പാലക്കാടിൽ പകുതി പൂമുള്ളി! സമ്പൽ സമൃദ്ധിയുടെ കാര്യത്തിൽ പൂമുള്ളിമനയെക്കുറിച്ചുള്ള ചൊല്ലാണിത്. അറിവിന്റെ ആറാംതമ്പുരാനെന്ന പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ഇല്ലം. നിളയുടെ തീരത്ത് തൃത്താലയുടെ അതിരിൽ നാലരയേക്കർ സ്ഥലത്ത് വ്യാപിച്ച കൊട്ടാരക്കെട്ട് പോലെയുള്ള വിസ്മയക്കാഴ്ച. മുപ്പതിനായിരം പറ നെല്ലും മൂവായിരം പറ അരിയും എക്കാലത്തും പൂമുള്ളി പത്തായപ്പുരയിലുണ്ടാകുമെന്നാണ് പറയാറ്.
കാലപ്പഴക്കത്തെ തുടർന്ന് മനയുടെ ഒരു ഭാഗം 1996ൽ പൊളിച്ചു നീക്കി. ശേഷിച്ച ഭാഗത്തിലെ പത്തായപ്പുര ഇപ്പോൾ ആയുർവേദ ചികിത്സാകേന്ദ്രമായി മാറിയിരിക്കുന്നു. ആയുർവേദ ചികിത്സയുടെ പാരമ്പര്യരീതികൾ പിന്തുടർന്നും ഒപ്പം അനുഭവസമ്പത്തും പാണ്ഡിത്യവും പ്രഭ ചൊരിഞ്ഞ വിജ്ഞാനത്തിന്റെ ചേരുവകൾ ചേർത്തും ‘ആറാംതമ്പുരാൻ’ പരിപോഷിപ്പിച്ച ‘പൂമുള്ളി ചിട്ട’യാണ് ഇവിടെ പിന്തുടരുന്നത്.
ആറാംതമ്പുരാന്റെ കാലശേഷം അനുയായികളും ശിഷ്യന്മാരും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നു രൂപം നൽകിയ പൂമുള്ളി ആറാംതമ്പുരാൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘പൂമുള്ളി മന – മന ഫോർ ആയുർവേദ’ എന്ന പേരിലാണ് ചികിത്സാകേന്ദ്രം. ആറാംതമ്പുരാന്റെ മകൻ പൂമുള്ളി നാരായണൻ നമ്പൂതിരിപ്പാടും സഹോദരൻ രാമഭദ്രന്റെ മകൻ പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാടുമാണ് ട്രസ്റ്റിന്റെ രക്ഷാധികാരിമാർ.
ഇവിടെ സുഖചികിത്സയില്ല. അസുഖങ്ങൾ ഉള്ളവർക്കു മാത്രമാണ് ചികിത്സ. ആറാംതമ്പുരാന്റെ ശിഷ്യനായ ഡോ. ദേവൻ നമ്പൂതിരി, ഡോ. അപർണ പൂമുള്ളി, ഡോ. ആരതി പൂമുള്ളി എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
പത്തായപ്പുരയുടെ പെരുമ
നൂറ് വർഷത്തിലധികം പഴക്കമുണ്ട് പത്തായപ്പുരയ്ക്ക്. വടക്ക് ദർശനം. രണ്ട് നിലകളിലായി എട്ട് മുറികൾ. രണ്ട് നിലയിലും നീളൻ വരാന്തയുമുണ്ട്. കല്ലു കെട്ടിയ ഉരുളൻ തൂണുകളാണ് താഴത്തെ വരാന്തയ്ക്ക്. മുകളിലേതിന് തടിത്തൂണുകളും. തറയിലെ ബ്ലാക്ക് ഓക്സൈഡിന്റെ തിളക്കം ഇപ്പോഴും മങ്ങിയിട്ടില്ല. തടികൊണ്ടുള്ള മച്ചിന് മുകളിൽ മണ്ണും കുമ്മായവും വിരിച്ച ശേഷമാണ് മുകൾനിലയിലെ തറയൊരുക്കിയിരിക്കുന്നത്. പഴയ മൈസൂർ ടൈൽ വിരിച്ച തറയാണ് മുകളിലെ മിക്ക മുറികൾക്കും.
