ലച്ചുവിന്റെ വീട്ടുവിശേഷങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ കുടുംബസദസ്സിലെ സ്ഥിരം അതിഥിയാണ് ലച്ചു എന്ന ജൂഹി റുസ്തഗി. ജൂഹിയുടെ വീട്ടുവിശേഷങ്ങളിലേക്ക്...

ഞാൻ പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ്. അച്ഛൻ രഘുവീർ ശരൺ റുസ്തഗിക്ക് എറണാകുളത്ത് ബിസിനസായിരുന്നു. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെത്തന്നെ തേടിപ്പിടിച്ച് വിവാഹം കഴിച്ചു. അതാണ് ഭാഗ്യലക്ഷ്മി എന്ന എന്റെ അമ്മ. എനിക്കൊരു ചേട്ടനുമുണ്ട്. പേര് ചിരാഗ്. ഇപ്പോൾ എൻജിനീയറിങ് കഴിഞ്ഞു ജോലിക്ക് ശ്രമിക്കുന്നു.

അപ്രതീക്ഷിതമായി ഒരു സുഹൃത്ത് വഴിയാണ് ഞാൻ മിനിസ്ക്രീനിലേക്കെത്തുന്നത്. അതാണ് ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ഇപ്പോൾ അഭിനയത്തിനിടയിലും ഞാൻ ഫാഷൻ ഡിസൈനിങ്  പഠിക്കുന്നുണ്ട്. അതുകഴിഞ്ഞാൽ ഒരു ബുട്ടീക് തുടങ്ങണം. അതുകഴിഞ്ഞാൽ എയർ ഹോസ്റ്റസ് ആകണമെന്നാണ് എന്റെ ആഗ്രഹം.

മറക്കാനാകാത്ത ആ വീട്... 

അച്ഛന് ബിസിനസ് ആയിരുന്നതുകൊണ്ട് സ്ഥിരം യാത്രകളായിരുന്നു. അതുകൊണ്ട് ജനിച്ചത് കേരളത്തിലാണെങ്കിലും ഞാനും ചേട്ടനും വളർന്നത് കന്യാകുമാരി മുതൽ ദൽഹി വരെയുള്ള പല വാടകവീടുകളിൽ ആയിരുന്നു. ഇതിനിടയ്ക്കായിരുന്നു അച്ഛന്റെ മരണം. അതൊരു വലിയ ശൂന്യതയായിരുന്നു. കുറച്ചുകാലമെടുത്തു അതുമായി പൊരുത്തപ്പെടാൻ.

താമസിച്ച വീടുകളിൽ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത് ചോറ്റാനിക്കരയ്ക്കടുത്ത് എരുവേലി എന്ന സ്ഥലത്ത് താമസിച്ച വീടാണ്. ഒരു നാട്ടുമ്പുറമായിരുന്നു. നല്ല സ്നേഹമുള്ള അയൽക്കാർ. സമയപ്രായത്തിലുള്ള നിരവധി കൂട്ടുകാർ. കളികൾ. വീട്ടിൽ ആ സമയത്ത് ആടും കോഴിയുമൊക്കെയുണ്ടായിരുന്നു. അതു വിട്ടുപിരിയുമ്പോൾ നല്ല വിഷമമായിരുന്നു.

അവധിക്കാലത്തെ വീട്...

അച്ഛന്റെയും അമ്മയുടെയും വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ടുപേർക്കും ഏഴു വീതം സഹോദരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും പലവഴിക്ക് പിരിഞ്ഞു പല നാടുകളിൽ താമസമാക്കി. അച്ഛന്റെ നാട് രാജസ്ഥാൻ ആണെങ്കിലും അവിടെ ഇപ്പോൾ അധികം ബന്ധുക്കളില്ല. കൂടുതൽപേരും ദൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് സ്ഥിരതാമസമാക്കിയത്. അമ്മയുടെ തറവാട് ചോറ്റാനിക്കരയായിരുന്നു. എന്റെ സ്‌കൂൾ അവധിക്കാലത്തെ ഓർമകളിൽ കൂടുതലും അമ്മയുടെ തറവാട്ടിലെ ഒത്തുചേരലുകളായിരുന്നു. ഓണത്തിനും വിഷുവിനുമൊക്കെ ഞങ്ങൾ കുട്ടിപ്പട്ടാളം ഒത്തുകൂടും. പിന്നെ വിശാലമായ പറമ്പു കയറിയിറങ്ങി നടക്കും. ഓണത്തിന് ഊഞ്ഞാലാട്ടവും വിഷുവിനുള്ള പടക്കം പൊട്ടിക്കലുമൊക്കെ ഇപ്പോഴും ഓർക്കാൻ സുഖമുള്ള ഓർമകളാണ്.

രണ്ടു കുടുംബങ്ങൾ...

ഉപ്പും മുളകിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് മൂന്നുവർഷമായി. കാക്കനാട് വാഴക്കാലയുള്ള ഒരു വീട്ടിലാണ് ഷൂട്ട്. ഇപ്പോൾ ആ വീടും കുടുംബവും സ്വന്തം വീടുപോലെയാണ്. ഞാനും അമ്മയും ചേട്ടനും ഇപ്പോൾ താമസിക്കുന്നത് ഇരുമ്പനത്താണ്. ഷൂട്ടിങ്ങിന്റെ സൗകര്യത്തിനായി ഞങ്ങൾ കാക്കനാടുള്ള വാടകവീട്ടിലേക്ക്  താമസം മാറാനുള്ള ഒരുക്കത്തിലാണ്. 

സ്വപ്നവീട്...

ഞങ്ങളുടെ വലിയൊരു സ്വപ്നമാണ് സ്വന്തമായൊരു വീട്. പിന്നെ കേരളം വിടണം. മറ്റേതെങ്കിലും നഗരത്തിൽ കൂടുകൂട്ടണം. ജീവിതത്തിലെ ഭൂരിഭാഗവും ഇവിടുത്തെ വാടകവീടുകളിൽ ആയിരുന്നല്ലോ ചെലവഴിച്ചത്. ഇത്രയും കാലം ചെറിയ സൗകര്യങ്ങളിൽ കഴിഞ്ഞതുകൊണ്ട് ചെറിയ വീടുകളോടാണ് ഇഷ്ടം. ഫ്ളാറ്റുകളോട് താൽപര്യമില്ല. മണ്ണിൽ ചവിട്ടി നടക്കാനാകണം. ധാരാളം കാറ്റും വെളിച്ചവും കയറണം. ചുറ്റിലും പച്ചപ്പും മരങ്ങളും ഉണ്ടാകണം. ഇടയ്ക്കിടയ്ക്ക് കേരളത്തിൽ വരണം. അങ്ങനെ ചെറിയ ആഗ്രഹങ്ങൾ... കുറച്ചു കാശ് സമ്പാദിച്ചു അതുപോലെ ഒരുവീട് പണിയുന്നതിനായി കാത്തിരിക്കുകയാണ് ഞാനും അമ്മയും ചേട്ടനും.