാധ്യതകൾ കൂടിയുണ്ടെന്നതും വലിയ സന്തോഷം നൽകി.

തനിമ ചോരാതെ നവീകരണം

കെട്ടിടത്തിന്റെ തനിമയും രാജപ്രൗഢിയും ഒട്ടും ചോരാതെയാണ് മുറികള്‍ നവീകരിച്ചത്. പുതുതായി അലങ്കാരങ്ങളൊന്നും ഒരുക്കിയില്ല. കുമ്മായം തേച്ച ചുവരുകളായിരുന്നു വീടിന്. ഇത് പൊട്ടിയിളകിയ ഭാഗങ്ങളിൽ കുമ്മായം തന്നെ തേച്ച് ശരിയാക്കിയെടുത്തു. മേൽക്കൂരയുടെയും തൂണുകളുടെയും കേടുവന്ന തടി മാത്രം മാറ്റി. അതേ ഇനത്തിലും അലങ്കാരപ്പണികളോടും കൂടിയ തടി തന്നെയാണ് ഉപയോഗിച്ചത്.

ബ്രിട്ടനിൽ നിന്ന് കൊണ്ടുവന്ന ടൈൽ ഉപയോഗിച്ചാണ് മിക്ക മുറികളുടെയും ഫ്ലോറിങ്. ബാക്കിയിടങ്ങളിൽ ഓക്സൈഡും തടിയും. ഇതിനൊന്നും മാറ്റം വരുത്തിയില്ല. ബാത്റൂമുകൾ മാത്രമാണ് ആധുനിക രീതിയിലാക്കിയത്. അർച്ചനയുടെയും ദീപുവിന്റെയും മേൽനോട്ടത്തിലായിരുന്നു ജോലികളെല്ലാം.

പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെ എല്ലാവർക്കും സദ്യ നൽകിക്കൊണ്ടായിരുന്നു പത്മവിലാസത്തിന്റെ ഉദ്ഘാടനം. പഴയ കാലവും കാഴ്ചകളും അനുഭവിച്ചറിയാനെത്തുന്നവരുടെ തിരക്കിൽ നിറയുകയാണ് വടശേരി അമ്മവീട്.

എന്താണ് സർവീസ്ഡ് വില്ല?

താമസത്തിനായി വീട് മുഴുവനായോ മുറികൾ മാത്രമായോ വാടകയ്ക്ക് നൽകുന്ന സംവിധാനമാണ് സർവീസ്ഡ് വില്ല. വീട്ടുകാര്‍ ഇവിടെത്തന്നെ താമസിക്കണം എന്ന് നിർബന്ധമില്ല. സൗകര്യങ്ങൾ വിലയിരുത്തി സംസ്ഥാന ടൂറിസം വകുപ്പാണ് ഇതിനുള്ള അനുമതി നൽകുക. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നുള്ള അനുമതിയും പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണം.

വീട്ടുകാർ പറയുന്നു:

തനിമ നഷ്ടപ്പെടുത്തരുത് എന്നതാണ് മുഖ്യം

വിരുന്നും വിശ്രമവും എന്ന ആശയം തിരഞ്ഞെടുക്കാൻ കാരണം?

അന്നം നൽകുക എന്നത് പുണ്യകർമ്മമാണ്. അതോടൊപ്പം വിശ്രമത്തിനുള്ള സൗകര്യം കൂടി ഒരുക്കി. തിരുവിതാംകൂറിന്റെ ചരിത്രവും സംസ്കാരവുമൊക്കെ മനസ്സിലാക്കാൻ അവസരം എന്ന രീതിയിലാണ് ക്രമീകരണങ്ങളെല്ലാം.

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

ഇവിടെ എസി പോലും വച്ചിട്ടില്ല. നമ്മുടെ സവിശേഷത എന്താണോ അത് അതേപോലെ അവതരിപ്പിക്കുകയാണ് വേണ്ടത്. തനിമ നഷ്ടപ്പെടുത്തിയാൽ മൂല്യവും നഷ്ടപ്പെടും. അതാണ് അടിസ്ഥാന കാര്യം.

ഏതൊക്കെ രീതിയിലാണ് മാർക്കറ്റിങ്?

ഈശ്വരാനുഗ്രഹത്താൽ അതിന്റെ ആവശ്യം വന്നില്ല. ഇതുവരെ പരസ്യങ്ങളൊന്നും നൽകിയിട്ടില്ല. കേട്ടറി‍ഞ്ഞ് ആൾക്കാർ എത്തുന്നു എന്നതാണ് സന്തോഷം. അതാണ് ആത്മവിശ്വാസം പകരുന്നതും.

Project Facts

പേര്: വടശേരി അമ്മവീട്

സ്ഥലം: പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം

പഴക്കം: 150 വർഷത്തിലേറെ

ഇപ്പോഴുള്ള സൗകര്യങ്ങൾ: സർവീസ്ഡ് വില്ല രീതിയിൽ രണ്ട് കിടപ്പുമുറി താമസത്തിനായി നൽകുന്നു. വലിയ ഹാളും വരാന്തയും മുറ്റവുമൊക്കെ റസ്റ്ററന്റ് ആയി മാറ്റി.