നൂറ്റാണ്ടിന്റെ പഴക്കമുള്ളതാണ് ഇവിടെയുള്ള ഫർണിച്ചറും. പന്ത്രണ്ടടിയിലധികം നീളമുള്ള, വീട്ടിയുടെ ഒറ്റപ്പലകകൊണ്ട് നിർമിച്ച ബെഞ്ചും തടിച്ചങ്ങലയുള്ള ആട്ടുകട്ടിലുമൊക്കെ ഒരു കുഴപ്പവുമില്ലാതെ നിലനിൽക്കുന്നു. മേൽക്കൂരയിലെ കേടുവന്ന ഉത്തരവും കഴുക്കോലുകളുമൊക്കെ മാറ്റി അടുത്തിടെ പത്തായപ്പുര നവീകരിച്ചിരുന്നു. ആർക്കിടെക്ട് ബിലെ മേനോന്റെ നേതൃത്വത്തിലായിരുന്നു നവീകരണ ജോലികൾ.
പത്തായപ്പുരയുടെ താഴെയുള്ള നാല് മുറികളാണ് ഇപ്പോൾ ചികിത്സയ്ക്കെത്തുന്നവർക്ക് താമസിക്കാൻ നൽകുന്നത്. ഇതുകൂടാതെ പത്തായപ്പുരയ്ക്ക് ചേരുന്ന രീതിയിൽ പുതിയതായി നിർമിച്ച പ്രിയദത്ത, നീലകണ്ഠ എന്നീ കെട്ടിടങ്ങളിലായി ഒൻപത് മുറികൾ കൂടിയുണ്ട്. രജനീകാന്ത്, മോഹൻലാൽ, ചിരഞ്ജീവി, വിക്രം തുടങ്ങിയവരൊക്കെ ഇവിടെ ചികിത്സയ്ക്കെത്തിയിട്ടുണ്ട്.
നാരായണൻ നമ്പൂതിരിപ്പാടിന്റെ മക്കളായ നീലകണ്ഠൻ പൂമുള്ളി, വാസുദേവൻ പൂമുള്ളി എന്നിവർക്കാണ് ആയുർവേദ ചികിത്സാകേന്ദ്രത്തിന്റെ മേൽനോട്ടച്ചുമതല.
പഴയ പടിപ്പുരയോട് ചേർന്നാണ് ഓഫിസും ഫാർമസിയുമൊക്കെ. മനയ്ക്ക് തൊട്ടടുത്തുള്ള പെരിങ്ങോട് ശ്രീരാമക്ഷേത്രത്തിന്റെ അഗ്രശാലയിലാണ് യോഗ, കളരി പരിശീലനം. തീർത്തും സൗജന്യമായാണ് പരിശീലനം.
അപൂർവ ഔഷധക്കൂട്ടുകളുടെ കൈപ്പുണ്യം നേരിട്ടനുഭവിക്കാൻ ഇവിടെ എത്തുന്നവർ അറിയുന്നു, ആയുർവേദത്തിന്റെ മഹത്വത്തിനൊപ്പം പൂമുള്ളി പെരുമയും.
വീട്ടുകാർ പറയുന്നു: പാരമ്പര്യമാണ് കൈമുതൽ
ആയുർവേദ ചികിത്സാകേന്ദ്രം എന്ന ആശയം തിരഞ്ഞെടുക്കാൻ കാരണം?
മുത്തച്ഛൻ പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ ചികിത്സാപാരമ്പര്യം നിലനിർത്തുക എന്നതായിരുന്നു മുഖ്യലക്ഷ്യം. മനയുടെ അവശേഷിക്കുന്ന ഭാഗങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തി.
എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?
ചെയ്യുന്ന കാര്യങ്ങളിൽ നമ്മള്‍ വൈദഗ്ധ്യം നേടുക എന്നതാണ് പ്രധാനം. വിശദമായ പഠനവും പ്രയത്നവും ഇതിനാവശ്യമാണ്. മറ്റുള്ളവരെ അധികമായി ആശ്രയിക്കേണ്ടി വന്നാൽ അടിസ്ഥാന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടിവന്നേക്കാം.
ഏതൊക്കെ രീതിയിലാണ് മാർക്കറ്റിങ്?
ആയുർവേദ ചികിത്സാരംഗത്തെ പാരമ്പര്യം തന്നെയാണ് ഏറ്റവും വലിയ കൈമുതൽ. പാരമ്പര്യചിട്ടകളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല.
പേര്: പൂമുള്ളിമന
സ്ഥലം: പെരിങ്ങോട്, പട്ടാമ്പി
പഴക്കം: 100 വർഷത്തിലധികം
ഇപ്പോഴുള്ള സൗകര്യങ്ങൾ: ആയുർവേദ ചികിത്സാകേന്ദ്രം. പത്തായപ്പുരയിലും പുതിയതായി നിർമിച്ച രണ്ട് കെട്ടിടങ്ങളിലുമായാണ് സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.
ചിത്രങ്ങൾ: ഹരികൃഷ്ണൻ